അലനല്ലൂർ (പാലക്കാട്): കോട്ടോപ്പാടത്ത് ക്ലാസ് മുറിയിലടക്കം കയറി തെരുവുനായ് നടത്തിയ ആക്രമണത്തിൽ വിദ്യാർഥിനികളടക്കമുള്ളവർക്ക് പരിക്കേറ്റു. കല്ലടി അബ്ദുഹാജി ഹയർ സെക്കൻഡറി സ്കൂളിൽ തിങ്കളാഴ്ച രാവിലെ ക്ലാസ് നടക്കവെയാണ് സംഭവം. പരിക്കേറ്റ ആറാം ക്ലാസ് വിദ്യാർഥിനി കെ. മിഹ് റയെ ആദ്യം കോട്ടോപ്പാടം കുടുംബാരോഗ്യ കേന്ദ്രത്തിലും തുടർന്ന് താലൂക്ക് ആശുപത്രിയിലും പിന്നീട് ജില്ല ആശുപത്രിയിലും പ്രവേശിപ്പിച്ചു. അധ്യാപിക സി.കെ. ബിന്ദു നായെ ഓടിച്ചതിനാൽ കൂടുതൽ പേർക്ക് പരിക്കേറ്റില്ല.
നായുടെ ആക്രമണം ഭയന്ന് വാതിലടച്ചാണ് ക്ലാസുകൾ നടന്നത്. വിദ്യാർഥിനി കോലോത്തൊടി ഷെരീഫിന്റെ മകൾ റിഫ ഫാത്തിമ, പുത്തൻപീടിക ഉമൈമത്ത്, കൊടുവാളിപ്പുറം കൊറ്റൻകോടൻ കുഞ്ഞാപ്പ എന്നിവർക്കും വിവിധയിടങ്ങളിലുണ്ടായ ആക്രമണത്തിൽ പരിക്കേറ്റു. മദ്റസയിലേക്ക് പോകും വഴിയാണ് റിഫ ഫാത്തിമയെ ആക്രമിച്ചത്. ഹോട്ടൽ തൊഴിലാളിയായ കുഞ്ഞാപ്പ ജോലി സ്ഥലത്തേക്ക് ബസ് കയറാൻ വരുന്നതിനിടയിലാണ് നായ് ആക്രമിച്ചത്. കടിയേറ്റ് വീണ കുഞ്ഞാപ്പയുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയാണ് രക്ഷപ്പെടുത്തിയത്.
ഇദ്ദേഹത്തെ ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് ജില്ല ആശുപത്രിയിലും പ്രവേശിപ്പിച്ചു. കടയിലേക്ക് വരുംവഴിയാണ് ഉമൈമത്തിനെ നായ് കടിച്ചത്. ഇവരെയും ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹയർ സെക്കൻഡറി ഓഫിസിനടുത്ത് നിന്നിരുന്ന ഒരാളെയും നായ് ആക്രമിക്കാൻ ശ്രമിച്ചെങ്കിലും കടിയേൽക്കാതെ രക്ഷപ്പെട്ടു. കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത് ഓഫിസ് പരിസരത്തും പെട്രോൾ പമ്പിന് സമീപത്തും തെരുവ് നായ്ക്കളുടെ വിളയാട്ടമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.