കുത്തിവെപ്പിനിടെ വിദ്യാർഥിയുടെ മരണം: ഡോക്ടർ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ

നാദാപുരം (കോഴിക്കോട്): സ്വകാര്യ ക്ലിനിക്കിൽ കുത്തിവെപ്പിനിടെ വിദ്യാർഥി മരിച്ച സംഭവത്തിൽ ഡോക്ടർ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ. നാദാപുരം ന്യൂക്ലിയസ് ക്ലിനിക് മാനേജിങ് ഡയറക്ടറും പീഡിയാട്രീഷ്യനുമായ ഡോ. സലാവുദ്ദീൻ, മാനേജിങ് പാർട്ണർ റഷീദ്, വിദ്യാർഥിക്ക് കുത്തിവെപ്പ് നൽകിയ നഴ്സ് പേരോട് സ്വദേശിനി ഷാനി എന്നിവരെയാണ് നാദാപുരം ഡിവൈ.എസ്.പി ടി.പി. ജേക്കബ് അറസ്റ്റ് ചെയ്തത്.

ഫെബ്രുവരി 14നാണ് കക്കട്ട് വട്ടോളി സ്വദേശി പടിക്കലക്കണ്ടി രജീഷിന്റെ മകൻ വട്ടോളി സംസ്കൃതം സ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥി തേജ്ദേവ് (12) മരിച്ചത്. മാതാവിനൊപ്പം കഫക്കെട്ടിന് ചികിത്സ തേടിയാണ് ക്ലിനിക്കിൽ എത്തിയത്. ഡോക്ടറെ കാണിച്ചശേഷം അഡ്മിറ്റ് ചെയ്തു. നഴ്സ് കുത്തിവെപ്പ് എടുത്ത് അൽപസമയത്തിനുശേഷം അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. തുടർന്ന് വിദ്യാർഥിയെ വിദഗ്ധ ചികിത്സക്ക് തലശ്ശേരിയിലേക്ക് കൊണ്ടുപോയെങ്കിലും മരിക്കുകയായിരുന്നു.

അധികൃതരുടെ പിഴവാണ് വിദ്യാർഥിയുടെ മരണത്തിന് ഇടയാക്കിയതെന്നാരോപിച്ച് ബന്ധുക്കൾ നാദാപുരം പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് കേസെടുത്തിരുന്നു. ശ്വാസതടസ്സമാണ് മരണത്തിന് ഇടയാക്കിയതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഡി.എം.ഒ ചെയർമാനായ മെഡിക്കൽ ബോർഡ് നടത്തിയ അന്വേഷണത്തിൽ ക്ലിനിക്കിന് വീഴ്‌ചപറ്റിയതായി കണ്ടെത്തി. തുടർന്നാണ് നാദാപുരം പൊലീസ് ഡോക്ടർ ഉൾപ്പെടെ മൂന്നുപേരെ അറസ്റ്റ് ചെയ്തത്. നഴ്സായ ഷാനിക്ക് മതിയായ യോഗ്യത ഇല്ലെന്നും രോഗിയെ ക്ലിനിക്കിൽ അഡ്മിറ്റ് ചെയ്യുമ്പോൾ രക്ഷിതാക്കളുടെ സമ്മതപത്രം വാങ്ങിയില്ലെന്നും കണ്ടെത്തി. അറസ്റ്റിലായവരെ ജാമ്യത്തിൽ വിട്ടു.

Tags:    
News Summary - Student dies during injection: Three arrested, including doctor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.