സുബ്ഹാനി ദക്ഷിണേന്ത്യയിലെ പ്രധാനിയെന്ന് എന്‍.ഐ.എ

കൊച്ചി: തിരുനെല്‍വേലിയില്‍ പിടിയിലായ തൊടുപുഴ സ്വദേശി ദക്ഷിണേന്ത്യയിലെ ഐ.എസ് പ്രവര്‍ത്തനങ്ങളുടെ പ്രധാനകണ്ണിയെന്ന് എന്‍.ഐ.എ. തിരുനെല്‍വേലി കടയനല്ലൂരില്‍നിന്ന് കസ്റ്റഡിയിലെടുത്ത തൊടുപുഴ മാര്‍ക്കറ്റ് റോഡ് മാളിയേക്കല്‍ വീട്ടില്‍ സുബ്ഹാനി ഹാജാ മൊയ്തീന്‍െറ (31) അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് എന്‍.ഐ.എ കേസിന്‍െറ വിശദാംശങ്ങള്‍ പുറത്തുവിട്ടത്. ഇറാഖില്‍ ഐ.എസിനുവേണ്ടി യുദ്ധം ചെയ്തതായി പ്രാഥമിക ചോദ്യംചെയ്യലില്‍ ഇയാള്‍ സമ്മതിച്ചെന്ന് എന്‍.ഐ.എ അധികൃതര്‍ പറഞ്ഞു. കണ്ണൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍നിന്ന് ആറുപേരെ അറസ്റ്റ് ചെയ്തതിന് ശേഷം നടത്തിയ റെയ്ഡിലാണ് സുബ്ഹാനിയെക്കുറിച്ച് വിവരം ലഭിച്ചത്.

അന്വേഷണസംഘം പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ വിശദീകരിക്കുന്നത് ഇങ്ങനെ: 2015 ഏപ്രില്‍ എട്ടിന് ചെന്നൈ വഴിയാണ് ഇയാള്‍ ഐ.എസില്‍ ചേരാനായി യാത്ര തിരിച്ചത്. ഉംറക്ക് പോകുന്നുവെന്ന് വീട്ടുകാരെ വിശ്വസിപ്പിച്ചശേഷം സന്ദര്‍ശകവിസയില്‍ ചെന്നൈയില്‍നിന്ന് ദുബൈ വഴി തുര്‍ക്കിയിലെ ഇസ്തംബൂളിലേക്കാണ് കടന്നത്. പാകിസ്താന്‍, അഫ്ഗാനിസ്താന്‍ എന്നിവിടങ്ങളില്‍നിന്ന് റിക്രൂട്ട് ചെയ്തവരുമൊത്ത് ഇവിടെനിന്ന് ഇറാഖിലേക്ക് പോയി.
ഇറാഖിലെ മൂസിലത്തെിച്ച് അവിടെ വീടും സൗകര്യപ്പെടുത്തി. മതപഠനത്തിനൊപ്പം മെഷീന്‍ ഗണ്‍ അടക്കമുള്ള അത്യാധുനിക ആയുധങ്ങള്‍ ഉപയോഗിക്കുന്നതിന്‍െറ രീതികള്‍ ഇയാളെ പഠിപ്പിച്ചു. രണ്ടുമാസത്തെ പരിശീലനത്തിന് ശേഷം മൂസിലിലെ യുദ്ധഭൂമിയിലേക്ക് അയച്ചു. അവിടെ ഐ.എസ് പിടിച്ചെടുത്ത മേഖലകളില്‍ സുരക്ഷാചുമതലയാണ് ഏല്‍പിച്ചത്. രണ്ടാഴ്ചയോളം യുദ്ധഭൂമിയില്‍ പ്രവര്‍ത്തിച്ചു. ഭക്ഷണത്തിനും താമസത്തിനൊപ്പം മാസം 100 യു.എസ് ഡോളര്‍ അതിജീവന അലവന്‍സും വാഗ്ദാനം ചെയ്തിരുന്നു. യുദ്ധഭൂമിയിലെ ദുരിതങ്ങള്‍ക്കൊപ്പം ജീവിക്കാന്‍ കഴിയാതെവന്നതോടെ സംഘടനയില്‍നിന്ന് പുറത്തുപോകാന്‍ തീരുമാനിക്കുകയായിരുന്നു. ഈ വിവരം അറിയിച്ചതോടെ ഐ.എസ് ഇയാളെ തടവിലിട്ട് കൊടിയ പീഡനങ്ങള്‍ക്കിരയാക്കി. പിന്നീട് ഐ.എസിന്‍െറ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന കോടതിയില്‍ ഹാജരാക്കി. സിറിയയിലെ റഖയിലെ ജയിലില്‍ പാര്‍പ്പിക്കാനായിരുന്നു ജഡ്ജിയുടെ നിര്‍ദേശം. 55 ദിവസത്തേക്കാണ് ജയിലില്‍ അടച്ചത്. എന്നാല്‍, ഇന്ത്യയിലത്തെിയാലും ഐ.എസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാമെന്ന് ഉറപ്പുനല്‍കിയതോടെ ഐ.എസ് അധീന പ്രദേശങ്ങള്‍ വിട്ട് മറ്റ് അഞ്ച് വിദേശികള്‍ക്കൊപ്പം ഇസ്തംബൂളിലേക്ക് കടക്കാന്‍ അനുവദിച്ചു.

ഇസ്തംബൂളില്‍ രണ്ടാഴ്ചയോളം അനധികൃതമായി താമസിച്ചശേഷം ടൂറിസ്റ്റാണെന്നും വിശുദ്ധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിനിടെ പാസ്പോര്‍ട്ട് നഷ്ടപ്പെട്ടുവെന്നും നാട്ടിലേക്ക് മടങ്ങാന്‍ സൗകര്യമൊരുക്കണമെന്നുമാവശ്യപ്പെട്ട് ഇന്ത്യന്‍ കോണ്‍സുലേറ്റിനെ സമീപിച്ചു. നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനമറിയിച്ച് ബന്ധുക്കളെയും ബന്ധപ്പെട്ടതോടെ വിമാന ടിക്കറ്റിനുള്ള പണം അയച്ചുകൊടുത്തു. നാട്ടിലത്തെിയ ശേഷം വീണ്ടും ഐ.എസുമായി ബന്ധപ്പെടുകയും ധനസമാഹരണം നടത്തി ശിവകാശിയില്‍നിന്ന് സ്ഫോടക വസ്തുക്കള്‍ ശേഖരിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചത്.

കൊച്ചിയിലെ എന്‍.ഐ.എ ഓഫിസിലേക്ക് വിളിച്ചുവരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വ്യാഴാഴ്ച വൈകുന്നേരം മൂന്നരയോടെ എറണാകുളം പ്രത്യേക എന്‍.ഐ.എ കോടതി ജഡ്ജി കെ.എം. ബാലചന്ദ്രന്‍ മുമ്പാകെ ഹാജരാക്കിയ പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യലിനായി ഒമ്പത് ദിവസത്തേക്ക് എന്‍.ഐ.എയുടെ കസ്റ്റഡിയില്‍ വിട്ടു.
Tags:    
News Summary - subhani haji works for is nia at court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.