തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ കാവിവത്കരണ നീക്കത്തെ പിന്തുണച്ച കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ പ്രതികരണത്തിൽ വെട്ടിലായി കോൺഗ്രസ്. സർക്കാറുമായുള്ള പോര് മറയാക്കി, കാലിക്കറ്റ്, കേരള സർവകലാശാല സെനറ്റുകളിൽ സംഘ്പരിവാർ ആളുകളെ കൂട്ടത്തോടെ നോമിനേറ്റ് ചെയ്ത ഗവർണർക്കെതിരെ മതേതരകക്ഷികളിൽ കടുത്ത പ്രതിഷേധമാണുള്ളത്. സംഘ്പരിവാറുകാരിൽ യോഗ്യരായവരുണ്ടെങ്കിൽ അവരെ ഗവർണർ നിയമിക്കുന്നതിനെ എങ്ങനെ എതിർക്കാനാകുമെന്നാണ് ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ സുധാകരൻ ചോദിച്ചത്.
സംഘ്പരിവാറിനോട് കോൺഗ്രസിന് മൃദുസമീപനമെന്ന് ആക്ഷേപിക്കുന്ന സി.പി.എമ്മിന് വീണുകിട്ടിയ അവസരമായി ഇത്. ബി.ജെ.പിയിലേക്ക് പോകണമെങ്കിൽ തനിക്ക് ആരുടെയും അനുമതി വേണ്ട, കണ്ണൂരിൽ സംഘ്പരിവാർ ശാഖക്ക് കാവൽ ഏർപ്പാടാക്കിയിട്ടുണ്ട് എന്നിങ്ങനെ നേരത്തേയും സമാന പരാമർശം നടത്തിയിട്ടുള്ളയാളാണ് സുധാകരൻ. അവയെല്ലാം ഉയർത്തിക്കാട്ടി സി.പി.എം മൃദുഹിന്ദുത്വം ആക്ഷേപിക്കുമ്പോൾ കെ.പി.സി.സിക്ക് ഉണ്ടാകുന്ന പരിക്ക് ചെറുതല്ല. തെരഞ്ഞെടുപ്പിൽ അതുണ്ടാക്കുന്ന നഷ്ടം തിരിച്ചറിയുന്ന കോൺഗ്രസ് നേതാക്കൾ സുധാകരനൊപ്പമില്ല.
സുധാകരന്റെ പരാമർശങ്ങളിൽ മുഖ്യഘടകകക്ഷിയായ മുസ്ലിം ലീഗിലും അമർഷമുണ്ട്. അവർ അതൃപ്തി പരസ്യമാക്കുന്നില്ല. അതേസമയം, യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ സുധാകരനോട് യോജിക്കുന്നില്ലെന്ന് പരസ്യമായി പറഞ്ഞു. പ്രതിപക്ഷനേതാവ് വി.ഡി. സതീശനും സുധാകരനെ തള്ളിപ്പറയുകയാണ്. പറഞ്ഞപ്പോൾ അങ്ങനെയായിപ്പോയതാണെന്നും കാര്യം തിരിച്ചറിഞ്ഞപ്പോൾ തിരുത്തുകയും വ്യക്തത വരുത്തുകയും ചെയ്തിട്ടുണ്ടെന്നുമാണ് അദ്ദേഹത്തിന്റെ വിശദീകരണം. പാർട്ടിയുടെ മുഖം നോക്കാതെ സെനറ്റിൽ നല്ലയാളുകളെ വെക്കണമെന്നാണ് സുധാകരൻ ഉദ്ദേശിച്ചതെന്നും സതീശൻ പറയുന്നു. പാർലമെന്റിൽ പ്രതിഷേധിച്ചതിന് സസ്പെൻഡ് ചെയ്യപ്പെട്ട എം.പിമാരിലൊരാളാണ് സുധാകരൻ. നടപടിക്ക് വിധേയനായതിന് പിന്നാലെ മാധ്യമങ്ങളെ കണ്ടപ്പോഴാണ് സംഘ്പരിവാർ അനുകൂല പരാമർശമെന്നതാണ് വൈരുധ്യം.
കോണ്‍ഗ്രസിനെ സംഘപാളയത്തിലേക്ക് കെട്ടാനുള്ള പദ്ധതികളാണ് സുധാകരന് ആവിഷ്കരിച്ചിരിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ കുറ്റപ്പെടുത്തി. ഫാഷിസത്തിനെതിരെ ശബ്ദിച്ച് പാർലമെന്റിൽനിന്ന് ഇറങ്ങിയ തനിക്ക് സംഘ്പരിവാര്‍ പട്ടം ചാര്‍ത്തി നല്കാന് അഹോരാത്രം പണിയെടുക്കുന്നവര്‍ ആ വെള്ളം വാങ്ങിവെക്കുന്നതാണ് ഉചിതമെന്നാണ് സുധാകരന്റെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.