കോട്ടയം: സംസ്ഥാന സർക്കാറിന് കീഴിലുള്ള കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ഡയറക്ടർ ശങ്കർ മോഹൻ അനധികൃതമായാണ് പദവി കൈവശപ്പെടുത്തിയിരിക്കുന്നതെന്ന ആരോപണവുമായി വിദ്യാർഥികൾ. ഡയറക്ടർമാരുടെ പ്രായപരിധി 65 ആക്കികൊണ്ടുള്ള സർക്കാർ ഉത്തരവ് പൂഴ്ത്തിവെച്ചാണ് ശങ്കർ തൽസ്ഥാനത്ത് തുടരുന്നതെന്നാണ് പരാതി.
2022 ജനുവരി 25ന് ഉന്നത വിദ്യാഭ്യാസ അണ്ടർ സെക്രട്ടറി ഡയറക്ടർക്ക് അയച്ച ഉത്തരവ് ഇൻസ്റ്റിറ്റ്യൂട്ടിലെ തപാൽ വിഭാഗത്തിൽ രജിസ്റ്റർ ചെയ്തിട്ടില്ലെന്നും പൂഴ്ത്തിവെച്ചിരിക്കുകയായിരുന്നെന്നും വിദ്യാർഥികൾ ആരോപിച്ചു. ഉത്തരവ് ഇപ്പോഴും പ്രാബല്യത്തിലുണ്ടെന്ന് അണ്ടർ സെക്രട്ടറി അറിയിച്ചതായി സമരം ചെയ്യുന്ന വിദ്യാർഥികൾ പറയുന്നു.
ഉത്തരവ് പ്രകാരം സംസ്ഥാന സർക്കാറിന്റെ നിയന്ത്രണത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളിൽ മാത്രമല്ല, മറ്റു കോർപറേഷനുകൾ, സ്വയംഭരണ/സ്റ്റാറ്റ്യൂട്ടറി സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള എല്ലാ പൊതുഭരണ സ്ഥാപനങ്ങളിലെയും എം.ഡി/ സെക്രട്ടറി/ ഡയറക്ടർ/ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ എന്നിവരുടെ ഉയർന്ന പ്രായപരിധി 65 വയസ്സായി പുതുക്കിയിട്ടുണ്ട്. പ്രായപരിധി കഴിഞ്ഞവർ മാനേജിങ് ഡയറക്ടർ തസ്തികയിൽ തുടരുന്നത് നിയമ ലംഘനമാണെന്നും ഉത്തരവിൽ പറയുന്നു. എന്നാൽ 68 വയസ്സുള്ള ശങ്കർ മോഹൻ ഇപ്പോഴും ഡയറക്ടർ ആയി തുടരുന്നെന്നാണ് വിദ്യാർഥികൾ പറയുന്നത്.
ഈ സാഹചര്യത്തിൽ ഡയറക്ടർ സ്ഥാനത്ത് നിന്ന് ശങ്കർ മോഹൻ രാജിവെക്കണമെന്നവശ്യപ്പെട്ട് തിങ്കളാഴ്ച മുതൽ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികൾ അനിശ്ചിതകാല സമരം ആരംഭിച്ചു.
ദലിത് വിഭാഗത്തിൽനിന്ന് ഉയർന്നുവന്ന ഡോ. കെ.ആർ നാരായണന്റെ നാമധേയത്തിലുള്ള രാജ്യത്തെ പ്രമുഖ ചലച്ചിത്ര പഠന കേന്ദ്രമാണ് കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട്. അവിടെ ഡയറക്ടർ പദവി വഹിക്കുന്ന ശങ്കർ മോഹൻ ദലിത് വിവേചനം കാണിക്കുന്നെന്ന ആരോപണം കൂടി ഉന്നയിച്ചാണ് വിദ്യാർഥികളുടെ അനിശ്ചിതകാല സമരം.
കഴിഞ്ഞ ദിവസമാണ് ഡയറക്ടർ തങ്ങളെകൊണ്ട് വീട്ടുവേല ചെയ്യിക്കുന്നു എന്നാരോപിച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ശുചീകരണ തൊഴിലാളികൾ രംഗത്തെത്തിയത്. വീട്ടിലെ ശുചിമുറി വരെ കൈകൊണ്ട് വൃത്തിയക്കേണ്ടി വരുന്നെന്നും വിസമ്മതിച്ചാൽ ജോലി തെറിപ്പിക്കുമെന്ന ഭീഷണിയാണെന്നും അവർ ആരോപിച്ചു. ജാതിയധിക്ഷേപങ്ങളും തങ്ങൾക്കുണ്ടായെന്ന് ശുചീകരണ തൊഴിലാളികൾ പറഞ്ഞു.
ഇൻസ്റ്റിറ്റ്യൂട്ടിലെ മറ്റു ജീവനക്കാർക്കും വിദ്യാർഥികൾക്കും ഇത്തരം ജാതീയ വിവേചനങ്ങൾ നേരിടേണ്ടി വന്നത് നേരത്തെ വാർത്തയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രിക്കുൾപ്പെടെ പരാതി നൽകിയിരുന്നെന്ന് സ്റ്റുഡന്റ്സ് കൗൺസിൽ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.