കോട്ടയം: കിറ്റ് ഏതായാലും ഇനി സപ്ലൈകോ ഔട്ട്െലറ്റുകൾ കാലിയാവില്ല. സർക്കാർ പുതുതായി പ്രഖ്യാപിച്ചതടക്കം ഭക്ഷ്യക്കിറ്റുകൾ സ്വന്തം വിൽപനയെ ബാധിക്കാതെ പ്രത്യേകം തയാറാക്കാൻ സപ്ലൈകോ തീരുമാനിച്ചു. ഇതിന് എല്ലാ താലൂക്കിലും ഗോഡൗണുകൾ വാടകക്കെടുക്കാൻ തീരുമാനിച്ച് കെട്ടിടങ്ങൾക്കായി ടെൻഡറും ക്ഷണിച്ചു.
സാധനങ്ങളുടെ ശേഖരണം, പാക്കിങ് എന്നിവക്കായി റോഡ് സൗകര്യമുള്ള 7000 ചതുരശ്ര അടിയിൽ കൂടുതൽ വിസ്തീർണമുള്ള കെട്ടിടങ്ങളാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കെട്ടിട ഉടമകൾ ഈമാസം 23മുമ്പ് മാസവാടക നിരക്ക് സഹിതം താൽപര്യപത്രം സമർപ്പിക്കണമെന്ന് മാധ്യമങ്ങളിൽ പരസ്യവും നൽകി.
കോവിഡ്, ഓണക്കിറ്റ് വിതരണകാലത്ത് സപ്ലൈേകാ ഔട്ട്ലെറ്റുകളും സൂപ്പർ മാർക്കറ്റുകളും കാലിയായിരുന്നു. ഇത് കച്ചവടത്തെ ബാധിച്ചതോടെ സപ്ലൈകോയുെട വരുമാനവും കുത്തനെ ഇടിഞ്ഞു. സപ്ലൈകോ ഡിപ്പോകൾ കേന്ദ്രീകരിച്ചായിരുന്നു കോവിഡ്- ഓണക്കിറ്റുകൾക്ക് ആവശ്യമായ സാധനങ്ങൾ ശേഖരിച്ചിരുന്നത്. ഇത് ഔട്ട്ലെറ്റുകളിലേക്കും സൂപ്പർമാർക്കറ്റുകളിലേക്കുമുള്ള ഉൽപന്ന നീക്കത്തെ ബാധിച്ചിരുന്നു.
വിൽപനശാലകൾക്കായി ശേഖരിച്ചിരുന്ന സാധനങ്ങള്‍ കൂട്ടത്തോടെ കിറ്റുകള്‍ക്കായി നല്‍കുകയും ചെയ്തു. ഉദ്യോഗസ്ഥരടക്കം തിരക്കിലായതിനാൽ സാധനങ്ങൾ തീരുന്നമുറക്ക് വിൽപനശാലകളിൽ പകരം എത്തിക്കുന്നതിലും കാലതാമസം നേരിട്ടു. ഇതോടെ സബ്സിഡി നിരക്കില്‍ ലഭിക്കുന്ന സാധനങ്ങളടക്കം ലഭ്യമല്ലാതെ മിക്ക വിൽപനശാലകളും കാലിയായി. അവശ്യസാധനങ്ങളുടെ അഭാവം വ്യാപക പരാതിക്കും ഇടയാക്കി. വിലക്കയറ്റത്തിന് ഇടയാക്കുമെന്ന് ആക്ഷേപവും ഉയർന്നിരുന്നു. ഇതോടെയാണ് ഇനിയുള്ള കിറ്റുകൾ പ്രത്യേകം തയാറാക്കി വിതരണം ചെയ്യാനുള്ള തീരുമാനം. കിറ്റുകൾക്കും വിൽപനശാലകൾക്കും പ്രത്യേകമായി വിതരണ - സംഭരണ സൗകര്യങ്ങളുമൊരുക്കും.
കോവിഡ് കണക്കിലെടുത്ത് ഡിസംബർ വരെ എല്ലാ മാസവും കിറ്റ് നൽകുമെന്നാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിൽ നാലു മാസത്തേക്കാണെങ്കിലും കിറ്റ് വിതരണം നീളാനുള്ള സാധ്യതയും സപ്ലൈകോ കാണുന്നുണ്ട്. ഇതുകൂടി കണക്കിലെടുത്താണ് പുതിയ നീക്കം.
സെപ്റ്റംബറിലെ കിറ്റിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും സപ്ലൈകോ അധികൃതർ അറിയിച്ചു. എട്ട് ഭക്ഷ്യവസ്തുക്കളാകും കിറ്റിലുണ്ടാകുക. ഇത് വിതരണം ചെയ്യാൻ തുണിസഞ്ചികൾക്കായും ടെൻഡർ ക്ഷണിച്ചിട്ടുണ്ട്.
Latest Video:
:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.