തൃശൂർ: കുത്തിത്തിരിപ്പ് ഉണ്ടാക്കിയില്ലെങ്കിൽ കലാമണ്ഡലം ഗോപിയാശാനെ കാണാൻ ഇനിയും ശ്രമിക്കുമെന്ന് തൃശൂരിലെ എൻ.ഡി.എ സ്ഥാനാർഥി സുരേഷ് ഗോപി. തെരഞ്ഞെടുപ്പ് അല്ലാത്തപ്പോഴും അദ്ദേഹത്തെ സന്ദർശിച്ചിട്ടുണ്ട്. ഇതിനെ ഒന്നും രാഷ്ട്രീയ പശ്ചാത്തലത്തിൽ കാണുന്നത് ഇഷ്ടമല്ലെന്ന് പറഞ്ഞ സുരേഷ് ഗോപി ഇത് അവഗണനയായി എടുക്കുന്നില്ലെന്നും രാഷ്ട്രീയ ബാധ്യതയായിട്ടാണ് കാണുന്നതെന്നും പറഞ്ഞു.
തന്നെ സ്നേഹിക്കുന്നുണ്ടോ എന്ന് അവരുടെ ഹൃദയത്തോട് ചോദിക്കൂ. ആ സ്നേഹം താൻ തൊട്ടറിഞ്ഞിട്ടുണ്ടല്ലോ. സന്ദർശനത്തിന് സമ്മതം ഉണ്ടെങ്കിൽ തീർച്ചയായും പോകും. ഇല്ലെങ്കിലും ആ സമർപ്പണം ചെയ്യും. ഗുരുവായൂരപ്പന്റെ ദീപസ്തംഭത്തിന് മുന്നിൽ വെച്ചിരിക്കുന്ന പെട്ടിക്കുമുകളിൽ അദ്ദേഹത്തിനുള്ള മുണ്ടും നേര്യതും വെറ്റിലപ്പാക്കും ഗുരുദക്ഷിണ വെച്ച് പ്രാർഥിക്കും. ഗോപിയാശാനുള്ള ദക്ഷിണയാണ് എന്ന് പറഞ്ഞ് വെച്ചിട്ട് പോകും.
തന്റെ വീട്ടിലേക്ക് വി.കെ. പ്രശാന്ത് അടക്കം വോട്ടുചോദിച്ച് വന്നിട്ടുണ്ട്. ബി.ജെ.പിയിൽ ചേർന്നതിന് ശേഷമാണ് എല്ലാവരും വന്നത്. കെ. മുരളീധരനും വന്നിട്ടുണ്ട്. വന്നവരെയെല്ലാം സ്വീകരിച്ചിട്ടുണ്ട്. തുല്യപ്രാധാന്യം നൽകിയിട്ടുണ്ട്. താനൊരു പഴയ എസ്.എഫ്.ഐക്കാരനാണ്. എം.എ. ബേബിയോട് ചോദിച്ചാൽ അക്കാര്യം അറിയാം. എം.എ. ബേബിയുടെ ക്ലാസിൽ ഇരുന്നിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.