അത്യപൂർവ സാഹചര്യങ്ങളിലൂടെ പത്താം ക്ലാസ് പരീക്ഷ എഴുതുന്ന കുട്ടികൾക്ക് ഏറ്റവും മികച്ച പിന്തുണ സംവിധാനങ്ങൾ ഒരുക്കിയായിരുന്നു പൊതുവിദ്യാഭ്യാസ വകുപ്പ് ആത്മവിശ്വാസം പകർന്നു നൽകിയത്. മോഡൽ പരീക്ഷ എഴുതി കഴിഞ്ഞപ്പോൾ ഫോക്കസ് ഏരിയയുടെ പ്രാധാന്യം കുട്ടികൾക്ക് ബോധ്യപ്പെട്ടിരുന്നു.
പരീക്ഷയുടെ അവസാന ലാപ്പിൽ നിൽക്കുന്ന വേളയിൽ ജീവശാസ്ത്ര വിഷയവും കുട്ടികളെ വലച്ചില്ല. A+ നേടാനുള്ള പരമാവധി സാധ്യതകൾ ചോദ്യപേപ്പറിൽ ഉണ്ടായിരുന്നു. പിന്നാക്ക നിലവാരക്കാർക്കും താരതമ്യേന മികച്ച സ്കോർ നേടാൻ സഹായിക്കുന്ന ചോദ്യപേപ്പർ തന്നെയായിരുന്നു. ശരാശരി നിലവാരത്തിലുള്ള കുട്ടികൾക്ക് ചില ചോദ്യങ്ങൾ പ്രയാസമായി അനുഭവപ്പെട്ടു എന്നും കുട്ടികൾ സാക്ഷ്യപ്പെടുത്തുന്നു.
ആദ്യ പത്ത് ചോദ്യങ്ങളിൽ മൂന്ന് എണ്ണവും ഫോക്കസ് ഏരിയക്ക് പുറത്തുനിന്നായിരുന്നു എന്നത് ചിലരിൽ ആത്മവിശ്വാസ കുറവ് സൃഷ്ടിക്കാൻ ഒരു കാരണമാകാം. എങ്കിലും ലഘുവായിരുന്നു, ഒരു മാർക്കിനുള്ള ആദ്യ പത്ത് ചോദ്യങ്ങളും.
പന്ത്രണ്ടാമത്തെ ചോദ്യത്തിൽ അടിവരയിട്ട പദത്തിനാണ് പ്രാധാന്യമെങ്കിലും ആദ്യത്തെ പ്രസ്താവന ആവർത്തിച്ച് വായിച്ചാൽ മാത്രം മനസ്സിലാകുന്ന രീതിയിൽ സങ്കീർണ സ്വഭാവം പുലർത്തുന്നു.
'RNAയുടെ പ്രാധാന്യവും നാഡീവ്യവസ്ഥയുടെ തകരാറും' പ്രതീക്ഷിച്ച ചോദ്യങ്ങൾ തന്നെയായി. പതിനാറാം ചോദ്യവും എല്ലാവരും തിരഞ്ഞെടുക്കാൻ സാധ്യതയുള്ളത് തന്നെയാണ്. പാഠപുസ്തകത്തിൽ 'ജൈവകണികകൾ' എന്നുപയോഗിച്ചതിനാൽ ചോദ്യപേപ്പറിലും അതേ പദം തന്നെ ഉപയോഗിക്കാമായിരുന്നു. പതിനെട്ടാമത്തെ ചോദ്യത്തിലെ അച്ചടിപ്പിശക് കുട്ടികളെ ബാധിക്കുന്നതല്ലെങ്കിലും ഒരു പൊതുപരീക്ഷക്ക് ചേർന്നതല്ല. ഇരുപത്തിരണ്ടാമത്തെ ചോദ്യത്തിെൻറ (b) ഭാഗവും ഇരുപത്തി നാലാമത്തെ ചോദ്യത്തിെൻറ (a) ഭാഗവും ശരാശരി നിലവാരക്കാർക്ക് അൽപം ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. എന്നാൽ, തിരഞ്ഞെടുക്കാൻ മറ്റു ചോദ്യങ്ങളുണ്ടായിരുന്നു എന്നത് ആശ്വാസകരം.
മുപ്പത്തി നാലാമത്തെ ചോദ്യത്തിൽ വന്ന പിശക് കുട്ടികൾ വ്യാപകമായി ചർച്ചചെയ്തു. ചിത്രീകരണത്തിൽ വന്ന പിശക് അതിലെ ഉപചോദ്യങ്ങളേയും ബാധിക്കുന്നതായി മാറി. ചിത്രം വരക്കാൻ നൽകിയത് കണ്ണിെൻറ ഘടനയായിരുന്നെങ്കിലും അടയാളപ്പെടുത്താൻ ലഭിച്ചത് ലഘുവായ സൂചകങ്ങൾ ആയിരുന്നു.
മോഡൽ പരീക്ഷയോളം ലളിതമായില്ല എന്ന് കുട്ടികൾ അഭിപ്രായപ്പെടുന്നുണ്ടെങ്കിലും ഫോക്കസ് ഏരിയക്ക് പുറത്തുനിന്നുള്ള പാഠഭാഗങ്ങളേയും നേരത്തെ നിശ്ചയിച്ച സ്കോറിെൻറ സന്തുലിതാവസ്ഥയും നിലനിർത്തി സമ്മർദമില്ലാതെ പരീക്ഷ എഴുതാൻ കുട്ടികളെ സഹായിക്കുന്നതായിരുന്നു ജീവശാസ്ത്രം പരീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.