'ഞാന്‍ ഒന്ന് വര്‍ക് ഷോപ്പില്‍ കയറി'; അടുക്കും ചിട്ടയും ഇല്ലാത്തവർക്ക് തന്റെ അനുഭവം തമാശയിലൂടെ മുന്നറിയിപ്പ് നൽകിയ സുബി സുരേഷ്

ജീവിതത്തിലെ എല്ലാ കാര്യവും നർമത്തോടെ കണ്ട നടിയായിരുന്നു സുബി സുരേഷ്. അത് എത്ര ഗൗരവമുള്ളതാണെങ്കിലും മറ്റുള്ളവരോട് പങ്കുവെക്കുമ്പോൾ തമാശ കലർത്താന്‍ അവർ ശ്രദ്ധിച്ചിരുന്നു. എന്നാൽ, അതിലൂടെ തനിക്ക് പറയാനുള്ള കാര്യം കൃത്യമായി അവതരിപ്പിക്കുകയും ചെയ്യും.

കഴിഞ്ഞ വർഷം 10 ദിവസത്തോളം ആശുപത്രിയില്‍ കിടന്ന കാര്യവും സുബി പങ്കുവെച്ചത് തമാശ കലർത്തിയായിരുന്നു. 'ഞാന്‍ ഒന്ന് വര്‍ക് ഷോപ്പില്‍ കയറി' എന്ന് പറഞ്ഞാണ് കഴിഞ്ഞ വർഷം സമൂഹ മാധ്യമത്തിൽ ഫോട്ടോ പങ്കുവെച്ചത്. ഇതിലൂടെ മറ്റുള്ളവർക്ക് മുന്നറിയിപ്പ് നൽകാനും സുബി ശ്രമിച്ചു. ഇതുമായി ബന്ധപ്പെട്ട വിഡിയോയില്‍ അസുഖത്തെ കുറിച്ച് സുബി പറഞ്ഞത് ഇങ്ങനെയായിരുന്നു.

‘‘എന്റെ കൈയിലിരിപ്പ് നല്ലതല്ലാത്തത് കൊണ്ടാണ് 'വര്‍ക് ഷോപ്പില്‍' ഒന്ന് കയറേണ്ടി വന്നത്. വേറെ ഒന്നുമല്ല, എനിക്ക് സമയത്ത് ഭക്ഷണം കഴിക്കുക, മരുന്നുകള്‍ കൃത്യമായി കഴിക്കുക എന്നിങ്ങനെയുള്ള യാതൊരു നല്ല ശീലവും ഇല്ല. അതുകൊണ്ട് എല്ലാം കൂടെ ഒരുമിച്ചുവന്ന് പത്ത് ദിവസത്തോളം ആശുപത്രിയില്‍ കിടക്കേണ്ടി വന്നു. ​

​ഒരു ചാനലിന് ഷൂട്ടിന് പോകേണ്ടതിന്റെ തലേദിവസം മുതല്‍ തീരെ വയ്യാതായി. ഭയങ്കര നെഞ്ചുവേദനയും ശരീര വേദനയും എല്ലാം തോന്നി. ഒന്നും കഴിക്കാനും പറ്റുന്നില്ല, ഇളനീര്‍ വെള്ളം പോലും കുടിച്ചപ്പോഴേക്കും ഛര്‍ദ്ദിച്ചു. രണ്ട് ദിവസം മുമ്പ് നെഞ്ച് വേദന അധികമായപ്പോള്‍ ഞാന്‍ ഒരു ക്ലിനിക്കില്‍ പോയി ഇ.സി.ജി എടുത്തിരുന്നു. അതിലൊന്നും കുഴപ്പം ഉണ്ടായിരുന്നില്ല. കുറച്ച് പൊട്ടാസ്യം കുറവുണ്ട് എന്ന് പറഞ്ഞു. അതിന് നല്‍കിയ മരുന്നൊന്നും കഴിച്ചില്ല. എനിക്ക് വര്‍ക്ക് ഉണ്ടെങ്കില്‍ അത് ഒഴിവാക്കേണ്ടി വരുന്നത് ഭയങ്കര പ്രയാസമുള്ള കാര്യമാണ്. ഷൂട്ട് ഉണ്ടാവുമ്പോള്‍ മരുന്നോ ഭക്ഷണമോ ഒന്നും ശ്രദ്ധിക്കാറില്ല. അപ്പോള്‍ കരുതും ആരോഗ്യം പോലും ശ്രദ്ധിക്കാതെ ഷൂട്ടിങ്ങിന് പോകുകയാണോ എന്ന്.


