ചെറുതുരുത്തി (തൃശൂർ): ഒന്നാം ക്ലാസ് വിദ്യാർഥിയെ കാണാതായതിനെ തുടർന്ന് ചെറുതുരുത്തിയിൽ മണിക്കൂറുകൾ നീണ്ട പരിഭ്രാന്തി. സമൂഹമാധ്യമങ്ങളിൽ വാർത്ത വന്നതോടെ ചെറുതുരുത്തി പൊലീസ് അന്വേഷണം ഊർജിതമാക്കി. ചെറുതുരുത്തി സ്വദേശിയായ വ്യക്തിയുടെ ആറു വയസ്സുള്ള ആൺകുട്ടിയെയാണ് കാണാതായത്.
പൊലീസ് പറയുന്നത് ഇങ്ങനെ: കുട്ടിയെ ഓട്ടോറിക്ഷ ഡ്രൈവറായ മുത്തച്ഛൻ തിങ്കളാഴ്ച ഉച്ചക്ക് 12ന് ഓട്ടോറിക്ഷയിൽ സ്കൂളിൽനിന്ന് കൂട്ടിക്കൊണ്ടുവന്നു. എന്നാൽ, പൈങ്കുളം റെയിൽവേ ഗേറ്റിന് സമീപം വെച്ച് ഇദ്ദേഹത്തിന് ഓട്ടം ലഭിച്ചു. തുടർന്ന് കുട്ടിയെ ഒരു കടയിലാക്കി ഓട്ടം പോയി. എന്നാൽ, കുട്ടിയെ എവിടെയാണ് നിർത്തിയതെന്ന് പിന്നീട് ഇദ്ദേഹത്തിന് ഓർമ വന്നില്ല. മൂന്നര മണിക്കൂർ ചെറുതുരുത്തി പൊലീസും നാട്ടുകാരും തിരച്ചിൽ നടത്തി കുട്ടിയെ ചെറുതുരുത്തിയിലെ ബാർബർ ഷോപ്പിൽനിന്ന് കണ്ടെത്തുകയായിരുന്നു. മുത്തച്ഛൻ കുട്ടിയെ ചെറുതുരുത്തിയിലെ ബാർബർ ഷോപ്പിലാക്കി ഓട്ടോറിക്ഷ ഓട്ടം പോവുകയായിരുന്നു.
കുട്ടിയെ മുടിവെട്ടിക്കാൻ എത്തിച്ചതാണെന്ന് ധരിച്ച് ബാർബർ ഷോപ്പുടമ മുടിവെട്ടിക്കൊടുത്തു. മുടിവെട്ടിക്കഴിഞ്ഞ് രണ്ടു മണിക്കൂർ കഴിഞ്ഞിട്ടും ആളെ കാണാത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് കുട്ടിയെ കാണാതായ വിവരം കടക്കാർ അറിയുന്നത്. ചെറുതുരുത്തി പൊലീസ് കുട്ടിയുടെ ബന്ധുക്കളെ ഉപദേശിച്ച് പറഞ്ഞയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.