ആലപ്പുഴ: നഗരത്തിൽ നാട്ടുകാരെ ഓടിച്ചിട്ട് കടിച്ച മൂന്ന് തെരുവുനായ്ക്കൾ ചത്തു. ഇതിൽ രണ്ടെണ്ണത്തിന് പേവിഷബാധയെന്ന് സ്ഥീരികരണം. തിങ്കളാഴ്ച കൊമ്മാടിയിലും പൂന്തോപ്പിലും വഴിയാത്രക്കാരടക്കം ഒമ്പതുപേരെ കടിച്ചശേഷം ചത്ത രണ്ട് തെരുവുനായ്ക്കളിലാണ് പേവിഷബാധ കണ്ടെത്തിയത്. ഞായറാഴ്ച തത്തംപള്ളിയിലും പുന്നമടയിലും സ്ത്രീകളും കുട്ടികളുമടങ്ങുന്ന 12 പേരെ കടിച്ച തെരുവ്നായ്ക്ക് പേവിഷബാധയില്ലെന്നും പരിശോധനയിൽ തെളിഞ്ഞു.
രണ്ടുദിവസമായി നഗരത്തിന്റെ വിവിധഭാഗങ്ങളിൽ കൂട്ടത്തോടെ കടിയേറ്റതിന് പിന്നാലെ പിടികൂടി നഗരചത്വരത്തിൽ പാർപ്പിച്ച തെരുവ്നായക്കളടക്കമാണ് ചത്തത്. തുടർന്ന് മൃഗസംരക്ഷണവകുപ്പിന്റെ നേതൃത്വത്തിൽ നായ്ക്കളുടെ ജഡം വിദഗ്ധ പരിശോധനക്കും പോസ്റ്റുമോർട്ടത്തിനുമായി തിരുവല്ല മാഞ്ഞാടിയിലെ കേന്ദ്രത്തിലേക്ക് അയച്ചു. വൈകീട്ട് ഫലമെത്തിയതോടെയാണ് പേവിഷബാധ സ്ഥീകരിച്ചത്. ഒരെണ്ണം തിങ്കളാഴ്ച രാവിലെ 10നും പേവിഷബാധ കണ്ടെത്തിയ നായ്ക്കൾ ഉച്ചയോടെയുമാണ് ചത്തത്.
ഞായറാഴ്ച രാവിലെ 7.30നായിരുന്നു ആദ്യസംഭവം. തത്തംപള്ളി പള്ളിക്ക് സമീപത്തായിരുന്നു തുടക്കം. പിന്നീട് പുന്നമട സ്റ്റാർട്ടിങ് പോയിന്റ് റോഡിലെ സ്വകാര്യറിസോർട്ടിലെ രണ്ട് ജീവനക്കാരെ കടിച്ചു. പ്രാർഥനക്ക് പള്ളിയിലേക്ക് പോയവർ, രണ്ട് വിദ്യാർഥികൾ, സൺഡേ സ്കൂൾ അധ്യാപിക എന്നിവരടക്കം നിരവധി പേരെയാണ് പട്ടി ഓടിച്ചിട്ട് കടിച്ചത്. ഇതിനിടെ ഒരു വളർത്തുനായ്ക്കും മറ്റൊരു തെരുവുനായ്ക്കും കടിയേറ്റു.
നായെ കീഴ്പ്പെടുത്താൻ ശ്രമിക്കുന്നതിനിടെ ഒരാൾക്ക് വീണ് പരിക്കേറ്റിരുന്നു. വഴിയെ പോയവരെയെല്ലാം ആക്രമിച്ച് വിറച്ചിച്ച നായെ പരിസരവാസിയായ ആന്റണി പുത്തൻപുരക്കലിന്റെ (ബിബി) സമയോചിത ഇടപെടലിലൂടെയാണ് പിടികൂടിയത്. നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തേക്ക് മാറ്റിപ്പാർപ്പിച്ചതിന് പിന്നാലെയാണ് ചത്തത്. ആക്രമണത്തിൽ 12പേർക്ക് പരിക്കേറ്റിരുന്നു.
മാരാരിക്കുളം: യുവാവിനെ കടിച്ച തെരുവുനായ് ചത്തു. ആശങ്കയകറ്റാൻ പഞ്ചായത്ത് അധികൃതർ നായെ പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോയി. മാരാരിക്കുളം തെക്ക് പഞ്ചായത്ത് ആറാം വാർഡിൽ കഴിഞ്ഞ ദിവസം സാഞ്ചു എന്നയാളെ തെരുവുനായ് കടിച്ചിരുന്നു. സംശയം തോന്നിയ നാട്ടുകാർ നിരീക്ഷണത്തിനായി നായെ പിടിച്ച് തൊടലിൽ പൂട്ടിയിട്ടിരുന്നു. ഈ നായാണ് തിങ്കളാഴ്ച ചത്തത്.
ഇതിനെ കുഴിയെടുത്ത് മൂടിയെങ്കിലും നാട്ടുകാരുടെ പരാതിയെ തുടർന്ന് മൃഗാശുപത്രി അധികൃതർ ആംബുലൻസുമായെത്തി പോസ്റ്റ്മോർട്ടത്തിനായി ചെങ്ങന്നൂരിലേക്ക് കൊണ്ടുപോയി. ചത്ത തെരുവ് നായ് സമീപത്തെ ചെറിയ നായകളെ കടിച്ചിട്ടുണ്ടെന്ന് നാട്ടുകാർ അറിയിച്ചതിനാൽ ചൊവ്വാഴ്ച ഇവിടെയുള്ള നായ്ക്കൾക്ക് വാക്സിനേഷൻ നടത്തും. കടിയേറ്റയാൾക്ക് അന്ന് തന്നെ പേ വിഷബാധക്കെതിരായ വാക്സിനേഷൻ എടുത്തിരുന്നു.
