കോട്ടയം: സ്വപ്നവീടിന്റെ മുറ്റത്ത് സ്റ്റെഫിനായി കണ്ണീർപ്പന്തൽ ഉയരുമ്പോൾ ഉള്ളുരുകുംവേദനയിൽ ഇടിമാരിയിൽ കുടുംബം. ഇവരെ ചേർത്തുപിടിക്കാനാകാതെ പന്തൽക്കാലുകളിൽ മുഖം അമർത്തി ബന്ധുക്കളും വിതുമ്പുന്നു. കുവൈത്തിലെ തീപിടിത്തത്തിൽ മരിച്ച പാമ്പാടി ഇടിമാരിയില്‍ സ്റ്റെഫിൻ എബ്രഹാം സാബുവിന്റെ(29) വിയോഗം പുതിയ വീട്ടിലേക്ക് കാലെടുത്തുവെക്കാൻ കഴിയാതെ. പുതുതായി നിർമിക്കുന്ന വീടിന്റെ ഗൃഹപ്രവേശത്തിന് സഹോദരനൊപ്പം അടുത്തമാസം നാട്ടിലെത്താൻ ടിക്കറ്റ് ബുക്ക് ചെയ്തിരിക്കെയാണ് സ്റ്റെഫിന്റെ വിയോഗം. പുതിയ വീടിന്റെ മുറ്റത്ത് സംസ്കാരത്തിനായുള്ള പന്തൽ ഉയരുന്നത് നാടിന് കണ്ണീർക്കാഴ്ച.
പാമ്പാടി എം.ജി.എം സ്കൂളില്‍നിന്ന് അരകിലോമീറ്റര്‍ അകലെയാണ് സ്റ്റെഫിൻ പുതിയ വീട് നിര്‍മിക്കുന്നത്. ജൂലൈ അവസാനം ഗൃഹപ്രവേശം നടത്താൻ ലക്ഷ്യമിട്ട് ജോലികൾ അതിവേഗം പുരോഗമിക്കുകയായിരുന്നു. ഇസ്രായേലിൽ പഠനം നടത്തുന്ന മറ്റൊരു സഹോദരനും ഇതേ സമയത്ത് എത്താൻ തീരുമാനിച്ചിരുന്നു. ഈ കൂടിക്കാഴ്ചക്ക് സന്തോഷപൂർവം കാത്തിരിക്കുകയായിരുന്നു കുടുംബം. ഓണത്തോടെ സ്റ്റെഫിന്റെ വിവാഹവും നടത്താൻ ആലോചിച്ചിരുന്നു. ഇതിനിടെയാണ് ദുരന്തവാർത്ത.
ആറുമാസംമുമ്പ് നാട്ടിലെത്തി തിരിച്ചുപോയ സ്റ്റെഫിന് ചൊവ്വാഴ്ച രാത്രി വീട്ടിലേക്ക് വിഡിയോകാൾ ചെയ്തിരുന്നു. പുതുതായി ബുക്ക് ചെയ്ത കാറിന്റെ കാര്യം അന്വേഷിക്കുകയും ചെയ്തു. സ്റ്റെഫിന്റെ കാര്യങ്ങൾ പറഞ്ഞ് വിങ്ങിപ്പൊട്ടുന്ന മാതാവ് ഷേര്‍ളിയെ ആശ്വസിപ്പിക്കാന്‍ വാക്കുകളില്ലാതെ ഇടിമാരിയില്‍ വീട്ടിലെത്തിയവര്‍ പതറി. പിതാവ് സാബു ദീര്‍ഘനാളായി അർബുദചികിത്സയിലാണ്. അയ്മനം കല്ലുമട ഇടിമാരിയിൽ കുടുംബാംഗമായ സാബു വർഷങ്ങളായി പാമ്പാടി ടൗണിന് സമീപം വാടകക്ക് താമസിക്കുകയാണ്. സ്റ്റെഫിന്റെ പ്രവാസമാണ് ഇവരെ സ്വന്തം വീടെന്ന സ്വപ്നത്തിലേക്ക് അടുപ്പിച്ചത്.
എൻജിനീയറായി ജോലി നേടിയശേഷം കുവൈത്തിൽ താൻ ജോലി ചെയ്യുന്ന കമ്പനിയിലേക്ക് അനുജൻ ഫെബിനെയും കൊണ്ടുപോയി. സ്റ്റെഫിനൊപ്പമായിരുന്നു ജോലിയെങ്കിലും ഫെബിന്റെ താമസം മറ്റൊരു ഫ്ലാറ്റിലായിരുന്നു. ഇളയ സഹോദരന് കെവിന് ഇസ്രായേലില്‍ ഗവേഷണ വിദ്യാർഥിയാണ്. സ്റ്റെഫിന്റെ മരണവാര്‍ത്തയറിഞ്ഞ് കെവിന് നാട്ടിലേക്ക് തിരിച്ചു. കുവൈത്തിലും സഭാ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.