thodupuzha corporation

തൊടുപുഴയിൽ സി.പി.എമ്മിന്​ പിന്തുണ; ലീഗ്​ നേതൃത്വം ഇടപെടുന്നു

കോഴിക്കോട്​: തദ്ദേശ തെരഞ്ഞെടുപ്പിന് ഒരുക്കം നടക്കുന്നതിനിടെ, യു.ഡി.എഫ്​ കെട്ടുറപ്പിൽ വിള്ളൽ വീഴ്ത്തി തൊടുപുഴ നഗരസഭയിൽ മുസ്​ലിം ലീഗ്​ പിന്തുണയിൽ സി.പി.എം ഭരണം നിലനിർത്തിയ സംഭവം ലീഗ്​ സംസ്ഥാന കമ്മിറ്റി പരിശോധിക്കുന്നു.

തൊടുപുഴ നഗരസഭയിൽ ഒതുങ്ങുന്ന കാര്യമാണെങ്കിലും ഇതിന്‍റെ പ്രത്യാഘാതം അടുത്ത തദ്ദേശ തെരഞ്ഞെടുപ്പിൽ മറ്റിടങ്ങളിലേക്കും പ്രതിഫലിച്ചേക്കുമെന്ന്​ ആശങ്കയുണ്ട്​. തെക്കൻ ജില്ലകളിൽ ഈരാറ്റുപേട്ട കഴിഞ്ഞാൽ ലീഗിന്​ ശക്തിയുള്ള നഗരസഭയാണ്​ തൊടുപുഴ.

നേരത്തെ അവിടെ നഗരസഭാധ്യക്ഷ പദവി വഹിച്ചിട്ടുണ്ടെങ്കിലും കോൺഗ്രസിന്‍റെ അധീശത്വ നിലപാട്​ പിന്നീട്​ പാർട്ടിയുടെ ശക്തി ക്ഷയിക്കാൻ കാരണമായെന്ന വിലയിരുത്തലിൽ നിന്നാണ്​ നിലപാട്​ കടുപ്പിക്കാനുള്ള തീരുമാനം. ഇനിയും കീഴടങ്ങിയാൽ നഗരസഭയിൽ പാർട്ടി കൂടുതൽ ക്ഷീണിക്കുമെന്നതിനാൽ ചെയർപേഴ്​സൻ സ്ഥാനം എന്ന ആവശ്യത്തിൽനിന്ന്​ പിന്മാറാൻ ലീഗ്​ തയാറല്ല. ഇതാണ്​ സംസ്ഥാന നേതൃത്വത്തിന്​ കീറാമുട്ടിയാകുന്നതും.

മലബാറിൽ മുസ്​ലിം ലീഗ്​ സഹായത്തോടെയാണ്​ പല ​തദ്ദേശ സ്ഥാപനങ്ങളും കോൺഗ്രസ്​ ഭരിക്കുന്നത്​. തദ്ദേശ തെരഞ്ഞെടുപ്പാണെങ്കിലും ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകളാണെങ്കിലും യു.ഡി.എഫ്​ സംവിധാനം ചലിപ്പിക്കുന്നതിൽ ലീഗ്​ നിർണായക പങ്കുവഹിക്കുന്നുമുണ്ട്​. എന്നാൽ, ഇതിന്‍റെ പ്രതിഫലനം തെക്കൻ ജില്ലകളിൽ ഉണ്ടാകുന്നില്ലെന്ന്​ ലീഗിന്​ പരാതിയുണ്ട്​. ഇക്കാര്യത്തിൽ ഇനിയും വിട്ടുവീഴ്ച വേണ്ടതില്ലെന്ന അഭിപ്രായം ലീഗ്​ സംസ്ഥാന നേതൃയോഗത്തിലും ഉയർന്നിരുന്നു.

എറണാകുളം മുതൽ തെക്കൻ കേരളത്തി​ലെ പല ജില്ല കമ്മിറ്റികളിലും കടുത്ത അഭിപ്രായവ്യത്യാസം നിലനിൽക്കുന്നുണ്ട്​. ഇത്​ പരിഹരിക്കാൻ സംസ്ഥാന നേതൃത്വം ഇടപെടുന്നതിനിടയിലാണ്​ തൊടുപുഴ നഗരസഭയി​ൽ യു.ഡി.എഫിന്‍റെ കെട്ടുറപ്പിനെ ബാധിക്കും വിധം നഗരസഭ ഭരിക്കാൻ സി.പി.എമ്മിന്​ പിന്തുണ നൽകുന്ന സാഹചര്യം ഉണ്ടായിരിക്കുന്നത്.

തെക്കൻ ജില്ലകളിൽ ലീഗിനെ അവഗണിക്കുന്ന സമീപനം തുടർന്നാൽ മലബാറിൽ പ്രത്യാഘാതമുണ്ടാകുമെന്നതിനാൽ കെ.പി.സി.സി നേതൃത്വവും പ്രശ്​നപരിഹാരത്തിന്​ ഇടപെടുമെന്ന്​ അറിയുന്നു.

വിഷയത്തിൽ ജില്ലാ കമ്മിറ്റിയോട്​ റിപ്പോർട്ട്​ തേടിയിട്ടുണ്ടെന്നും ആവശ്യമായ ഇടപെടലുകൾ നടത്തി പരിഹാരമുണ്ടാക്കുമെന്നും ലീഗ്​ ജന. സെക്രട്ടറി അഡ്വ. പി.എം.എ. സലാം ‘മാധ്യമ’ത്തോട്​ പറഞ്ഞു. അവിടെ കോൺഗ്രസുമായി പ്രാദേശിക പ്രശ്നങ്ങളുണ്ടെന്ന്​ അറിയാമായിരുന്നു. പരിഹരിക്കാൻ ജില്ലാ കമ്മിറ്റിയോട്​ ആവശ്യപ്പെടുകയും ചെയ്തു. പക്ഷേ, ഇങ്ങനെയൊരു പരിണതി ഉണ്ടാകുമെന്ന്​ പ്രതീക്ഷിച്ചില്ലെന്ന്​ അദ്ദേഹം വ്യക്തമാക്കി.

തൊടുപുഴ നഗരസഭയിൽ കോൺഗ്രസിനും മുസ്​ലിം ലീഗിനും ആറുവീതം അംഗങ്ങളാണുള്ളത്​. കേരള കോൺഗ്രസിന്‍റെ ഒരംഗവും കൂടിയാൽ അധ്യക്ഷസ്ഥാനം എൽ.ഡി.എഫിൽനിന്ന്​ പിടിച്ചെടുക്കാൻ അവസരമുണ്ടായിട്ടും കാലാവധി പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട്​ ലീഗും കോൺഗ്രസും തമ്മിലുണ്ടായ തർക്കമാണ്​ ഇരുപാർട്ടികളും വെവ്വേറെ സ്ഥാനാർഥികളെ നിർത്തുന്നതിലേക്കും ലീഗ്​ അംഗങ്ങൾ എൽ.ഡി.എഫ്​ സ്ഥാനാർഥിക്ക്​ വോട്ട്​ ചെയ്യുന്നതിലേക്കും നയിച്ചത്​. 

Tags:    
News Summary - Support for CPM in Thodupuzha- League leadership intervenes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.