ന്യൂഡൽഹി: എസ്.എൻ.സി-ലാവലിൻ കേസിൽ പിണറായി വിജയനെയും മറ്റ് രണ്ടുപേരെയും കുറ്റവിമുക്തരാക്കിയതിന് എതിരായ സി.ബി.െഎയുടെ പ്രത്യേകാനുമതി ഹരജി സുപ്രീംകോടതി ജനുവരി 10ന് പരിഗണിക്കും. പിണറായി വിജയൻ, മുന്‍ ഊര്‍ജ സെക്രട്ടറി കെ. മോഹനചന്ദ്രന്, ജോയൻറ് സെക്രട്ടറി എ. ഫ്രാന്‍സിസ് എന്നിവരെ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കിയ ഹൈകോടതി വിധിക്കെതിരെയാണ് അന്വേഷണ ഏജൻസി ഹരജി നൽകിയത്. ജസ്റ്റിസുമാരായ എൻ.വി. രമണ, എസ്. അബ്ദുൽ നസീർ എന്നിവരുടെ ബെഞ്ചാണ് അപ്പീൽ പരിഗണിക്കുക. സി.ബി.െഎക്ക് പുറമെ, മൂന്ന് മുൻ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരും സുപ്രീംകോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്. സി.ബി.െഎ ഡിസംബർ 19നാണ് സുപ്രീംകോടതിയെ സമീപിച്ചത്.
സി.ബി.െഎയുടെയും കെ.എസ്.ഇ.ബി മുൻ അക്കൗണ്ട് ഒാഫിസർ കെ.ജി. രാജശേഖരെൻറയും ഹരജികളാണ് ജനുവരി 10ന് പരിഗണിക്കാൻ കോടതി ലിസ്റ്റ് ചെയ്തിട്ടുള്ളത്. അതേസമയം, വിചാരണചെയ്യാൻ ഹൈകോടതി അനുമതിനൽകിയ കസ്തൂരിരംഗ അയ്യർ, ആർ. ശിവദാസൻ എന്നിവരുടെ ഹരജി 15ാം തീയതി പരിഗണിക്കാനാണ് ലിസ്റ്റ് ചെയ്തിട്ടുള്ളത്. കോൺഗ്രസ് നേതാവ് വി.എം. സുധീരനും കേസിൽ കക്ഷി ചേർക്കണമെന്നാവശ്യപെട്ട് സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.
പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കിയ പിണറായി വിജയൻ, എ. ഫ്രാൻസിസ്, കെ. മോഹനചന്ദ്രൻ എന്നിവർ എസ്.എൻ.സി- ലാവലിൻ ഇടപാടിലെ ഗൂഢാലോചനയിൽ പങ്കാളികളാണെന്നും അതിന് വ്യക്തമായ തെളിവുണ്ടെന്നുമാണ് സി.ബി.െഎ വാദം. അതേസമയം, കേസിൽ ഏഴാം പ്രതിയായിരുന്ന പിണറായി വിജയനെ സി.ബി.െഎ തിരഞ്ഞുപിടിച്ച് ബലിയാടാക്കിയെന്നാണ് ഹൈകോടതി വിധിപ്രസ്താവത്തിൽ പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.