അട്ടപ്പാടിയിലെ ആദിവാസി ഭൂമി വ്യാജരേഖയുണ്ടാക്കി തട്ടിയെടുക്കുന്നവർക്ക് കഠിന നടപടി സ്വീകരിക്കും -കെ. രാജൻ

അട്ടപ്പാടിയിലെ ആദിവാസി ഭൂമി വ്യാജരേഖയുണ്ടാക്കി തട്ടിയെടുക്കുന്നവർക്ക് കഠിന നടപടി സ്വീകരിക്കും -കെ. രാജൻ

തിരുവനന്തപുരം: അട്ടപ്പാടിയിലെ ആദിവാസി ഭൂമിക്ക് വ്യാജരേഖയുണ്ടാക്കി തട്ടിയെടുക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ. രാജൻ. നിയമസഭയിൽ കെ.കെ രമ അട്ടപ്പാടിയിലെ ആദിവാസി ഭൂമി കൈയേറ്റത്തെക്കുറിച്ച് അവതരിപ്പിച്ച സബ് മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.

അട്ടപ്പാടിയിലെ ആദിവാസി ഭൂമി കൈയേറ്റത്തെ സർക്കാർ ഗൗരവത്തോടയാണ് കാണുന്നത്. ഇക്കാര്യത്തിൽ ആരുമായി സബന്ധിച്ചുന്ന പ്രശ്നമില്ല. മുഖ്യമന്ത്രിക്ക് ആദിവാസികൾ നൽകിയ പരാതിന്മേൽ പട്ടികവർഗ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ അന്വേഷണം നടത്തി. റിപ്പോർട്ട് സർക്കാരിന്റെ പരിഗണനയിലാണ്.

അട്ടപ്പാടിയിൽ പട്ടികവർഗക്കാർ തലമുറകളായി താമസിക്കുന്ന സ്ഥലങ്ങളിലാണ് മറ്റുള്ളവർ കടന്നുകയറി അവകാശം സ്ഥാപിക്കുന്നത്. ആദിവാസികളുടെ ഭൂമിക്ക് ഇതുവരെ രേഖകൾ ലഭ്യമാക്കിയിരുന്നില്ല. അതിനാൽ ഭീഷണിപ്പെടുത്തി ഭൂമി തട്ടിയെടുക്കുന്ന അസ്ഥയുണ്ട്. ഇതിനെതിരെ ശക്തമായ നടപടിയാണ് സർക്കാർ സ്വീകരിക്കും. അട്ടപ്പാടിയിലെ ആദിവാസി ഭൂമി സംരക്ഷിക്കുകയാണ് സർക്കാർ നിലപാട്.

ഈ സർക്കാർ വരുന്ന കാലത്ത് അട്ടപ്പാടിയിലെ ഭൂമിക്ക് സ്ഥിരമായ തണ്ടപ്പരില്ല. ഇപ്പോൾ റവന്യു വകുപ്പ് സ്ഥിരം തണ്ടപ്പേർ കൊടുക്കുകയാണ്. ഒരു പ്രദേശത്ത് ഉളളതിനേക്കാൾ ഭൂമി രേഖകൾ പ്രകാരം പലയിടത്തുമുണ്ട്. മൂപ്പിൽ നായരുടെ കുടുംബം 575 ഏക്കർ ഭൂമിയുടെ ആധാരം നടത്തിയത് സർക്കാർ പരിശോധിക്കും. വില്ലേജ് ഓഫിസിൽനിന്നോ താലൂക്ക് ഓഫിസിൽനിന്നോ കൈവശ സർട്ടിഫിക്കറ്റോ നികുതി രസീതോ ആർ.ഒ.ആറോ അനുവദിച്ച് നൽകാതെയാണ് അഗളി സബ് രജിസ്റ്റാർ ഓഫിസിൽ ഈ ആധാരങ്ങൾ നടത്തിയത്.

ഈ സർവേ നമ്പരിൽപ്പെട്ട ഭൂമി മറ്റാർക്കും നികുതി അടച്ചു നൽകിയിട്ടില്ലെന്ന് കാണിച്ച് കോട്ടത്തറ വില്ലേജ് ഓഫിസർ 2023ൽ ഒമ്പത് സാക്ഷ്യ പത്രങ്ങൾ നൽകിയിരുന്നു. താലൂക്ക് ഹെഡ് സർവേയർ സ്കെച്ച് തയാറാക്കി നൽകുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തിലാണ് 183 ആധാരങ്ങൾ അഗളി സബ് രജിസ്റ്റാർ ഓഫിസിൽ ആധാരം നടത്തിയത്. അഗളി ഹെഡ് സർവയറെ സസ്പന്റെ് ചെയ്തു. ഇക്കാര്യത്തിൽ അന്വേഷണം നടത്തുകയാണ്.

റവന്യൂ രേഖകളിൽ മൂപ്പിൽ നായരുടെ പേരിൽ സർവേ നമ്പരിൽ ഉൾപ്പെട്ട വസ്തുക്കൾ ജന്മിയുടെ അവകാശികൾ എന്ന പേരിൽ ശശീന്ദ്രൻ ഉണ്ണി അടക്കം 20 പേരാണ് ആരോപണ വിധേയരായവർ. ആധാരങ്ങൾ നടത്തിയത് ശ്രദ്ധയിൽപ്പെട്ട ഉടൻ ഈ വസ്തുക്കൾ പോക്കവരവ് ചെയ്ത് തണ്ടപ്പേർ അനുവദിക്കരുതെന്ന് വില്ലേജ് ഓഫിസർക്ക് നിർദേശം നൽകി. അതിന്റെ അടിസ്ഥാനത്തിൽ നികുതി അടച്ച് നൽകിയിട്ടില്ല.

