1)സ്വർണം തട്ടിയ കേസിലെ ഒന്നാം പ്രതി മുൻ എം.എൽ.എ മാത്യു സ്റ്റീഫനും മൂന്നാം പ്രതി സുബൈറും ജനുവരി 27ന് ജ്വല്ലറിക്ക് മുന്നിൽ 2)കേസിലെ ഒന്നാം പ്രതി മുൻ എം.എൽ.എ മാത്യു സ്റ്റീഫനും രണ്ടാം പ്രതിയും ജനുവരി 28ന് ജ്വല്ലറിയിൽ എത്തി ഭീഷണിപ്പെടുത്തുന്ന ചിത്രം
തൊടുപുഴ: തൊടുപുഴയിലെ ജ്വല്ലറിയിൽനിന്ന് 10 ലക്ഷം രൂപയുടെ സ്വർണം തട്ടിയ കേസിൽ നിരപരാധിയാണെന്നും പാവപ്പെട്ടവരെ സഹായിക്കാനാണ് ശ്രമിച്ചതെന്നുമുള്ള മുൻ എം.എൽ.എ മാത്യു സ്റ്റീഫന്റെ വാദം തെറ്റാണെന്ന തെളിവുകൾ പുറത്ത്. തട്ടിപ്പ് നടന്ന മൂന്നുതവണയും മാത്യു സ്റ്റീഫൻ ജ്വല്ലറിയിൽ എത്തിയെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങൾ പുറത്തുവന്നു. തട്ടിപ്പിന് തുടക്കംകുറിച്ച ജനുവരി 17, സ്ത്രീയെ ഉപയോഗിച്ച് ഹണിട്രാപ് മോഡൽ പരാതി നൽകി 10 ലക്ഷത്തിന്റെ സ്വർണം തട്ടിയ ജനുവരി 27, ജ്വല്ലറിയിൽ നൽകിയ ചെക്കുകൾ തിരികെ വാങ്ങിയ ജനുവരി 28 തീയതികളിൽ മാത്യു സ്റ്റീഫനും കൂട്ടാളികളും ജ്വല്ലറിയിൽ എത്തിയ ചിത്രങ്ങൾ ‘മാധ്യമ’ത്തിന് ലഭിച്ചു.
ഒന്നാം പ്രതി മാത്യു സ്റ്റീഫനും മൂന്നാം പ്രതി സുബൈറും ജ്വല്ലറിക്ക് പുറത്ത് നോട്ടീസുമായി നിൽക്കുന്നതിന്റെയും രണ്ടാം പ്രതി ജിജിക്കൊപ്പം ജ്വല്ലറി ഉടമയെ ഭീഷണിപ്പെടുത്തുന്നതിന്റെയും അടക്കം ചിത്രങ്ങളാണ് പുറത്തുവന്നത്. ഹണിട്രാപ് രീതിയിൽ ജ്വല്ലറി ഉടമയെയും ജീവനക്കാരെയും കുടുക്കാനുള്ള പരാതിയുമായി ജിജി തൊടുപുഴ സ്റ്റേഷനിൽ എത്തിയപ്പോഴും മാത്യു സ്റ്റീഫൻ ഒപ്പമുണ്ടായിരുന്നുവെന്ന സൂചനകളുമുണ്ട്. തട്ടിപ്പിന് കൂട്ടുനിന്നിട്ടില്ലെന്നും പാവപ്പെട്ട പെൺകുട്ടിയുടെ വിവാഹത്തിന് സഹായിക്കുകയാണ് ചെയ്തതെന്നും പെൺകുട്ടിയുടെ അമ്മ ആവശ്യപ്പെട്ടപ്പോൾ ജ്വല്ലറിയിൽ വിളിച്ച് സൗകര്യങ്ങൾ ചെയ്തുകൊടുത്തുവെന്നുമായിരുന്നു മുൻ എം.എൽ.എ പറഞ്ഞിരുന്നത്. തട്ടിപ്പിന് തുടക്കം കുറിച്ച ജനുവരി 17, സ്വർണം വാങ്ങിയ ജനുവരി 27, ചെക്കുകൾ തിരികെ വാങ്ങിയ ജനുവരി 28 തീയതികളിൽ ജ്വല്ലറിയിൽ ചെന്നതിന്റെ വിവരങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർ ശേഖരിച്ചിട്ടുണ്ട്.
അതേസമയം, മൂന്നാം പ്രതി സുബൈറിന്റെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെത്തുടർന്ന് പൊലീസ് കോട്ടയം ജയിലിലേക്ക് മാറ്റി. രണ്ടും നാലും പ്രതികളെ കസ്റ്റഡിയിൽ ലഭിക്കാൻ ശ്രമിച്ചിരുന്നെങ്കിലും ആരോഗ്യ പ്രശ്നങ്ങളാൽ ലഭിച്ചില്ല. അടുത്തദിവസം തന്നെ ഇവരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്ത ശേഷമാകും തുടർ നടപടി. മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയതിന് കോട്ടയം പള്ളിക്കത്തോട് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ നേരത്തേ അറസ്റ്റിലായ സുബൈർ, ജിജി, പുരുഷോത്തമൻ എന്നിവർ ജയിലിലാണ്.
തൊടുപുഴ: ജ്വല്ലറിയിൽ ഹണി ട്രാപ് മോഡലിൽ സ്വർണം തട്ടിയെടുത്ത സംഭവത്തിൽ പൊലീസിനെ ഉപയോഗിക്കാനും പ്രതികളുടെ ശ്രമം. ഒന്നുമുതൽ മൂന്നുവരെ പ്രതികളായ മുൻ എം.എൽ.എ മാത്യു സ്റ്റീഫൻ, ജിജി, സുബൈർ എന്നിവരാണ് പൊലീസിൽ പരാതി നൽകി കൂടുതൽ തട്ടിപ്പിന് ശ്രമിച്ചത്. ജ്വല്ലറിയിൽ വെച്ച് സ്ത്രീത്വത്തെ അപമാനിച്ചെന്ന രീതിയിൽ ജിജി സ്റ്റേഷനിൽ നൽകിയ പരാതി ഉപയോഗിച്ചാണ് തട്ടിപ്പിന് ശ്രമിച്ചത്. പൊലീസുകാർ അന്വേഷണത്തിന് എത്തിയത് ചൂണ്ടിക്കാട്ടി ജ്വല്ലറി ഉടമയെയും ജീവനക്കാരെയും ഭീഷണിപ്പെടുത്താനും ശ്രമിച്ചു.
ജ്വല്ലറിയിലെ സി.സി.ടി.വിയിൽ ഇത്തരത്തിൽ ഒന്നും പൊലീസിന് കണ്ടെത്താനായില്ല. ഇതോടെ ജിജി പരാതിയില്ലെന്ന് വ്യക്തമാക്കിയെന്നും ഉദ്യോഗസ്ഥർ പറയുന്നു. തൊടുപുഴയിൽ പല വ്യാപാര സ്ഥാപനങ്ങളിലും ഇത്തരം തട്ടിപ്പ് ശ്രമങ്ങൾ നടന്നതായും സൂചനയുണ്ട്. ചില രാഷ്ട്രീയക്കാർവരെ തട്ടിപ്പിന് കൂട്ടുനിൽക്കുന്നതായി തൊടുപുഴ മർച്ചന്റ്സ് അസോസിയേഷൻ കഴിഞ്ഞദിവസം കുറ്റപ്പെടുത്തിയിരുന്നു. അതേസമയം, പൊലീസിൽ കൂടുതൽ പരാതി നൽകിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.