കോഴിക്കോട്: സംസ്ഥാനത്ത് ജന്തുജന്യ രോഗങ്ങൾ മനുഷ്യരിൽ കൂടിവരുന്നതായി പഠനം. വവ്വാലിൽ നിന്ന് മനുഷ്യരിലേക്ക് പടർന്നുപിടിക്കുന്ന നിപ തുടങ്ങിയ രോഗങ്ങൾ കോഴിക്കോട് ജില്ലയിലും മറ്റും കണ്ടുവരുന്ന പശ്ചാത്തലത്തിൽ ഇതേക്കുറിച്ച് ശരിയായ അവബോധമുണ്ടാകേണ്ടതുണ്ടെന്നാണ് ആരോഗ്യ മേഖലയിലെ വിദഗ്ധരുടെ അഭിപ്രായം. കാലാവസ്ഥ വ്യതിയാനം, ആഗോള താപനം, പരിസ്ഥിതി ആവാസ വ്യവസ്ഥ നശീകരണം തുടങ്ങിയ കാരണങ്ങൾ മൂലമാണ് ജന്തുജന്യ രോഗങ്ങൾ മനുഷ്യരിൽ കൂടുന്നതെന്നാണ് പഠനം. എന്നാൽ, ജന്തുക്കളുടെ ആവാസ വ്യവസ്ഥയിലേക്കുള്ള മനുഷ്യന്റെ കടന്നുകയറ്റം ഇത്തരം രോഗങ്ങൾ വർധിക്കുന്നതിന് പ്രധാന കാരണമാകുന്നുണ്ടെന്ന് വെറ്ററിനറി സർജൻ ഡോ. സുഹാസ് പറയുന്നു.
പുതുതായി കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന രോഗങ്ങളിൽ മഹാഭൂരിഭാഗവും ജന്തുജന്യ രോഗങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്നതാണ്. പ്രളയാനന്തരം പടർന്നുപിടിച്ച എലിപ്പനി, കുരങ്ങുപനി (കൈസാനൂർ ഫോറസ്റ്റ് ഡിസീസ്), ചെള്ളുപനി (ടിക്ക ഫീവർ), ലീഷ്മാനിയ രോഗം (കരിമ്പനി), വൈസ്റ്റ് നൈൽ ഫീവർ, ഫൈലേറിയ, ബ്രൂസില്ലോസ്, ഡെങ്കിപ്പനി, ജപ്പാൻ ജ്വരം, ചികുൻഗുനിയ അടക്കം ജന്തുജന്യ രോഗങ്ങളുടെ പട്ടിക ഏറെ നീണ്ടതാണ്. 200ലധികം ജന്തുജന്യ രോഗങ്ങളുണ്ട്. മനുഷ്യരില്‍ ഉണ്ടാകുന്ന പകര്‍ച്ചവ്യാധികളില്‍ 60 ശതമാനവും ജന്തുക്കളില്‍നിന്നു പകരുന്നവയാണ്. പുതുതായി ഉണ്ടാകുന്ന രോഗങ്ങളുടെ 70 ശതമാനവും ജന്തുക്കളില്‍നിന്നാണ് ഉണ്ടാകുന്നത്. മൃഗങ്ങളുമായി നേരിട്ടുള്ള സമ്പര്‍ക്കം, ആഹാരം, വെള്ളം, പരിസ്ഥിതി എന്നിവയിലൂടെയാണ് രോഗാണു മനുഷ്യരിലേക്ക് പകരുന്നത്. മൃഗങ്ങളുമായുള്ള സ്വാഭാവിക സഹവാസം, വിനോദം, ലാളന, കൃഷി, ഭക്ഷണം എന്നിവക്കായി വളര്‍ത്തുക എന്നിവയെല്ലാം രോഗം പകരാനുള്ള കാരണങ്ങളാണ്. അന്തര്‍ദേശീയ യാത്രക്കാര്‍ കൂടുതലുള്ളതിനാല്‍ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള രോഗങ്ങള്‍ ഇവിടെ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യത കൂടുതലാണ്.
മനുഷ്യരിൽ മാത്രം ഒതുങ്ങിനിൽക്കുന്ന പ്രതിരോധ പ്രവർത്തനങ്ങൾ കൊണ്ടോ മരുന്നുപയോഗം കൊണ്ടോ ജന്തുജന്യ രോഗനിയന്ത്രണം സാധ്യമല്ലെന്നാണ് വിദഗ്ധാഭിപ്രായം. മനുഷ്യരുടെ ആരോഗ്യ സുരക്ഷിതത്വം എന്നത് പ്രകൃതിയുടെയും മറ്റു ജീവജാലങ്ങളുടെയും ആരോഗ്യവുമായി ഇഴപിരിക്കാനാവാത്ത വിധം ബന്ധപ്പെട്ടിരിക്കുന്നു. മനുഷ്യന്റെ ആരോഗ്യത്തോടൊപ്പം തന്നെ മൃഗങ്ങളുടെയും പരിസ്ഥിതിയുടെയും ആരോഗ്യം നിലനിര്‍ത്തി രോഗ പ്രതിരോധശേഷി നേടുന്ന രീതിക്കാണ് ഊന്നൽ കൊടുക്കേണ്ടത്. അതിനൊപ്പം തന്നെ വിവിധ വകുപ്പുകളുടെ കൂട്ടായ ശ്രമം കൂടി ആവശ്യമാണ്. ആരോഗ്യം, മൃഗസംരക്ഷണം, കൃഷി, വനം, പരിസ്ഥിതി, ഭക്ഷ്യം എന്നീ വകുപ്പുകൾ തോളോടുതോൾ ചേർന്ന് പ്രവർത്തിക്കുകയാണ് പരിഹാരം. മൃഗങ്ങള്‍, സസ്യജാലങ്ങള്‍, മനുഷ്യര്‍ എന്നിങ്ങനെയുള്ള പ്രകൃതിയുടെ എല്ലാ അംശങ്ങളിലും ആരോഗ്യമുണ്ടെങ്കിൽ മാത്രമേ മനുഷ്യസമൂഹത്തിനും ആരോഗ്യകരമായി ജീവിക്കാൻ കഴിയൂ എന്ന പാഠവും മനുഷ്യൻ ഉൾക്കൊള്ളണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.