പുലാമന്തോൾ: ഗതാഗത നിരോധന ബോർഡുകളിലെ ഭാഷയറിയാതെ ഇതര സംസ്ഥാന വാഹന ജീവനക്കാർ നട്ടം തിരിയുന്നു. പുലാമന്തോൾ കുന്തിപ്പുഴ പാലം നവീകരണത്തിന്റെ ഭാഗമായി ഗതാഗതം നിരോധിച്ചത് അറിയിക്കുന്ന ബോർഡുകളിലെ മലയാള ഭാഷയറിയാത്തതാണ് ഇവർക്ക് വിനയാവുന്നത്.
പുലാമന്തോൾ, വിളയൂർ ടൗണുകളിലും കൂടാതെ വാഹനങ്ങൾ തിരിഞ്ഞു പോകേണ്ട കട്ടുപ്പാറ, കൊപ്പം തുടങ്ങിയ ഭാഗങ്ങളിലും മറ്റും സ്ഥാപിച്ച ബോർഡുകളെല്ലാം മലയാളത്തിലാണ്.
മലപ്പുറം-പെരിന്തൽമണ്ണ ഭാഗങ്ങളിൽ നിന്നും പുലാമന്തോൾ പാലം വഴിയും തിരിച്ചും കടന്ന് പോയിരുന്ന ദീർഘദൂര ചരക്ക് വാഹനങ്ങളിലെ ഡ്രൈവറും ജീവനക്കാരും ഇതര സംസ്ഥാനക്കാരാണധികവും.
ബോർഡുകൾ എന്താണെന്നറിയാതെ നിരവധി ചരക്ക് വാഹനങ്ങളാണ് രണ്ടു ദിവസമായി പുലാമന്തോളിലും വിളയൂരിലുമെത്തിപ്പെട്ട ശേഷം തിരിച്ചു പോവാൻ വഴിയറിയാതെ നട്ടം തിരിഞ്ഞത്. ബുധനാഴ്ച രാത്രി ഏറെ വൈകിയും ഗതാഗത നിരോധന മേഖലയിലെത്തിയ വാഹനങ്ങൾക്ക് വഴി പറഞ്ഞ് മനസ്സിലാക്കി കൊടുക്കേണ്ടുന്ന ഗതികേടിലായിരുന്നു പുലാമന്തോൾ - വിളയൂർ നിവാസികൾ. അതേസമയം, കട്ടുപ്പാറ, പുലാമന്തോൾ, കൊപ്പം, വിളയൂർ ഭാഗങ്ങളിൽ മലയാളത്തിൽ എഴുതി സ്ഥാപിച്ച ഗതാഗത നിരോധിത ബോർഡ് കാണാതെ മലയാളി ഡ്രൈവർമാരും.
ബുധൻ, വ്യാഴം ദിവസങ്ങളിൽ പെരുമ്പാവൂരിലേക്കും മറ്റും ലോഡുമായെത്തിയ മലയാളി ഡ്രൈവർമാരും മുന്നറിയിപ്പ് ബോർഡ് കാണാതെയെത്തി ഗതാഗതപ്രശ്നമുണ്ടാക്കുന്നു.
ഇതിനിടെ വ്യാഴാഴ്ച വൈകുന്നേരം കട്ടുപ്പാറയിൽ നിന്ന് വണ്ടും തറ - കൊപ്പം വഴി ചേർത്തല പോവേണ്ടിയിരുന്ന കെ.എസ്.ആർ.ടി.സി ബസും പുലാമന്തോൾ പാലത്തിനരികെ വന്ന് തിരിച്ച് പോവുകയുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.