ഭൂപരിഷ്കരണ നിയമപ്രകാരം പരിധിയിൽ കവിഞ്ഞ ഭൂമി കൈവശം വെക്കാൻ പാടില്ല. ഇത്തരത്തിലുള്ള ഭൂമിക്ക് ആധാരങ്ങൾ ഉണ്ടാക്കുന്നതിന് നിയമത്തിൽ വ്യവസ്ഥയില്ല. ഇത്തരത്തിൽ ഉണ്ടാക്കുന്ന ആധാരങ്ങൾ അസാധുവായിരിക്കും.

അത്തരം ഭൂമി കൈവശം വെക്കുന്നവർക്കെതിരെ താലൂക്ക് ലാൻഡ് ബോർഡ് കേസ് എടുക്കും. ഇത്തരം ആധാരങ്ങൾ അസാധുവായിട്ടാണ് പരിഗണിക്കുന്നത്. അട്ടപ്പാടിയിൽ ഡിജിറ്റൽ സർവേ തുടർന്നാൽ ആദിവാസികൾ അട്ടപ്പാടിയിൽനിന്ന് തുടച്ച് നീക്കപ്പെടുമെന്ന കെ.കെ രമയുടെ അഭിപ്രായത്തെ മന്ത്രി തള്ളി. അട്ടപ്പാടിയിൽ വ്യാജരേഖയുണ്ടാക്കി ഭൂമി തട്ടിയെടുക്കുന്നത് വ്യാപകമാണ്. പട്ടികവർഗക്കാരുടെ ഭൂമി സർവേ ചെയ്ത് തിട്ടപ്പെടുത്തിയാൽ മാത്രമേ ഭൂമി അന്യാധീനപ്പെട്ടതിന്റെ വസ്തുകൾ കണ്ടെത്താൻ കഴിയു. മദ്രാസ് ബൗണ്ടറീസ് ആക്ട് പ്രകാരമുള്ള രേഖകൾ പരിശോധിച്ചായിരിക്കും ഡിജിറ്റൽ സർവേ നടത്തുക.

ഈ സാഹചര്യത്തിൽ ഡിജിറ്റൽ സർവേയുടെ രണ്ടാം ഘട്ടം പൂർത്തീകരിക്കേണ്ട പട്ടികയിൽ അട്ടപ്പാടി താലൂക്കിലെ അഗളി, കോട്ടത്തറ, ഷോളയൂർ എന്നി വില്ലേജുകൾ കൂടി ഉൾപ്പെടുത്തി. ഡിജിറ്റൽ സർവേ നടത്തുമ്പോൾ ആധാര പരിശോധനയിൽ റവന്യൂ ഉദ്യോഗസ്ഥർക്ക് പ്രത്യേകം നിർദേശം നൽകിയിട്ടുണ്ട്.

വ്യാജരേഖ ചമക്കുന്നതിന് ഉദ്യോഗസ്ഥതലത്തിൽ സഹായം ലഭ്യമായിട്ടുണ്ടോയെന്നും പരിശോധിക്കും. പട്ടികവർഗക്കാരുടെ ഭൂമിക്ക് വ്യാജരേഖ നർമിക്കുന്നതിനായി കൂട്ടുനിന്നുവെന്ന് കണ്ടെത്തിയാൽ ഉദ്യോഗസ്ഥർക്കെതിരെ എസ്.സി- എസ്.ടി അതിക്രമം തടയൽ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.

ഭൂപരിഷ്കരണം അട്ടിമറിച്ച് അട്ടപ്പാടിയിൽ ആദിവാസി ഭൂമി വ്യാജരേഖയുണ്ടാക്കി തട്ടിയെടുക്കുന്നുവെന്നായിരുന്നു കെ.കെ രമയുടെ സബ്മിഷൻ. 2023-24 ൽ 575 ഏക്കർ ഭൂമിയാണ് മൂപ്പിൽ നായരുടെ കുടുംബം ആധാരം നടത്തി. കോട്ടത്തറ വില്ലേജിലെ കണക്കാണിത്. അട്ടപ്പാടിയിലെ മൂലഗംഗൽ, വെച്ചപ്പതി ആദിവാസി ഊരുകളുടെ ഭൂമി പോലും വ്യാജരേഖയുണ്ടാക്കി തട്ടിയെടുത്തു. ഡിജിറ്റൽ സർവേ തുടർന്നാൽ ആദിവാസികൾ തുടച്ച് നീക്കപ്പെടും. അതിനാൽ അന്വേഷണത്തിന് ഉന്നതതല സംഘത്ത നിയോഗിക്കണമെന്നാണ് കെ.കെ. രമ നിയമസഭയിൽ ആവശ്യപ്പട്ടത്. 

Tags:    
News Summary - Strict action will be taken against those who forge tribal land in Attappadi by forging documents - K. Rajan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.