സ്റ്റാൻഡേർഡ് ഗേജ് ജപ്പാൻ ബാങ്ക് വായ്പക്കു വേണ്ടിയല്ല -കെ റെയിൽ

തിരുവനന്തപുരം: സിൽവർ ലൈനിന് ജപ്പാൻ ബാങ്കായ ജൈക്കയിൽനിന്ന് 18,892.5 കോടി രൂപ മാത്രമാണ് വായ്പയെടുക്കാൻ ഉദ്ദേശിക്കുന്നതെന്ന് കെ- റെയിൽ അറിയിച്ചു. ഇത് മൊത്തം പദ്ധതി ചെലവിന്‍റെ 29 ശതമാനം മാത്രമാണ്. ഇതിന് പുറമെ എ.ഡി.ബി, എ.ഐ.ഐ.ബി പോലുള്ള മറ്റ് അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളില്‍നിന്നും വായ്പയെടുക്കാന്‍ ഉദ്ദേശിക്കുന്നു. കേന്ദ്രവും ജപ്പാന്‍ സർക്കാറും തമ്മിലുള്ള ഉഭയകക്ഷി കരാറിന്‍റെ അടിസ്ഥാനത്തിലാണ് ജൈക്കയില്‍നിന്നുള്ള വായ്പയെന്നും കെ-റെയിൽ അറിയിച്ചു.

ജപ്പാനില്‍നിന്ന് വായ്പയെടുക്കാനാണ് സ്റ്റാന്‍ഡേര്‍ഡ് ഗേജില്‍ സില്‍വർ ലൈന്‍ നിര്‍മിക്കുന്നതെന്ന വാദം ശരിയല്ല. സ്ഥിരത, സാധ്യമായ വേഗം, വളവുകളില്‍ ചലിക്കാവുന്ന കൂടിയ വേഗം, നിര്‍മാണ ചെലവ് എന്നിവ കണക്കിലെടുത്ത് മിക്ക രാജ്യങ്ങളും ഉയര്‍ന്ന വേഗമുള്ള ലൈനുകള്‍ക്ക് സ്റ്റാന്‍ഡേര്‍ഡ് ഗേജാണ് ഉപയോഗിക്കുന്നത്. ചുരുക്കം ചില രാജ്യങ്ങളൊഴിച്ചാല്‍ എല്ലാ അതിവേഗ റെയില്‍ പാതകളും സ്റ്റാന്‍ഡേര്‍ഡ് ഗേജാണ്. ഇന്ത്യന്‍ റെയില്‍വേ ശൃംഖല ബ്രോഡ്‌ഗേജാണ്. അതിൽ 160 കിലോമീറ്ററില്‍ കൂടുതല്‍ വേഗത്തില്‍ ട്രെയിന്‍ ഓടിക്കാൻ സംവിധാനമില്ല. അതിൽ കൂടുതൽ വേഗത്തിൽ ഓടിക്കാൻ പുതിയ നിലവാരങ്ങളും മാനദണ്ഡങ്ങളും വേണം.

ഇന്ത്യയിലെ പുതിയ ഹൈ സ്പീഡ്, സെമി ഹൈ സ്പീഡ് പ്രോജക്ടുകള്‍ക്ക് സ്റ്റാന്‍ഡേര്‍ഡ് ഗേജ് പാതയാണുള്ളത്. നിര്‍മാണത്തിനാവശ്യമായ സാങ്കേതിക വിദ്യകളും നിര്‍മാണ കമ്പനികളും ഇന്ത്യയില്‍തന്നെയുണ്ട്. റോളിങ് സ്‌റ്റോക്കുകള്‍ (ട്രെയിനുകള്‍) മേക് ഇന്‍ ഇന്ത്യ പദ്ധതിയില്‍പെടുത്തി ഇന്ത്യയില്‍തന്നെ നിര്‍മിക്കാന്‍ പറ്റും. പ്രധാനപ്പെട്ട പ്രവൃത്തികളും നിര്‍മാണ വസ്തുക്കളുടെ സംഭരണവും സുതാര്യമായ അന്താരാഷ്ട്ര ടെൻഡര്‍ നടപടികളിലൂടെയാണ് ഏജന്‍സികളെ ഏല്‍പിക്കുക. കണിശമായ അഴിമതിവിരുദ്ധ നയങ്ങൾ പാലിച്ചായിരിക്കും ടെൻഡര്‍ നടപടികള്‍. സുതാര്യമായ രീതിയിലായിക്കും ഇടപാടുകളെന്നും കെ-റെയിൽ വിശദീകരിച്ചു.

Tags:    
News Summary - Standard gauge not for Japan Bank loan -K-Rail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.