ഏത് ആൾക്കൂട്ടത്തിലും ശോഭീന്ദ്രൻ മാസ്റ്ററെ തിരിച്ചറിയാം. എവിടെയും പരിസ്ഥിതിയുടെ പച്ചപ്പായി അദ്ദേഹമുണ്ട്. തോളിൽ സ്ട്രാപ്പുള്ള ഫുൾസ്ലീവ് പച്ച ഷർട്ട്, പച്ച പാന്റ്സ്, പച്ചത്തൊപ്പി. യാത്ര ചെയ്യുന്നതുപോലും പച്ച പെയിൻറ് ചെയ്ത ബൈക്കിൽ. റെയിൻകോട്ട് പോലും പച്ച. 37 വർഷമായി പരിസ്ഥിതി സ്നേഹത്തിന്റെ അടയാളമാണ് ശോഭീന്ദ്രൻ മാസ്റ്റർ.
കോഴിക്കോട് ഗുരുവായൂരപ്പൻ കോളജിൽ സാമ്പത്തികശാസ്ത്രം അധ്യാപകനായിരിക്കെ ഒരു കൗതുകത്തിന് ധരിച്ചുതുടങ്ങിയ ഈ വേഷം പിന്നീട് ശീലമായി മാറുകയായിരുന്നുവെന്ന് മാസ്റ്റർ പറയുന്നു. കൂടെ പഠിച്ച പട്ടാളക്കാരൻ പണിക്കോട്ടിൽ അശോകൻ ഒരവധിക്ക് വന്നപ്പോൾ സമ്മാനമായി തന്നതായിരുന്നു ഒലീവ് ഗ്രീൻ ഷർട്ടും പാന്റ്സും. ഇതിൽ കൗതുകം തോന്നി ഇട്ടുനടക്കാൻ തുടങ്ങി. അടുത്ത തവണ അവധിക്ക് വരുമ്പോൾ രണ്ടുമൂന്ന് പച്ച വസ്ത്രങ്ങൾകൂടി കൊണ്ടുവരാൻ പറഞ്ഞു. ഇതോടെ ഇതു മാത്രമായി വസ്ത്രം.
ഒന്നിടുമ്പോൾ മറ്റേത് കഴുകിയിടും. പച്ച ശീലമായതോടെ മറ്റു നിറങ്ങളൊന്നും ഇടാൻ തോന്നിയില്ല. ഇതിനിടെ പട്ടാളത്തിൽ ചേർന്ന ശിഷ്യന്മാരും സുഹൃത്തുക്കളും കൂടുതൽ വസ്ത്രങ്ങൾ കൊണ്ടുവന്നു തന്നു. ആദ്യമൊക്കെ റെഡിമെയ്ഡ് വസ്ത്രങ്ങളായിരുന്നു ഉപയോഗിച്ചിരുന്നത്. പിന്നീട് തയ് പ്പിക്കാൻ തുടങ്ങി. കോർപറേഷൻ സ്റ്റേഡിയം ബിൽഡിങ്ങിൽ ഡയമണ്ട് ഡ്രസ്സസ് നടത്തിയിരുന്ന സോമനായിരുന്നു ആദ്യമൊക്കെ വസ്ത്രങ്ങൾ തയ്ച്ചത്. അദ്ദേഹത്തിന്റെ മരണശേഷം കോറണേഷൻ തിയറ്ററിന് സമീപത്തെ ഫെയ്മസ് ടൈലേഴ്സിലെ സജിയാണ് തയ്ക്കുന്നത്.
വിവാഹത്തിന് മുമ്പേ ഈ വസ്ത്രം ശീലമായതിനാൽ ഭാര്യക്കും കുട്ടികൾക്കും ഒന്നും പ്രശ്നമായില്ല. വന്യജീവി സംരക്ഷണ പ്രവർത്തകനായ കുരുവിള ഈപ്പനാണ് പച്ചത്തൊപ്പി ആദ്യം സമ്മാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.