ഗുരുവായൂർ: ബി.ജെ.പിയും യു.ഡി.എഫും തമ്മിൽ നടന്ന വോട്ട് കച്ചവടത്തിെൻറ പരസ്യപ്പെടുത്തലാണ് ഗുരുവായൂർ മണ്ഡലത്തിൽ കെ.എൻ.എ. ഖാദർ ജയിക്കണമെന്ന തൃശൂരിലെ എൻ.ഡി.എ സ്ഥാനാർഥി സുരേഷ് ഗോപിയുടെ പ്രസ്താവനയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം ബേബി ജോൺ. മുസ്ലിം ലീഗ് ആദ്യം പ്രഖ്യാപിച്ച സ്ഥാനാർഥി പട്ടികയിൽ ഗുരുവായൂരിനെ മാറ്റിനിർത്തിയതും പിന്നീട് കെ.എൻ.എ. ഖാദർ സ്ഥാനാർഥിയായതുമെല്ലാം സംഘ്പരിവാറുമായി കച്ചവടം ഉറപ്പിക്കാനെടുത്ത കാലതാമസം മൂലമാണെന്നും ബേബി ജോൺ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
എൻ.ഡി.എ സ്ഥാനാർഥികളുടെ പത്രിക തള്ളിപ്പോയ ഗുരുവായൂരിൽ യു.ഡി.എഫ് സ്ഥാനാർഥി കെ.എൻ.എ. ഖാദർ ജയിക്കണമെന്നും തലശ്ശേരിയിൽ എൽ.ഡി.എഫ് സ്ഥാനാർഥി എ.എൻ. ഷംസീർ ജയിക്കരുതെന്നും കഴിഞ്ഞദിവസം ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ സുരേഷ് ഗോപി പറഞ്ഞത് ഏെറ വിവാദമായിരുന്നു. ഗുരുവായൂർ മണ്ഡലം ഉപേക്ഷിച്ചുപോയ പി.കെ.കെ. ബാവ 2001ൽ വീണ്ടും ഇവിടെ മത്സരിക്കാനെത്തിയതിനെ ഓർമിപ്പിക്കുന്നതാണ് കെ.എൻ.എ. ഖാദറിെൻറയും വരവെന്ന് ബേബി ജോൺ പറഞ്ഞു.
1996ൽ ബി.ജെ.പിക്കുണ്ടായിരുന്ന 10.8 ശതമാനത്തിെൻറ വോട്ട് വിഹിതം 2001ൽ 5.04 ആയി കുറഞ്ഞു. തിരിച്ചുവന്ന പി.കെ.കെ. ബാവ ബി.ജെ.പി വോട്ട് പകുതിയായപ്പോൾ വിജയം നേടി. ഈ വോട്ട് കച്ചവടത്തിെൻറ ആവർത്തനമാണ് ഇപ്പോൾ ഗുരുവായൂരിൽ നടക്കുന്നത്. സുരേഷ് ഗോപിയുടെ പ്രസ്താവന വ്യക്തിപരമാണെന്ന് പറയുന്ന കേന്ദ്രമന്ത്രി വി. മുരളീധരൻ ഗുരുവായൂരിൽ നടന്ന പത്രികതള്ളൽ നാടകത്തെക്കുറിച്ച് വിശദീകരിക്കണം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മത്സരിച്ച, അഭിഭാഷക കൂടിയായ സ്ഥാനാർഥിക്ക് ഒരു ഫോറം പൂരിപ്പിക്കാനറിയില്ലെന്ന് പറയുന്നത് വിശ്വസിക്കാനാവില്ല.
സാധുവല്ലെന്നറിയാവുന്ന പത്രിക നൽകി ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള നാടകമാണ് നടന്നത്. അവിൽപ്പൊതിയുമായി എത്തിയ കുചേലനല്ല, കൃഷ്ണകഥയിലെ കാലയവനനാണ് യു.ഡി.എഫ് സ്ഥാനാർഥി കെ.എൻ.എ ഖാദർ. സ്ഥാനാർഥിയുടെ കൈയിൽ അവിൽ പൊതിയായിരുന്നില്ല, ആർ.എസ്.എസ് കാര്യാലയത്തിൽ സമർപ്പിക്കാനുള്ള പണപ്പൊതിയായിരുന്നെന്നും ബേബിജോൺ വാർത്തസമ്മേളനത്തിൽ ആരോപിച്ചു.
തൃശൂരിൽ സുരേഷ് ഗോപി സ്വയം കീഴടങ്ങി കരുണാകരപുത്രിയെ ജയിപ്പിക്കാൻ ശ്രമിക്കുകയാണ്. ലോക്സഭ തെരഞ്ഞെടുപ്പിൽ 'തൃശൂരിനെ ഞാനെടുക്കുവാ' എന്ന് പറഞ്ഞ അദ്ദേഹം ഇപ്പോൾ വിജയസാധ്യതയല്ല, മത്സര സാധ്യതയാണ് താൻ പരിഗണിക്കുന്നതെന്നാണ് പറയുന്നത്. ഇതൊരു കീഴടങ്ങലാണ്. കരുണാകര പുത്രിയെ ജയിപ്പിച്ച് ബി.ജെ.പിയിൽ എത്തിക്കാമെന്ന് ഉറപ്പ് ലഭിച്ചതിെൻറ തെളിവാണ് സുരേഷ് ഗോപിയുടെ പ്രസ്താവനകളെന്നും ബേബി ജോൺ പറഞ്ഞു.
കെ.വി. അബ്ദുൽ ഖാദർ എം.എൽ.എ, ഗുരുവായൂർ നഗരസഭാധ്യക്ഷൻ എം. കൃഷ്ണദാസ്, എൽ.ഡി.എഫ് നിയോജക മണ്ഡലം സെക്രട്ടറി സി. സുമേഷ്, ഹാരിസ് ബാബു എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.