ആലപ്പുഴ: നഗരത്തെ വിറപ്പിച്ച് വീണ്ടും തെരുവുനായ് ആക്രമണം. തത്തംപള്ളിയിലും പുന്നമടയിലുമുണ്ടായ ആക്രമണത്തിന് പിന്നാലെ പൂന്തോപ്പ് വാർഡിൽ ഒമ്പതുപേർക്ക് കടിയേറ്റു. തിങ്കളാഴ്ച രാവിലെ 10നായിരുന്നു സംഭവം. കൊമ്മാടി പാലം, പൂന്തോപ്പ് സ്കൂൾ എന്നിവിടങ്ങളിലാണ് തെരുവ് നായ്ക്കളുടെ ആക്രമണമുണ്ടായത്.
കൊമ്മാടി പാലത്തിന് കിഴക്കുള്ള സ്ഥാപനത്തിലെ ജീവനക്കാരൻ പുന്നപ്ര സ്വദേശി മാനുവലിനാണ് (22) ആദ്യം കടിയേറ്റത്. റോഡരികിൽ സ്ഥിരമായി കാണാറുള്ള നായാണ് അക്രമാസക്തമായത്. പിന്നാലെ ആലപ്പുഴ സക്കറിയ ബസാർ സ്വദേശി ഇക്ബാൽ, പൂന്തോപ്പ് വാർഡിലെ രതീഷ്, വിദ്യാർഥി വിശാൽ, ചേർത്തല സ്വദേശി ജിജേന്ദ്രൻ, ആലപ്പുഴ സ്വദേശി എഡിസൺ എന്നിവർക്കാണ് കടിയേറ്റത്. പൂന്തോപ്പിൽ വളർത്തുനായ്ക്കും മറ്റൊരു തെരുവ്നായ്ക്കും കടിയേറ്റിട്ടുണ്ട്. കുരച്ചുകൊണ്ട് വഴിയാത്രക്കാരുടെ നേരെ പാഞ്ഞടുക്കുകയായിരുന്നു.
പരിക്കേറ്റവരിൽ ഏറെയും വഴിയാത്രക്കാരാണ്. കുരച്ചുചാടിയ രണ്ട് തെരുവ്നായ്ക്കളാണ് പ്രദേവാസികളെ ആക്രമിച്ചത്. പരിക്കേറ്റവർ ആലപ്പുഴ ജനറൽആശുപത്രിയിൽ ചികിത്സതേടി കുത്തിവെപ്പ് എടുത്ത് വീട്ടിലേക്ക് മടങ്ങി. പൂന്തോപ്പ് സ്കൂളിന് സമീപവും കൊമ്മാടി പാലത്തിന്റെ ഇറക്കത്തിലുമാണ് നായ്ക്കളുടെ ആക്രമണമെന്ന് കൗൺസിലർ ബി. മെഹബൂബ് പറഞ്ഞു.
ആലപ്പുഴ: തെരുവ് നായ്ക്കളുടെ വിഹാരകേന്ദ്രമാണ് ആലപ്പുഴ റെയിൽവേ സ്റ്റേഷനും പരിസരവും. അടുത്തിടെ പ്ലാറ്റ്ഫോമിൽ ട്രെയിൻ കാത്തുനിന്ന മണ്ണഞ്ചേരി കാവുങ്കൽ പങ്കപ്പറമ്പിൽ അജിത്തിന് (20) കടിയേറ്റിരുന്നു. ഇന്റർവ്യൂവിന് പോകാൻ എറണാകുളത്തേക്ക് ട്രെയിൻ കാത്ത് നിൽക്കവേയാണ് ആക്രമണം. ടിക്കറ്റ് എടുത്തശേഷം ട്രെയിൻവരുന്നതും കാത്ത് പ്ലാറ്റ്ഫോമിലെ സീറ്റിലിരിക്കുമ്പോൾ സമീപത്തായി നായ്ക്കൾ കടിപിടികൂടിയിരുന്നു. ഇതിനിടെ കുരച്ചുകൊണ്ടെത്തിയ ഒരു നായ് അജിത്തിന്റെ ഇടതുകാലിന് താഴെ കടിക്കുകയായിരുന്നു.
പ്രവേശനകവാടത്തിലും പ്ലാറ്റ്ഫോമിലും തമ്പടിക്കുന്ന നായ്ക്കൾ രാപകൽ വ്യത്യാസമില്ലാതെ ആക്രമണം നടത്തുന്നുണ്ട്. എന്നാൽ റെയിൽവേ സ്റ്റേഷനിലെ തെരുവുനായ്ക്കളെ നിയന്ത്രിക്കേണ്ടതും പുനരധിവസിപ്പിക്കേണ്ടതും അതത് തദ്ദേശ സ്ഥാപനമാണെന്ന് റെയിൽവേ അധികൃതർ പറയുന്നു. തെരുവുനായ്ശല്യത്തെക്കുറിച്ച് പലതവണ പരാതി നൽകിയിട്ടും നടപടിയുണ്ടായിട്ടില്ലെന്ന് യാത്രക്കാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.