തിരുവനന്തപുരം: 1966 മുതൽ 58 വർഷം നീണ്ടുനിന്ന ബന്ധമാണ് പി. ജയചന്ദ്രനുമായി എനിക്കുള്ളത്. വിട പറഞ്ഞത് എന്റെ അനിയനാണ്. എന്നെക്കാൾ നാലു വയസ്സിന് ഇളയവനാണ്. ഒരുമിച്ച് സിനിമാലോകത്തെത്തിയ ഞങ്ങൾ വളരെ വേഗം സുഹൃത്തുക്കളായി. അത് അഞ്ചു പതിറ്റാണ്ട് കഴിഞ്ഞും തുടർന്നു. മരണവാർത്ത അറിഞ്ഞതു മുതൽ തകർന്നിരിക്കുകയാണ്.
ജയചന്ദ്രൻ എന്നും സ്നേഹിച്ചത് സംഗീതത്തെയായിരുന്നു. സംഗീതം ജീവനായിരുന്നു. കഴിഞ്ഞ രണ്ടു വർഷമായി സുഖമില്ലാതിരിക്കുകയായിരുന്നു. അപ്പോഴും 2024ൽ എനിക്കായി മൂന്ന് പാട്ടുകൾ പാടിത്തന്നു. എല്ലാ ഗായകരുടെയും പാട്ട് കേൾക്കും. മറ്റ് ഗായകരുടെ പാട്ടുകളെ കുറിച്ചാണ് അദ്ദേഹം കൂടുതലും സംസാരിക്കുക.
മറ്റ് പാട്ടുകാരെ വാഴ്ത്തുന്നതിൽ ഒരു മടിയുമില്ല. കർണാടക സംഗീതം അത്രയേറെ പഠിച്ചിട്ടില്ലെങ്കിലും സെമി ക്ലാസിക്കൽ ഗാനങ്ങൾ മനോഹരമായി ആലപിക്കുമായിരുന്നു. ഏത് പാട്ടായാലും അതിൽ ഭാവം കൊണ്ടുവരാൻ ജയൻ മുന്നിൽതന്നെയായിരുന്നു. ജയചന്ദ്രനുവേണ്ടി ഏറ്റവും കൂടുതൽ പാട്ടുകൾ എഴുതിയ ഗാനരചയിതാവ് ഞാനാണെന്ന് പറയുന്നതിൽ എനിക്ക് അഭിമാനമേയുള്ളൂ.
ഞങ്ങൾ പരിചയപ്പെട്ട് അധികം വൈകും മുമ്പായിരുന്നു എന്റെ അനിയത്തിയുടെ വിവാഹം. അത് സ്വന്തം സഹോദരിയുടെ വിവാഹം പോലെ വന്ന് ഗാനമേള നടത്തിയ ആളാണ് ജയചന്ദ്രൻ. ഹൃദയേശ്വരി നിൻ നെടുവീർപ്പിൽ, സന്ധ്യക്കെന്തിന് സിന്ദൂരം, ചന്ദനത്തിൽ കടഞ്ഞെടുത്തൊരു, രാജീവനയനേ നീയുറങ്ങൂ, സ്വർണഗോപുര നർത്തകീശിൽപം തുടങ്ങി എണ്ണിയാലൊടുങ്ങാത്ത ഗാനങ്ങളാണ് ഞാൻ എഴുതി ജയചന്ദ്രൻ ആലപിച്ചത്.
രണ്ടാഴ്ച മുമ്പും വിളിച്ചിരുന്നു. അന്ന് സുഖമില്ലെന്ന് പറഞ്ഞു. ഇതിനിടെ, ഒന്ന് വീണെന്നും അറിഞ്ഞു. പിന്നീട് എന്നെത്തേടി എത്തുന്നത് വിയോഗ വാർത്തയാണ്. താങ്ങാനാകുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.