ആലപ്പുഴ: പാതിമറഞ്ഞ ദൃഷ്ടിയിൽനിന്ന് ഒപ്പിയെടുത്ത കാഴ്ചകൾക്കെല്ലാം രൂപം നൽകുകയാണവൾ. പാഴ്വസ്തുക്കളോരോന്നും ആ കൈയിലെത്തുമ്പോൾ അതിമനോഹര നിർമിതികളായി മാറുന്നു. കാഴ്ചപരിമിതി ഈ ഏഴുവയസ്സുകാരിയുടെ കരവിരുതിൽ വിരിയുന്ന രൂപങ്ങളുടെ ചാരുതയെ ബാധിച്ചതുമില്ല. ആലപ്പുഴ എസ്.ഡി.വി സ്കൂൾ ഗ്രൗണ്ടിൽ കേരള സ്കൂൾ ശാസ്ത്രോത്സവത്തിന്റെ ഭാഗമായി നടന്ന സ്പെഷൽ സ്കൂൾ മേളക്കെത്തിയ ഏവരെയും അമ്പരപ്പിക്കുകയാണ് തൃശൂർ ജില്ലയിലെ മലക്കപ്പാറ ആദിവാസി കോളനിയിലെ ശിവന്യ ഷിബു എന്ന രണ്ടാം ക്ലാസുകാരി എ ഗ്രേഡും സ്വന്തമാക്കി. കാഴ്ചപരിമിതിക്കൊപ്പം മെലാനിന്റെ കുറവുമൂലമുണ്ടാകുന്ന ആൽബുനിസം എന്ന രോഗാവസ്ഥക്കും ഈ കൊച്ചുപെൺകുട്ടിയെ തളർത്താനായില്ല. .
മലക്കപ്പാറ ആദിവാസി കോളനിയിലെ കൂലിപ്പണിക്കാരനായ ഷിബുവിന്റെയും ആശ വർക്കറായ മാളുവിന്റെയും മൂത്തമകളാണ് ശിവന്യ. അഞ്ചു വയസ്സുകാരിയായ അനുജത്തിയും അനുജനമുണ്ട്. അച്ഛനും അനുജനും ആൽബനിസം രോഗബാധയുണ്ട്. ഈ വർഷം മുതലാണ് ആലുവ സ്കൂൾ ഫോർ ദ ബ്ലൈൻഡ് സ്കൂളിലെത്തിയത്.
പോഷകാഹാരക്കുറവുമൂലം പാരമ്പര്യമായി കിട്ടിയ അസുഖത്തിന്റെ നൊമ്പരങ്ങളൊന്നുമില്ലാതെയാണ് മത്സരിച്ചത്. കന്നിമത്സരം കാണാൻ മാതാപിതാക്കൾ കൂടെയില്ലെങ്കിലും അധ്യാപകരുടെ സഹായവും പിന്തുണയുമുണ്ട്. ആലുവയിലെ സ്കൂൾ ഹോസ്റ്റലിലാണ് താമസം. ബ്രെയിൻ ലിപിയും കമ്പ്യൂട്ടറും ഉപയോഗിച്ചുള്ള പഠനത്തിലും മികവ് പുലർത്തുന്നുണ്ട്. ക്രാഫ്റ്റ് അധ്യാപിക ബെറ്റിയാണ് പരിശീലനം നൽകിയത്. സ്പെഷൽ മേളയിൽ സ്കൂളിൽനിന്ന് 12 കുട്ടികളാണ് എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.