സംസ്ഥാന സ്‌കൂൾ കലോത്സവം: പ്രോഗ്രാം ഷെഡ്യൂൾ പുറത്തിറക്കി

തിരുവനന്തപുരം: 63ാമത് കേരള സ്‌കൂൾ കലോത്സവത്തിന്റെ പ്രോഗ്രാം ഷെഡ്യൂൾ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രകാശനം ചെയ്തു. ജനുവരി 4 മുതൽ 08 വരെ തിരുവനന്തപുരം നഗരത്തിലെ വിവിധ വേദികളിലാണ് നടക്കുക. ഹൈസ്‌കൂൾ വിഭാഗത്തിൽ നിന്നും 101, ഹയർസെക്കണ്ടറി വിഭാഗത്തിൽ നിന്നും 110, സംസ്‌കൃതോത്സവത്തിൽ 19, അറബിക് കലോത്സവത്തിൽ 19 ഇനങ്ങളിലായി ആകെ 249 ഇനങ്ങളിലായി 15000ൽപരം കലാ പ്രതിഭകളാണ് മത്സരങ്ങളിൽ മാറ്റുരയ്ക്കുന്നത്.

പ്രോഗ്രാം ഷെഡ്യൂൾ പ്രകാരം തിരുവനന്തപുരം നഗരത്തിലെ 25 വേദികളിലായാണ് കലാമത്സരങ്ങൾ അരങ്ങേറുന്നത്. പ്രസ്തുത വേദികൾക്ക് കേരളത്തിലെ നദികളുടെ പേരുകളാണ് നൽകിയിരിക്കുന്നത്. സെൻട്രൽ സ്‌റ്റേഡിയം, വിമൺസ് കോളേജ്, മണക്കാട് ഗവൺമെന്റ് എച്ച്.എസ്.എസ് തുടങ്ങിയ വേദികളിലായാണ് നൃത്ത ഇനങ്ങൾ അരങ്ങേറുക.

ടാഗോർ തീയേറ്ററിൽ നാടകവും, കാർത്തിക തിരുനാൾ തീയേറ്ററിൽ സംസ്‌കൃത നാടകം, ചവിട്ടു നാടകം എന്നിവയും ഗോത്ര കലകൾ നിശാഗന്ധി ഓഡിറ്റോറിയത്തിലും ബാന്റ്‌മേളം പട്ടം സെന്റ് മേരീസ് സ്‌കൂൾ ഗ്രൗണ്ടിലും നടത്തും. ഭക്ഷണം പുത്തരിക്കണ്ടം മൈതാനത്താണ് ക്രമീകരിച്ചിരിക്കുന്നത്.


വിവിധ സബ് കമ്മിറ്റികളുടെ ഓഫീസ്, രജിസ്‌ട്രേഷൻ എന്നിവ എസ്.എം.വി. സ്‌കൂളിലാണ് ക്രമീകരിച്ചിരിക്കുന്നത്. സംഘാടക സമിതി ഓഫിസ് ശിക്ഷക് സദനിൽ ഇതിനകം തന്നെ പ്രവർത്തനം ആരംഭിച്ചു. എല്ലാ വേദികളിലും 9.30 ന് തന്നെ മത്സരങ്ങൾ ആരംഭിക്കുന്നതിനുള്ള ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.

നഗരത്തിലെ മുപ്പതോളം സ്‌കൂളുകളെ താമസ കേന്ദ്രങ്ങളായി തെരഞ്ഞെടുത്തു. കലോത്സവ ചരിത്രത്തിൽ ആദ്യമായി അഞ്ച് ഗോത്ര നൃത്തരൂപങ്ങൾകൂടി ഈ വർഷത്തെ കലോത്സവത്തിന്റെ മത്സര ഇനങ്ങളാവുകയാണ്. മംഗലംകളി, പണിയ നൃത്തം, പളിയ നൃത്തം, മലപുലയ ആട്ടം, ഇരുള നൃത്തം എന്നിവയാണ് പുതുതായി ഉൾപ്പെടുത്തിയ തദ്ദേശീയ നൃത്തരൂപങ്ങൾ.

സ്വർണ്ണകപ്പിന്റെ ഘോഷയാത്ര ഡിസംബർ 31ന് കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട് നിന്ന് ആരംഭിച്ച് എല്ലാ ജില്ലകളിലൂടെയും പ്രയാണം പൂർത്തിയാക്കി രണ്ടായിരത്തി ഇരുപത്തിയഞ്ച് ജനുവരി 3 ന് രാവിലെ 10.00 മണിക്ക് തിരുവനന്തപുരം ജില്ലയുടെ അതിർത്തിയായ തട്ടത്ത്മലയിൽ വച്ച് വിശിഷ്ട വ്യക്തികളുടെ സാന്നിദ്ധ്യത്തിൽ സ്വീകരിച്ച് ഘോഷയാത്രയായി സെൻട്രൽ സ്റ്റേഡിയത്തിൽ എത്തിച്ചേരും.

ഇപ്പോൾ ഉള്ള ഷെഡ്യൂൾ ആകെ ഇനങ്ങളുടെ എണ്ണം അനുസരിച്ച് ക്രമപ്പെടുത്തിയതാണ്. അപ്പീലുകൾ വരുന്നതോടെ സമയക്രമത്തിൽ ചില മാറ്റങ്ങൾ ഉണ്ടാകാം. മത്സരം യഥാസമയം തുടങ്ങുന്നതിനും അവസാനിപ്പിക്കുന്നതിനും ചില കർശന നടപടികൾ കൈക്കൊള്ളേണ്ടതുണ്ട്. ഫസ്റ്റ് കോളും സെക്കന്റ് കോളും തേർഡ് കോളും ചെയ്തിട്ടും വരാത്ത ടീമുകളെ അയോഗ്യരാക്കുന്നതും പരിഗണനയിലാണെന്നും മന്ത്രി അറിയിച്ചു. 


Tags:    
News Summary - state school kalolsavam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.