കൊറോണ കഴിഞ്ഞ് കുറേക്കാലം വീട്ടിലിരുന്നപ്പോള്‍ തന്നെ മടുത്തു, ഇപ്പോള്‍ എന്ത് ഷോ കിട്ടിയാലും എനിക്ക് ആര്‍ത്തിയാണ്. അത് പൈസക്ക് വേണ്ടിയല്ല, വെറുതെയിരിക്കാന്‍ പറ്റാത്തത് കൊണ്ടാണ്. കൂടെ കട്ടക്ക് നില്‍ക്കാന്‍ അനിയനും അമ്മയും ഒക്കെയുണ്ട്. ഭക്ഷണം സമയത്ത് കഴിക്കാന്‍ എല്ലാവരും നിര്‍ബന്ധിക്കും. പക്ഷെ, എനിക്ക് തോന്നിയാല്‍ മാത്രമേ ഞാന്‍ എന്തെങ്കിലും കഴിക്കൂ. ആ ദുശ്ശീലമാണ് എന്നെ വീഴ്ത്തിയത്. ആഹാരം കഴിക്കാതെ ഗ്യാസ്ട്രിക് പ്രോബ്ലം ഭയങ്കരമായിട്ടുണ്ടായി. കൂടാതെ മഗ്നീഷ്യവും പൊട്ടാസ്യവും സോഡിയവും എല്ലാം ശരീരത്തില്‍ കുറഞ്ഞു. പത്ത് ദിവസത്തോളം ആശുപത്രിയില്‍ അഡ്മിറ്റ് ആയി. മഗ്നീഷ്യം ശരീരത്തില്‍ കയറ്റുന്നതൊന്നും വലിയ പ്രശ്‌നമല്ല, പക്ഷെ പൊട്ടാസ്യം കയറ്റുമ്പോള്‍ ഭയങ്കര വേദനയാണ്.

പിന്നെയുള്ള ഒരു പ്രശ്‌നം പാന്‍ക്രിയാസില്‍ ഒരു കല്ലുണ്ട്. അത് നിലവിലെ സാഹചര്യത്തില്‍ അത്ര പ്രശ്‌നമല്ല. പക്ഷെ ഇതേ രീതിയില്‍ മുന്നോട്ടു പോയാല്‍ ചിലപ്പോള്‍ പ്രശ്‌നമാവും. മരുന്ന് കഴിച്ചിട്ട് മാറിയില്ല എന്നുണ്ടെങ്കില്‍ കീ ഹോള്‍ ചെയ്ത് നീക്കാം. പിന്നെ തൈറോയിഡിന്റെ പ്രശ്‌നമുണ്ട്. ആ മെഡിസിനും ഞാന്‍ കൃത്യമായി എടുക്കാറുണ്ടായിരുന്നില്ല. ഇനി മുതല്‍ അതും ശ്രദ്ധിക്കണം. ഇപ്പോള്‍ ഞാന്‍ കൃത്യമായി ഭക്ഷണം കഴിക്കാന്‍ തുടങ്ങി.

എന്റെ ഉഴപ്പാണ് എല്ലാത്തിനും കാരണം. വിശന്നാലും മടിച്ചിട്ട് ഭക്ഷണം കഴിക്കാത്ത അവസ്ഥ ഉണ്ടായിട്ടുണ്ട്. ദിവസം പച്ചവെള്ളം കുടിച്ച് വയറ് നിറക്കും. ഒരു നേരം ഒക്കെയാണ് കഴിക്കുന്നത്. ഇനി അങ്ങനെയുള്ള ശീലങ്ങളെല്ലാം മാറ്റിയെടുക്കണം. എന്റെ അനുഭവത്തില്‍നിന്ന് പഠിച്ചതാണ് ഇതെല്ലാം. ഇപ്പോള്‍ വലിയ കുഴപ്പങ്ങളൊന്നും ഇല്ല. ജീവിതത്തില്‍ എന്നെ പോലെ അടുക്കും ചിട്ടയും ഇല്ലാതെ നടക്കുന്നവര്‍ ആരെങ്കിലും ഉണ്ടെങ്കില്‍ അവര്‍ക്ക് ഒരു ഇന്‍ഫര്‍മേഷന്‍ നല്‍കാന്‍ വേണ്ടിയാണ് ഈ വിഡിയോ പങ്കുവെക്കുന്നത്’’, ഇങ്ങനെയായിരുന്നു വിഡിയോയിൽ പറഞ്ഞിരുന്നത്. 

Tags:    
News Summary - Subi Suresh gave a warning through her experience

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.