തിരുവനന്തപുരം: പാവങ്ങളാണെങ്കിലും പണമില്ലാത്തതിന്റെ പേരിൽ പിന്മാറി പോയവരല്ല ഈ വിദ്യാർഥികൾ. എല്ലാ പ്രതിസന്ധികളേയും അവരൊന്നിച്ചാണ് നേരിടുക. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മാറ്റുരക്കാനെത്തുന്ന തിരുവനന്തപുരം പാലോട് എസ്.കെ.വി.എച്ച്.എസ്.എസ് നന്ദിയോടിന്റെ ‘‘കലോത്സവ പോരാട്ടം’’ സംസ്ഥാനത്തെ മറ്റു വിദ്യാലയങ്ങൾക്കുള്ളൊരു സന്ദേശം കൂടിയാണ്.
വീടുവീടാന്തരം കയറി ആക്രി സാധനങ്ങളും പഴയ കടലാസുമെടുത്തും സമ്മാന പദ്ധതിയുടെ ടിക്കറ്റ് വിറ്റുമെല്ലാമാണ് വിവിധ മത്സരങ്ങളിൽ പങ്കെടുക്കുന്ന സ്കൂളിലെ അമ്പതിൽ പരം വിദ്യാർഥികളുടെ സാമ്പത്തിക ചെലവിനുള്ള തുക അവർ സമാഹരിച്ചത്. അതിനാൽ തന്നെ ആ മത്സരാർഥികളുടെ മുദ്രകളിലും അണിഞ്ഞ ആടയാഭരണങ്ങളിലുമെല്ലാം ആ സ്കൂളിലെ മുഴുവൻ കുട്ടികളുടെയും ശ്രമദാനത്തിൻ്റെ വിയർപ്പ് തുള്ളികൾ കൂടിയുണ്ടാവും.
മലയോര മേഖലയിലുള്ള ഈ വിദ്യാലയത്തിലെ കുട്ടികളിൽ ഏറെപേരും ആദിവാസി, പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ളവരും തോട്ടം, തൊഴിലുറപ്പ് തൊഴിലാളികളുടെ മക്കളുമാണ്. വിദ്യാഭ്യാസ ചെലവിനുള്ള തുക തന്നെ ഏറെ പ്രയാസപ്പെട്ട് കണ്ടെത്തുന്ന കുടുംബങ്ങൾ മക്കളെ എങ്ങിനെ കലോത്സവ അരങ്ങിലെത്തിക്കും എന്ന ചിന്തയിൽ നിന്നാണ് ആക്രി വിൽപനയും സമ്മാനടിക്കറ്റും അടക്കമുള്ള വഴികൾ സ്കൂൾ അധികൃതരുടെ മനസിൽ തെളിഞ്ഞത്.
ഹയർസെക്കൻഡറി വിഭാഗം വിദ്യാർഥികളാണ് സ്വന്തം വീട്ടിലെയും അയൽ വീടുകളിലെയും ആക്രി സാധനങ്ങൾ സ്കൂളിലെത്തിക്കാനും ടെലിവിഷൻ, മൊബൈൽ ഫോൺ, സ്മാർട്ട് വാച്ച് അടക്കമുള്ള സമ്മാന പദ്ധതിയുടെ ടിക്കറ്റ് വിൽപനക്കും മുന്നിൽ നിന്നതെന്ന് സ്കൂൾ ടീം കൺവീനർ കൂടിയായ അധ്യാപകൻ എം.എസ്. അനീഷ് പറഞ്ഞു. ആക്രി സാധനങ്ങൾ ലേലം ചെയ്ത് 25,000 രൂപയും സമ്മാന പദ്ധതിയിലൂടെ 65,000 രൂപയുമാണ് ഈ പൊതുവിദ്യാലയം സമാഹരിച്ചത്.
പൂരക്കളി, വട്ടപ്പാട്ട്, പരിചമുട്ട്, മാപ്പിളപ്പാട്ട്, നാദസ്വരം, ഒട്ടൻതുള്ളൽ, കഥകളി സംഗീതം, മംഗലംകളി അടക്കമുള്ള കളർഫുൾ ഇനങ്ങളിലെല്ലാം ഇവിടത്തെ വിദ്യാർഥികൾ മാറ്റുരക്കുന്നു. ജില്ല കലോത്സവത്തിൽ മിന്നും പ്രകടനം കാഴ്ചവെച്ച സ്കൂളിൻ്റെ നാടകത്തിന് മികച്ച നടൻ, മികച്ച രണ്ടാമത്തെ നടൻ, മികച്ച രണ്ടാമത്തെ നടി അടക്കമുള്ള പതക്കങ്ങൾ ലഭിച്ചെങ്കിലും നാടകം സംസ്ഥാന മേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നില്ല. അതിനായി സ്കൂൾ ഹൈകോടതിയെയും സമീപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.