കൊച്ചി: പ്രഥമ സൂപ്പർ ലീഗ് കേരള മാധ്യമ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മാധ്യമം കൊച്ചി ബ്യൂറോ സീനിയർ ഫോട്ടോ ജേണലിസ്റ്റ് ബൈജു കൊടുവള്ളി മികച്ച ഫോട്ടോഗ്രാഫർക്കുള്ള പുരസ്കാരവും മാധ്യമം കൊച്ചി ബ്യൂറോ റിപ്പോർട്ടർ നഹീമ പൂന്തോട്ടത്തിൽ, മാധ്യമം മഞ്ചേരി റിപ്പോർട്ടർ അജ്മൽ അബൂബക്കർ എന്നിവർ സ്പെഷൽ ജൂറി പുരസ്കാരവും സ്വന്തമാക്കി. മികച്ച ദൃശ്യമാധ്യമ റിപ്പോർട്ടർക്കുള്ള പുരസ്കാരം മീഡിയവൺ കോഴിക്കോട് ന്യൂസ് ഡെസ്കിലെ സീനിയർ വിഡിയോ ജേണലിസ്റ്റ് മഹേഷ് പോലൂരിനാണ്.
50,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് മികച്ച ഫോട്ടോഗ്രാഫർക്കുള്ള പുരസ്കാരം. 10,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് സ്പെഷൽ ജൂറി അവാർഡ്. മികച്ച ദൃശ്യമാധ്യമ റിപ്പോർട്ടർക്കുള്ള പുരസ്കാരം ഒരുലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ്.
ഹാറൂൺ റഷീദ് (സുപ്രഭാതം), കെ. മിഥുൻ ഭാസ്കർ (മാതൃഭൂമി), രാകേഷ് കെ. നായർ (മാതൃഭൂമി), കെ.എൻ. സജേഷ് (മലയാള മനോരമ), മനോജ് മാത്യു (മലയാള മനോരമ), സ്റ്റാൻ റയാൻ (ദ ഹിന്ദു), അജിൻ ജി. രാജ് (ദേശാഭിമാനി), വി. മിത്രൻ (മലയാള മനോരമ), സിറാജ് കാസിം (മാതൃഭൂമി), എൻ.കെ. ഗിരീഷ് (മനോരമ ന്യൂസ്), മുജീബ് റഹ്മാൻ (ഏഷ്യാനെറ്റ് ന്യൂസ്), കെ.കെ. സന്തോഷ് (മാതൃഭൂമി) എന്നിവരാണ് മറ്റു പുരസ്കാര ജേതാക്കൾ. വെള്ളിയാഴ്ച ഉച്ചക്ക് 12ന് കൊച്ചി മാരിയറ്റ് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ സമ്മാനിക്കുമെന്ന് സൂപ്പർ ലീഗ് കേരള സംഘാടകർ അറിയിച്ചു.
കോഴിക്കോട് ജില്ലയിൽ കൊടുവള്ളി കരുവൻപൊയിൽ മുണ്ടുപാലത്തിങ്ങൽ നാരായണൻ നായരുടെയും ലക്ഷ്മിക്കുട്ടി അമ്മയുടെയും മകനാണ് ബൈജു. ഭാര്യ: കെ.ടി. മിനി. അനയ് ബൈജു, അവനിക ബൈജു എന്നിവർ മക്കളാണ്. മലപ്പുറം മങ്കട കടന്നമണ്ണയിൽ പരേതനായ പൂന്തോട്ടത്തിൽ മുഹമ്മദ് കുട്ടിയുടെയും സൈനബയുടെയും മകളാണ് നഹീമ. മാതൃഭൂമി കാക്കനാട് റിപ്പോർട്ടർ പി.ബി. ഷഫീക്കാണ് ഭർത്താവ്. ഇരട്ടകളായ അഹാൻ ഇനാരിൻ, അയാഷ് റോഹൻ എന്നിവരാണ് മക്കൾ. മലപ്പുറം മഞ്ചേരി തൃക്കലങ്ങോട് ഹാജിയാർപടി പുളഞ്ചേരി വീട്ടിൽ അബൂബക്കറിന്റെയും ഹസീനയുടെയും മകനാണ് അജ്മൽ. ഭാര്യ: അൽഫിന. മകൾ: ദുആ ലയാൽ. കോഴിക്കോട് പോലൂർ മംഗലക്കാട്ട് വീട്ടിൽ പരേതനായ എം. അശോകന്റെയും കെ.എം. ശാന്തയുടെയും മകനാണ് മഹേഷ്. ഭാര്യ: രാധിക. മക്കൾ: ദേവത, ഇന്ദ്രനീൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.