പാലക്കാട്: ആർ.എസ്.എസ് നേതാവ് ശ്രീനിവാസൻ വധക്കേസിൽ 17പ്രതികൾക്ക് ഹൈകോടതിയിൽ നിന്നും ജാമ്യം കിട്ടിയ വിഷയത്തിൽ മറുപടി പറയേണ്ടത് ബി.ജെ.പി നേതൃത്വമാണെന്ന് സന്ദീപ് വാര്യർ. ഈ വിഷയം തെരഞ്ഞെടുപ്പിന്റെ ഇടവേളയിൽ തന്നെ ഞാൻ ഉന്നയിച്ചതാണ്. പ്രൊസിക്യൂഷന്റെ ഭാഗത്ത് നിന്നും വലിയ വീഴ്ചയുണ്ടായി.
അതാണിപ്പോൾ സുപ്രീം കോടതിയും പറഞ്ഞിട്ടുള്ളത്. ശ്രീനിവാസൻ വധക്കേസിൽ പ്രതികളായ 17 പി.എഫ്.ഐ പ്രവർത്തകർക്കും ജാമ്യം നൽകിയ ഹൈകോടതി വിധിക്കെതിരെ സുപ്രിംകോടതി രംഗത്ത് വന്നിരിക്കുകയാണ്. എല്ലാ പ്രതികൾക്കും ജാമ്യം നൽകിയതിൽ ഹൈകോടതിക്ക് പിഴവ് പറ്റിയെന്നാണ് സുപ്രിംകോടതിയുടെ നിരീക്ഷണം. ഈ സാഹചര്യത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മുൻ ബി.ജെ.പി നേതാവ് കൂടിയായ സന്ദീപ് വാര്യർ.
ഹൈകോടതിയിൽ താരതമ്യേന ജൂനിയറായ ആളാണ് ഹാജരായത്. അതാണ്, യു.എ.പി.എ കേസിൽ ജാമ്യം നേടുന്ന സാഹചര്യം ഉണ്ടാക്കിയത്. ഇക്കാര്യത്തിൽ കൃത്യമായ മറുപടി പറയേണ്ടത് കേരളത്തിലെ ബി.ജെ.പി നേതൃത്വം തന്നെയാണ്. ഈ കേസ് അന്വേഷിച്ചത് എൻ.ഐ.എയാണ്. അതാകട്ടെ, കേന്ദ്ര സർക്കാറിന്റെ കീഴിലുള്ള അന്വേഷണ ഏജൻസിയാണ്. കേരളത്തിൽ കേസ് നടത്തുന്ന വേളയിൽ നടന്ന ഗുരുതരമായ വീഴ്ചയുണ്ടായി.
അതൊരു വീഴ്ചയാണോ ആസുത്രിതമായി നടന്നതാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഹൈകോടതിയിൽ നിന്നും പ്രതികൾക്ക് ജാമ്യം ലഭിച്ചപ്പോൾ തന്നെ സംശയം ഉന്നയിച്ചതാണെന്നും സന്ദീപ് വാര്യർ പറഞ്ഞു. ഇതിൽ, ബി.ജെ.പി നേതൃത്വം മറുപടി പറയാൻ സാധ്യതയില്ല. പകരം എനിക്കെതിരെ ആക്ഷേപം ചൊരിയുകയാണുണ്ടാവുക. എന്തായാലും ആരാണ് ഒത്തുകളിച്ചതെന്ന് ബി.ജെ.പി നേതൃത്വമാണ് പറയേണ്ടതെന്നും സന്ദീപ് വാര്യർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.