പയ്യന്നൂർ: പരിയാരം കവര്‍ച്ചയിലെ മുഖ്യപ്രതി നാമക്കല്‍ കുമാരപാളയം എലന്തക്കോട്ടെ ഗാന്ധിനഗര്‍ സ്വദേശി സുള്ളന്‍ സുരേഷിനെ (35) പരിയാരം പൊലീസ് സ്റ്റേഷനിലെത്തിച്ചു. വെള്ളിയാഴ്ച ഉച്ചയോടെ തമിഴ്നാട്ടിലെ ജോലാര്‍പേട്ട ജങ്ഷന് റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് സുള്ളന്‍ സുരേഷ് പരിയാരം പൊലീസിന്റെ പിടിയിലായത്.
പൊലീസ് തന്നെ പിന്തുടരുന്നുണ്ടെന്ന് മനസ്സിലാക്കിയ സുള്ളന്‍ സുരേഷ് കര്‍ണാടകയിലേക്ക് കടക്കാനായി ഉച്ചയോടെ ജോലാര്‍പേട്ട റെയില്‍വേ സ്റ്റേഷനില്‍ എത്തി.പൊലീസിനെ കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കവേ പിന്തുടര്ന്ന് പിടി കൂടുകയായിരുന്നു. പരിയാരം എസ്.എച്ച്.ഒ പി. നളിനാക്ഷന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ഒരാഴ്ചക്കാലമായി ഇയാളെ പിടികൂടാന്‍ തമിഴ്നാട്ടില്‍ ക്യാമ്പ് ചെയ്യുകയായിരുന്നു. കൊലപാതകം ഉള്‍പ്പെടെ 80 ലേറെ കേസുകളില്‍ പ്രതിയാണ് സുരേഷെന്ന് പൊലീസ് പറഞ്ഞു. 10 വര്‍ഷം മുമ്പ് തൃശൂര്‍ ജില്ലയിലെ ഒരു കവര്‍ച്ചക്കേസിൽ ഇയാള്‍ പിടിയിലായിരുന്നതായി പൊലീസ് പറഞ്ഞു. മോഷണത്തിനായി ഉപയോഗിച്ച കാറും ടവേര വാഹനവും കണ്ടെത്തിയിട്ടുണ്ട്. ട്രെയിനിലും റോഡ് മാര്‍ഗവുമായി രണ്ട് സംഘങ്ങളായിട്ടാണ് പോലീസ് കഴിഞ്ഞ ഒരാഴ്ചയായി സുള്ളന്‍ സുരേഷിനെ തെരഞ്ഞത്.
ഷിജോ അഗസ്റ്റിന്, അഷ്റഫ്, രജീഷ്, സയ്യിദ്, നൗഫല്‍ എന്നീ പൊലീസുകാരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. ഇയാളെ ചോദ്യം ചെയ്യുന്നതിലൂടെ കേസിന്റെ സുപ്രധാന വിവരങ്ങല്‍ ലഭിക്കുമെന്നാണ് പൊലീസ് കരുതുന്നത്. ഒക്ടോബര്‍ 19 ന് പരിയാരം ചിതപ്പിലെ പൊയിലിലെ ഡോ.സക്കീര്‍ അലിയുടെ വീടിന്റെ ജനല്‍ ഗ്രില്‍സ് തകര്‍ത്ത് അകത്തുകടന്ന് വയോധികയെ കഴുത്തിന് കത്തിവെച്ച് ആക്രമിച്ച് ഒമ്പത് പവന്റെ ആഭരണങ്ങളും 15,000 രൂപയും കവര്‍ന്ന കേസിലെ ഒന്നാംപ്രതിയാണ് കോയമ്പത്തൂര്‍ സ്വദേശി സുള്ളന്‍ സുരേഷ്. ഈ കേസില്‍ സുരേഷിന്റെ കൂട്ടാളികളായ മൂന്നു പേരെ പൊലീസ് നേരത്തെ പിടികൂടിയിരുന്നു. സഞ്ജീവ്കുമാര്‍, ജെറാള്‍ഡ്, രഘു എന്നിവരാണ് നേരത്തെ പിടിയിലായത്, ഇവര്‍ റിമാന്‍ഡില്‍ കഴിയുകയാണ്. അബു എന്ന ശിവലിംഗത്തെയാണ് ഇനി പിടികിട്ടാന്‍ ബാക്കിയുള്ളത്. പ്രതികളെ അറസ്റ്റ് ചെയ്തുെവങ്കിലും തൊണ്ടിമുതല്‍ കണ്ടെടുക്കാന്‍ പൊലീസിന് സാധിച്ചിട്ടില്ല. ഇയാളെ ചോദ്യം ചെയ്ത് അത് കണ്ടെടുക്കാമെന്ന വിശ്വാസത്തിലാണ് പൊലീസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.