തിരുവനന്തപുരം: പള്ളികളുടെ മേലുള്ള അവകാശവാദത്തിൽ സർവേ നടപടികൾ വിലക്കിയ സുപ്രീംകോടതി നടപടി ജനാധിപത്യവും മതസൗഹാർദവും ആഗ്രഹിക്കുന്നവർക്ക് ആശ്വാസം പകരുന്നതാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പാർട്ടി സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പഴയ പള്ളികൾ പലതും ക്ഷേത്രം തകർത്താണെന്ന പ്രചാരണം സംഘ്പരിവാറിന്റെ വലിയ ലക്ഷ്യത്തിന്റെ ഭാഗമാണ്. ബാബരി മസ്ജിദ് വിഷയം ഉയർത്തിയ മത, വർഗീയത വളർത്തിയ ആർ.എസ്.എസ് അതേപാതയിൽ തന്നെ നീങ്ങുകയാണ്. അതിന്റെ അപകടം തിരിച്ചറിയണം.
സി.പി.എം കൊല്ലം ജില്ല സമ്മേളനത്തെക്കുറിച്ച് തെറ്റായ വാർത്തകളാണ് മാധ്യമങ്ങൾ നൽകിയത്. ആദ്യദിനം എം.വി. ഗോവിന്ദൻ സംസാരിച്ചു, ജില്ല കമ്മിറ്റിയെ കുറ്റപ്പെടുത്തി എന്ന് പറയുന്നത് പച്ചക്കള്ളമാണ്. കഞ്ചാവ് കച്ചവട കേന്ദ്രമായി ലോക്കൽ കമ്മിറ്റി ഓഫിസ് പ്രവർത്തിച്ചുവെന്ന് ഞാൻ പറഞ്ഞിട്ടില്ല. തെറ്റായ പ്രവണത തിരുത്താനുള്ള ചർച്ചകളും തീരുമാനങ്ങളുമാണ് പാർട്ടി സമ്മേളനങ്ങളിൽ നടക്കുന്നത്.
അത് കമ്യൂണിസ്റ്റ് വിരുദ്ധമായ രീതിയിൽ അവതരിപ്പിക്കുകയാണ് ചെയ്തത്. തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് വലിയ നേട്ടമുണ്ടാക്കിയെന്നും ഭരണവിരുദ്ധ തരംഗമെന്നുമുള്ള മാധ്യമ വിലയിരുത്തൽ തെറ്റാണെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.