വിദ്യാർത്ഥികൾ തമ്മിലടിച്ചു. സഹികെട്ട നാട്ടുകാർ ചൂരലെടുത്തു

അഞ്ചൽ: തടിക്കാട്ടിൽ ഹൈസ്കൂൾ വിദ്യാർത്ഥികളും പ്ലസ് ടു വിദ്യാർത്ഥികളും തമ്മിലുള്ള തല്ലുകൂടൽ സ്ഥിരമായതോടെ സഹികെട്ട നാട്ടുകാർ ഇവരെ നേരിടാൻ ചൂരലുമായി കാത്തു നിന്നെങ്കിലും പ്രശ്നക്കാരായ ഏതാനും വിദ്യാർത്ഥികൾ സ്കൂളിലെത്തിയില്ല.ചിലർ ഊടുവഴികളിലൂടെ രക്ഷപെടുകയും ചെയ്തു.

കഴിഞ്ഞ ദിവസം ഉച്ചയോടെ സ്കൂൾ വിട്ട ശേഷം  സ്കൂളിന് മുന്നിലെ റോഡിലും ജംഗ്ഷനിലും വച്ചാണ്  ഇരു വിഭാഗം വിദ്യാർത്ഥികൾ ഏറ്റുമുട്ടിയത്.ഈ സമയം സ്ഥലത്തുണ്ടായിരുന്ന നാട്ടുകാരും വ്യാപാരികളും മുതിർന്ന കുട്ടികളും ഇടപെട്ട് വിദ്യാർത്ഥികളെ വിരട്ടി ഓടിച്ചിരുന്നുവെങ്കിലും ഇരുകൂട്ടരും പരസ്പരം വെല്ലുവിളിക്കുകയും തിരിച്ചടിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.വിദ്യാർത്ഥികൾ തമ്മിലടിക്കുന്നത്‌ വിദ്യാർത്ഥികളിലാരോ മൊബൈൽ ഫോണിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു.

ഇതോടെയാണ് സ്കൂളധികൃതർ വിവരമറിഞ്ഞത്.ചൊവ്വാഴ്ച്ച അധ്യാപകർ ക്ലാസ്സുകളിലെത്തി തമ്മിലടിച്ച വിദ്യാർത്ഥികളെ അന്വേഷിച്ചുവെങ്കിലും ആരും തന്നെ വിവരങ്ങൾ വെളിപ്പെടുത്തിയില്ല. ഇതിനിടെ നാട്ടുകാർ സംഘടിക്കുകയും തല്ലുണ്ടാക്കുന്നവരെ കൈകാര്യം ചെയ്യാനായി ചൂരൽക്കമ്പുകളുമായി വഴിയരികിലും കടത്തിണ്ണകളിലും കാത്തു നിന്നുവെങ്കിലും അനിഷ്ട സംഭവങ്ങളൊന്നുമുണ്ടായില്ല. സ്കൂളിന് മുന്നിൽ അധ്യാപകരുടെ പ്രത്യേക നിരീക്ഷണവുമുണ്ടായിരുന്നു. അധ്യയന ദിവസങ്ങളിൽ സ്കൂൾ കുട്ടികൾ റോഡിൽ പരസ്പരം തല്ലുകൂടുന്നത് പതിവാണെന്നും ഇത്തരക്കാരെ പ്രത്യേകം നിരീക്ഷിക്കാൻ  തീരുമാനിച്ചിരിക്കുകയാണെന്നും നാട്ടുകാർ അറിയിച്ചു.

Tags:    
News Summary - students clash in anchal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.