അടിമാലി: ചൂട് കൂടിയതോടെ ഹൈറേഞ്ചിലെ തോടുകളിലും പുഴകളിലും അതിവേഗമാണ് വെളളം വറ്റുന്നത്. കിണറുകളുടെ അവസ്ഥയും ഭിന്നമല്ല. ദിനം പ്രതിയെന്നോണം ചുടിന്റെ കാഠിന്യം കൂടിവരികയാണ്. ചൂട് ഇങ്ങനെ പോയാല്‍ ആഴ്ചകള്‍ക്കുള്ളില്‍ കുടിവെള്ളക്ഷാമത്തിന്റെ ദുരിതത്തിലേക്ക് ജനം എത്തും.
നദികളിലും കിണറുകളിലും ദിനംപ്രതി ജലനിരപ്പ് ഗണ്യമായി കുറയുകയാണ്. ചെറുജലാശയങ്ങളെ വരള്‍ച്ച പിടിമുറുക്കി. മലയോര ആദിവാസി ഉള്‍മേഖലകളില്‍ വരെ ചൂട് കടന്നെത്തി. ഇതുവരെ വറ്റാത്ത കുടിവെള്ള സ്രോതസ്സുകള്‍ പോലും വറ്റിവരളുന്നു. 15 ദിവസം മുമ്പുവരെ കരകവിഞ്ഞൊഴുകിയ പുഴകളും നീര്‍ച്ചാലുകളും പെട്ടെന്ന് വറ്റിവരളുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തിയതോടെ കാര്‍ഷികമേഖലയിലും ഇതിന്റെ പ്രതിഫലനം ഉണ്ടാകുന്നു. കുരുമുളക് ഏലം മുതലായ നാണ്യവിളകള്‍ക്കാണ് പെട്ടെന്നുണ്ടായ കാലാവസ്ഥമാറ്റം കൂടുതല്‍ ദോഷമായത്. വേനലില്‍ മഞ്ഞളിപ്പ് പടര്‍ന്ന് ഇവ നശിക്കുകയാണ് ചെയ്യുന്നത്. ഇക്കുറി വിളവിൽ 70 ശതമാനത്തോളം കുറവുണ്ടായിട്ടുണ്ടെന്നും ഈ പ്രതിസന്ധി എങ്ങനെ മറികടക്കാന്‍ കഴിയുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍. ഇതിന് പുറമെ മറ്റ് കൃഷികളും കാലിവളര്‍ത്തലും പ്രതിസന്ധിയിലാണ്.
രൂക്ഷമാകുന്ന ജലക്ഷാമം നേരിടാന്‍ പഞ്ചായത്തുകളോ, മറ്റ് ബന്ധപ്പെട്ട അധികാരികളോ ഒരു മുന്നൊരുക്കവും നടത്തുന്നില്ല എന്നതും ആശങ്ക വർധിപ്പിക്കുന്നു. കഴിഞ്ഞ വേനലില്‍ നാശം നേരിട്ട പ്രധാന കൃഷിയാണ് മരചീനി. ഇതോടെ കപ്പയുടെ വില 50 ശതമാനം വർധിച്ചു. ഇപ്പോള്‍ ചിലയിടങ്ങളില്‍ 30 രൂപവരെ കപ്പയുടെ വിലയെത്തി.
ആദിവാസി മേഖലകളിലും നിരവധി കുടിവെള്ളപദ്ധതികളാണ് നിര്‍മാണം നിലച്ചോ, പ്രവര്‍ത്തനം നിലച്ചോ കിടക്കുന്നത്. ഇവ പൂര്‍ത്തീകരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാകുകയാണ്. വാട്ടര്‍ അതോറിറ്റിയുടെ പൊതുടാപ്പുകള്‍ ഇല്ലാത്ത റൂട്ടുകളില്‍ അടിയന്തരമായി ലൈനുകള്‍ നീട്ടാന്‍ അതിവേഗ നടപടികള്‍ വേണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
മൂലമറ്റം: അറക്കുളം പഞ്ചായത്തിൽ ശുദ്ധജലം എത്തിയിട്ട് രണ്ട് ആഴ്ച പിന്നിട്ടു. അറക്കുളം പമ്പ് ഹൗസിൽ നിന്നാണ് പഞ്ചായത്തിൽ ശുദ്ധജലം വിതരണം ചെയ്യുന്നത്. ഇവിടെ പുതിയ പദ്ധതിയുടെ ജോലി നടക്കുന്നതിനാൽ ആറ്റിൽ ബണ്ട് കെട്ടിയിരിക്കുകയാണ്. ഇതുമൂലം പമ്പിംങ് ഇടക്കിടെ മുടങ്ങുന്നുണ്ട്. ബണ്ടിനുള്ളിൽ എത്തുന്ന വെള്ളമാണ് പമ്പ് ചെയ്യുന്നത്. കുറച്ചുനേരം പമ്പ് ചെയ്താൽ ബണ്ടിനുള്ളിലെ ജലം വറ്റും. പിന്നീട് ഏറെ നേരം കാത്തിരുന്നാൽ മാത്രമേ വീണ്ടും ബണ്ട് നിറയുകയുള്ളു. ഇതുമൂലം പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ ശുദ്ധജലക്ഷാമം രൂക്ഷമാണ്.
ആറിന്റെ പ്രധാന ജല സ്രോതസ് മൂലമറ്റം വൈദ്യുതി നിലയത്തിൽ നിന്നും വൈദ്യുതി ഉൽപാദനം കഴിഞ്ഞു പുറംതള്ളുന്ന വെള്ളമാണ്. ഈ വർഷം മഴ കുറവായിരുന്നതിനാൽ മൂലമറ്റം നിലയത്തിൽ വൈദ്യുതി ഉൽപാദനം കുറവാണ്. കൂടാതെ പകൽസമയങ്ങളിൽ വൈദ്യുതി ഉൽപാദനം വളരെ കുറവായതിനാൽ മലങ്കര ജലാശയത്തിന്റെ തുടക്കഭാഗങ്ങളിൽ ജലനിരപ്പ് ഉയരുന്നില്ല. ഇത് പമ്പിങ്ങിനെ ബാധിക്കുന്നുണ്ട്. വേനൽ ശക്തമാകുന്നതിനാൽ ശുദ്ധജലവിതരണം കാര്യക്ഷമമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.