മഞ്ചേരി: താനൂര്‍ കസ്റ്റഡി കൊലപാതകത്തില്‍ ഫോറന്‍സിക് വിദഗ്ധരുടെ ഭാഗത്തുനിന്ന് അട്ടിമറിനീക്കങ്ങളുണ്ടായതായി ഫോറന്‍സിക് സര്ജന് ഹിതേഷ് ശങ്കര്‍. ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പൊലീസ് കസ്റ്റഡിയിൽ മരിച്ച താമിര്‍ ജിഫ്രിയുടെ പോസ്റ്റ്മോര്‍ട്ടം നടത്തിയത് ഹിതേഷ് ശങ്കറായിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ പേരിൽ പൊലീസ് ഇദ്ദേഹത്തിനെതിരെ രംഗത്തെത്തിയിരുന്നു. റിപ്പോര്‍ട്ടിന്റെ പേരില്‍ താൻ വ്യക്തിപരമായി ആക്രമിക്കപ്പെട്ടെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
പൊലീസ് ഗ്രൂപ്പുകളില്‍ പൊങ്കാലയാണ്. എങ്ങനെയാണ് അഭിപ്രായം കൊടുക്കേണ്ടതെന്നുപോലും അവര്‍ പഠിപ്പിക്കുന്നു. വലിയ സമ്മര്‍ദങ്ങളുണ്ടായെങ്കിലും ഉത്തരവാദിത്തം നിര്‍വഹിക്കാന്‍ സാധിച്ചു. സഹായം കൈപ്പറ്റിയവര്പോലും പൊലീസിനൊപ്പം ചേര്‍ന്നു. പേക്ഷ അതൊന്നും ഒരുപ്രശ്നമല്ല. കാരണം സത്യമാണ് എന്റെ കക്ഷി. ഫോറന്‍സിക് മെഡിസിന് നിഷ്പക്ഷമാണ്. സത്യം കണ്ടെത്തുക, അതിനാവശ്യമായ തെളിവുകള്‍ ശേഖരിക്കുക, അതുവഴി പ്രതിയിലേക്കെത്തുക എന്നതാണ് പോസ്റ്റ്മോര്‍ട്ട പരിശോധനയുടെ ലക്ഷ്യം. അതിലേക്കുള്ള ചവിട്ടുപടികളാണ് മരണകാരണവും മറ്റും. റിപ്പോര്‍ട്ട് തയാറാക്കുന്നത് കണ്ടെത്തലുകള്‍ അടിസ്ഥാനമാക്കിയാണ്. അല്ലാതെ പ്രതിയായി ആരോപിക്കപ്പെട്ടവരുടെ വലുപ്പചെറുപ്പം നോക്കിയല്ലെന്നും ഹിതേഷ് ശങ്കര്‍ പറഞ്ഞു. ഡോക്ടര്‍ ജോലി ഉപജീവനമായല്ല കാണുന്നത്. സമൂഹത്തിനോടുള്ള കടപ്പാടുകള്‍ നിറവേറ്റുകയാണ് എന്റെ തൊഴിലിലൂടെ. നിര്‍ഭാഗ്യവശാല്‍ ചില ഡോക്ടര്‍മാര്‍ പക്ഷപാതസമീപനം സ്വീകരിക്കുന്നു. അതുമൂലം നീതി നിഷേധിക്കപ്പെടുന്നെന്നും അത് തുടരരുതെന്നും കുറിപ്പിലുണ്ട്.
മലപ്പുറം: താനൂര്‍ കസ്റ്റഡി കൊലപാതകത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ മെല്ലേപ്പോക്കെന്ന് ആക്ഷേപം. ഹൈകോടതി ഇടപെടലിന് പിന്നാലെ നാല് ഡാൻസാഫ് ഉദ്യോഗസ്ഥരെ പ്രതിചേർത്ത് പ്രതിപ്പട്ടിക സമർപ്പിച്ചിട്ടും അറസ്റ്റ് നടപടികൾ വൈകുകയാണ്. കസ്റ്റഡിയിൽ മരിച്ച താമിർ ജിഫ്രിയെ മർദിച്ച നാല് പൊലീസ് ഉദ്യോഗസ്ഥരെ കൊലപാതകകുറ്റമടക്കമുള്ള ഗുരുതര വകുപ്പുകൾ ചുമത്തിയാണ് പ്രതിചേർത്തത്. എന്നാൽ, ഇവരെ പിടികൂടാനോ ചോദ്യം ചെയ്യാനോ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. കേസ് സി.ബി.ഐ ഏറ്റെടുക്കുകയാണെങ്കിൽ തുടർ നടപടികൾ സി.ബി.ഐ കൈക്കൊള്ളട്ടെയെന്ന നിലപാടാണ് അന്വേഷണ സംഘത്തിനുള്ളതെന്ന് സൂചനയുണ്ട്.
എസ്.പിക്ക് കീഴിലെ ഡാന്‍സാഫ് ഉദ്യോഗസ്ഥരായ താനൂര്‍ സ്റ്റേഷനിലെ എസ്.സി.പി.ഒ ജിനേഷ്, പരപ്പനങ്ങാടി സ്റ്റേഷനിലെ സി.പി.ഒ ആല്ബിന് അഗസ്റ്റിന്, കല്പകഞ്ചേരി സ്റ്റേഷനിലെ സി.പി.ഒ അഭിമന്യു, തിരൂരങ്ങാടി സ്റ്റേഷനിലെ സി.പി.ഒ വിപിന്‍ എന്നിവർക്കെതിരെയാണ് കഴിഞ്ഞദിവസം കൊലക്കുറ്റം ചുമത്തി പ്രതിപ്പട്ടിക സമർപ്പിച്ചത്. താമിർ ജിഫ്രിയെ ക്രൂരമായി മർദിച്ചവരാണ് ഇവർ നാല്പേരുമെന്ന് വ്യക്തമായിട്ടുണ്ട്.
പ്രതികളായ പൊലീസുകാരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി റെജി. എം. കുന്നിപറമ്പൻ പറഞ്ഞു. ജൂലൈ 31നാണ് ലഹരിക്കേസിൽ താമിർ ജിഫ്രിയെയും സുഹൃത്തുക്കളെയും കസ്റ്റഡിയിലെടുത്തത്. ആഗസ്റ്റ് ഒന്നിന് പുലർച്ചെ താമിർ ജിഫ്രി മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.