സുബി സുരേഷ് വിടവാങ്ങിയ വാർത്ത പ്രചരിച്ചതോടെ അവർ സമ്മാനിച്ച ചിരി മുഹൂർത്തങ്ങളാണ് ഏവരും ചർച്ച ചെയ്യുന്നത്. ഇതിൽ സൂര്യ ടിവിയിൽ സംപ്രേക്ഷണം ചെയ്തിരുന്ന കുട്ടികളുടെ പരിപാടിയായ കുട്ടിപ്പട്ടാളം വേറിട്ട് നിൽക്കുന്നു. സുബി സുരേഷ് ഈ പരിപാടിയുടെ അവതാരകയെന്ന നിലയിൽ ചിരി മാലപടക്കം തീർത്ത് കുടുംബങ്ങളിൽ ഒരാളായി. ഈ പരിപാടിയുടെ ഭാഗമായതിനെ കുറിച്ച് തന്റെ യൂട്യൂബ് ചാനലിലൂടെ ഒരിക്കൽ സുബി പറഞ്ഞതിങ്ങനെ:
”ഞാനൊരിക്കലും പ്രതീക്ഷിക്കാതെ എന്റെ കയ്യിൽ വന്ന ലോട്ടറിയാണ് കുട്ടിപ്പട്ടാണമെന്നു പറയാം. പരിപാടിയുടെ ട്രയൽ ഷൂട്ടിനാണ് പോയത്. അവിടെ എത്തിയപ്പോൾ തമിഴ്, തെലുങ്ക്, കന്നഡ പതിപ്പിലെ ഈ പ്രോഗ്രാമിന്റെ വീഡിയോകൾ കാണിച്ചു തന്നു. കുറേ വർഷങ്ങൾക്കു മുൻപ് ഇംഗ്ലീഷ് ചാനലിൽ നടന്ന പ്രോഗ്രാമാണിതെന്നു പറഞ്ഞു.
അതൊക്കെ കാണിച്ചു തന്നു. എനിക്ക് ഒരാൾ പറയുന്നതുപോലെ പഠിച്ച് സ്ക്രിപ്റ്റഡായിട്ട് ചെയ്യാനൊന്നും അറിയില്ല. ഇത്ര ചെറിയ കുട്ടികളെ മാനേജ് ചെയ്യാനും പരിചയമില്ല. എനിക്ക് പ്രോഗ്രാം ചെയ്യാൻ പറ്റില്ലായെന്നു പറഞ്ഞു. നാലു കുട്ടികളും അവരുടെ മാതാപിതാക്കളും വന്നിട്ടുണ്ടെന്നും അവർക്ക് വിഷമമാകുമെന്നും നമുക്കൊരു ട്രയൽ ഷൂട്ട് ചെയ്യാമെന്ന് അവിടെ ഉണ്ടായിരുന്ന അജയൻ എന്ന സാർ പറഞ്ഞു”.
ഈ പ്രോഗ്രാം നേരത്തെ സീനിയർ ആർട്ടിസ്റ്റുകളെ വച്ച് ട്രയൽ ചെയ്തിരുന്നു. ഒരു സെലിബ്രിറ്റിയെ വച്ച് പ്രോഗ്രാം ഷൂട്ട് ചെയ്ത് പ്രൊമോ ഒക്കെ വന്നിട്ട് പിന്നീട് കാൻസൽ ചെയ്തു. പത്താമത്തെ ആളായിട്ടാണ് ഞാൻ ചെല്ലുന്നത്. ഒരു ആത്മാർത്ഥതയുമില്ലാതെയാണ് ഞാൻ ചെയ്തത്. പക്ഷേ ചെന്നൈയിൽനിന്നും അപ്രൂവ് കിട്ടുകയായിരുന്നുവെന്ന് സുബി പറയുന്നു.
രണ്ടാമത്തെ സീസൺ കൊച്ചിയിലായിരുന്നു. പ്രോഗ്രാം നല്ല രീതിയിൽ പൊയ്ക്കൊണ്ടിരിക്കുമ്പോഴാണ് കോവിഡ് വന്നത്. കൊറോണ കാരണം ചെറിയ കുട്ടികളെ കൊണ്ട് പുറത്തിറങ്ങാൻ കഴിയാത്തതുകൊണ്ടാണ് കുട്ടിപ്പട്ടാളം നിർത്തിയത്. കോവിഡ് മാറിയിട്ട് കുട്ടിപ്പട്ടാളത്തിനൊപ്പം ഞാനും ഒരു വരവ് വരുമെന്നും സുബി സുരേഷ് പറഞ്ഞിരുന്നു.
എളുപ്പം കുട്ടികളിൽ ഒരാളായി വീട്ടുകാര്യങ്ങൾ ചർച്ചചെയ്ത് കുടുംബത്തിനകത്തെ സാധാരണ സംഭവങ്ങൾ പോലും ചിരിയുടെ വലിയ ലോകമാക്കി മാറ്റുകയായിരുന്നു ഈ കലാകാരി. വിവിധ ചാനലുകളിൽ അവതാരകയായിട്ടുണ്ടെങ്കിലും കുട്ടിപട്ടാളവും ഒന്നുവേറെ തന്നെയായിരുന്നുവെന്ന് പറയുന്നവർ ഏറെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.