കൊച്ചി: അൺ എയ്‌ഡഡ്, സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികളുടെ ബസ് കൺസെഷൻ 30 ശതമാനമാക്കി നിജപ്പെടുത്തിയ കെ.എസ്.ആർ.ടി.സി തീരുമാനത്തിന് ഹൈകോടതിയുടെ സ്റ്റേ. 2023 ഫെബ്രുവരി 27ന് കെ.എസ്.ആർ.ടി.സി എം.ഡി നൽകിയ മെമ്മോറാണ്ടത്തിലെ ഈ വ്യവസ്ഥക്കെതിരെ കേരള സി.ബി.എസ്.ഇ സ്കൂൾ മാനേജ്മെന്റ് അസോസിയേഷനും രണ്ടു വിദ്യാർഥികളും നൽകിയ ഹരജിയിൽ ജസ്റ്റിസ് സി.എസ്. ഡയസിന്റെ ബെഞ്ചാണ് തീരുമാനം നടപ്പാക്കുന്നത് ഒരുമാസത്തേക്ക് സ്റ്റേ ചെയ്തത്.
അൺ എയ്‌ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്ക് 30 ശതമാനം കൺസെഷൻ മാത്രമേ അനുവദിക്കൂവെന്നാണ് കെ.എസ്.ആർ.ടി.സിയുടെ മെമ്മോറാണ്ടത്തിലെ നാലാമത്തെ വ്യവസ്ഥയിൽ പറയുന്നത്. ബാക്കി തുകയിൽ 35 ശതമാനം മാനേജ്‌മെന്റിന് വഹിക്കാനാവുമെന്നും വ്യക്തമാക്കിയിരുന്നു.
ഈ വ്യവസ്ഥ ചോദ്യംചെയ്താണ് ഹരജി. എയ്‌ഡഡ് സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്ക് കൂടിയ നിരക്കിൽ കൺസെഷൻ അനുവദിക്കുമ്പോൾ അൺ എയ്‌ഡഡ് സ്ഥാപനങ്ങളിലെ വിദ്യാർഥികളുടേത് വെട്ടിക്കുറക്കുന്നത് വിവേചനമാണെന്ന് ഹരജിക്കാർ വാദിച്ചു. ഈ വാദത്തിൽ പ്രഥമദൃഷ്ട്യ കഴമ്പുണ്ടെന്ന് വിലയിരുത്തിയാണ് സിംഗിൾബെഞ്ച് സ്റ്റേ അനുവദിച്ചത്. കെ.എസ്.ആർ.ടി.സിക്കും സർക്കാറിനും നോട്ടീസ് ഉത്തരവായ കോടതി ഹരജി വീണ്ടും ആഗസ്റ്റ് ഒമ്പതിന് പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.