കൊല്ലം: നാടിന് ആഘോഷമായി സംസ്ഥാന സ്കൂൾ കലോത്സവ ഒരുക്കം അവസാന ലാപ്പിൽ. ആശ്രാമം മൈതാനത്ത് പ്രധാന വേദിയുടെയും ക്രേവൻ എച്ച്.എസ്.എസിൽ ഊട്ടുപുരയുടെയും പന്തൽ നിർമാണം പൂർത്തിയായി.
ഊട്ടുപുരയിൽ കലക്ടർ എൻ.ദേവിദാസ്, സിറ്റി പൊലീസ് കമീഷണർ വിവേക് കുമാർ ഉൾപ്പെടെയുള്ളവർ തിങ്കളാഴ്ച ഒരുക്കം വിലയിരുത്തി. കലവറയിൽ പാലുകാച്ചൽ ബുധനാഴ്ച രാവിലെ നടക്കും. സ്വർണകപ്പ് ചൊവ്വാഴ്ച രാവിലെ കോഴിക്കോട് നിന്ന് കൊല്ലത്തേക്ക് ‘യാത്ര തിരിക്കും’. കോഴിക്കോട് ട്രഷറിയിൽ സൂക്ഷിച്ച കപ്പ് മന്ത്രി മുഹമ്മദ് റിയാസ് കൊല്ലത്തിന്റെ പ്രതിനിധികൾക്ക് കൈമാറും. മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം ജില്ലകളിൽ സ്വീകരണം ഏറ്റുവാങ്ങി ഇടുക്കിയിൽ രാത്രിവിശ്രമം. ബുധനാഴ്ച കോട്ടയം, പത്തനംതിട്ട, ആലപ്പുഴ വഴി കൊല്ലത്തെത്തിക്കും. ഉച്ചക്ക് 1.30ന് കുളക്കടയിൽ മന്ത്രി കെ.എൻ.ബാലഗോപാൽ കപ്പ് ഏറ്റുവാങ്ങും. കുളക്കട ഗവ. ഹൈസ്കൂളിലാണ് ആദ്യ സ്വീകരണം. തുടർന്ന് കൊട്ടാരക്കര മാര്‍ത്തോമാ ഹൈസ്കൂള്‍, കൊട്ടാരക്കര പൊലീസ് സ്റ്റേഷന്, നെടുവത്തൂര്‍ ജങ്ഷന്, എഴുകോണ്‍, കുണ്ടറ ആറുമുറിക്കട, കുണ്ടറ ആശുപത്രി മുക്ക്, മുക്കട ജങ്ഷന്, ഇളമ്പള്ളൂര്‍ ജങ്ഷന്, കേരളപുരം ഹൈസ്കൂള്‍, ശിവറാം എന്‍.എസ്.എസ്.എച്ച്.എസ്.എസ് കരിക്കോട്, ടി.കെ.എം.എച്ച്.എസ്.എസ് കരിക്കോട്, മൂന്നാം കുറ്റി, കോയിക്കല്‍, രണ്ടാം കുറ്റി, കടപ്പാക്കട എന്നിവിടങ്ങളില്‍ കപ്പിന് സ്വീകരണം ഒരുക്കും. കൊല്ലം നഗര പ്രദക്ഷിണം കഴിഞ്ഞ് വൈകിട്ട് 6.30ന് ആശ്രാമം ഒന്നാം വേദിയിൽ സ്വർണ കപ്പ് എത്തിക്കും. തുടർന്ന് ജില്ല ട്രഷറിയിലാണ് കപ്പ് സൂക്ഷിക്കുക.
ബുധനാഴ്ച ക്രേവൻ ഹൈസ്കൂളില്‍ ഊട്ടുപുര പ്രവര്‍ത്തനം ആരംഭിക്കുന്നതിന് മുന്നോടിയായി കലവറ നിറക്കൽ പരിപാടിക്ക് മന്ത്രി വി.ശിവൻകുട്ടി തുടക്കമിട്ടു. ‘മേളക്കൊരു നാളികേരം’ പേരിൽ തേങ്ങയാണ് പ്രധാനമായും ശേഖരിക്കുന്നത്. ചൊവ്വാഴ്ച അവധിയായതിനാൽ ബുധനാഴ്ച ഭക്ഷണ കമ്മിറ്റി പ്രതിനിധികള്‍ ഓരോ സ്കൂളുകളിലും അനുബന്ധപ്രദേശങ്ങളിലും എത്തി ഉൽപന്നങ്ങള് സ്വീകരിക്കും.
12 ബ്ലോക്കുകളായി തിരിച്ച് 2200 പേര്‍ക്ക് കഴിക്കാവുന്ന രീതിയിലാണ് ഭക്ഷണ പന്തല്‍ തയ്യാറാക്കിയിരിക്കുന്നത്. ഭക്ഷണ കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി.സി.വിഷ്ണുനാഥ് എം.എല്‍.എ, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഷാനവാസ്, ഭക്ഷണ കമ്മിറ്റി കണ്‍വീനര്‍ ബി. ജയചന്ദ്രന് പിള്ള തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.