aneesh siyona devi 0990

കണ്ടക്ടർ അനീഷ്, തട്ടിക്കൊണ്ടുപോയ കുട്ടി, പ്രതി ദേവി 

അമ്മ തമിഴിലും കുട്ടി മലയാളത്തിലും സംസാരിച്ചപ്പോൾ കണ്ടക്ടർക്ക് സംശയം, അടൂരിൽ നിന്ന് തൃശൂരിലേക്ക് ടിക്കറ്റിന് നൽകിയത് 50 രൂപ; ബസ് നേരെ പൊലീസ് സ്റ്റേഷനിലേക്ക് വിട്ടു

പന്തളം: തമിഴ്​നാട്​ സ്വദേശിയായ നാടോടി സ്ത്രീയിൽനിന്ന്​ മൂന്നര വയസ്സുകാരി സിയാനയെ രക്ഷിച്ചത്​​ കെ.എസ്.ആർ.ടി.സി ചെങ്ങന്നൂർ ഡിപ്പോയിലെ കണ്ടക്ടറായ പത്തനംതിട്ട ആറന്മുള എഴിക്കാട് സ്വദേശി ബി. അനീഷിന്‍റെ സമയോചിത ഇടപെടൽ. കൊല്ലം കുന്നിക്കോട് സ്വദേശിയായ കുട്ടിയെ തമിഴ്നാട് കോയമ്പത്തൂർ സ്വദേശിനിയായ ദേവി (45) തിങ്കളാഴ്​ച വൈകുന്നേരമാണ്​ തട്ടിക്കൊണ്ടുപോയത്​. ബീച്ച്​ കാണാനെത്തിയ അമ്മയും മകളും വീട്ടിലേക്കുള്ള മടക്കയാത്രക്കിടയിൽ കൊല്ലം കെ.എസ്.ആർ.ടി.സി ബസ്​ സ്റ്റാൻഡിൽ എത്തിയ​പ്പോഴാണ്​ ദേവി കൂടെക്കൂടി കുട്ടിയെ തട്ടിയെടുത്ത്​ കടന്നത്​. അമ്മയുടെ മാനസിക അസ്വാസ്ഥ്യവും എല്ലാവരുമായി പെട്ടെന്ന് ഇണങ്ങുന്ന പ്രകൃതവും​ കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ നാടോടി സ്​​ത്രീക്ക്​ സഹായകമായെന്ന്​ പൊലീസ്​ പറഞ്ഞു.

ചെങ്ങന്നൂർ ഡിപ്പോയിലെ സൂപ്പർ ഡീലക്സ് ബസിൽ അടൂരിൽനിന്ന്​ കയറിയ ദേവിയുടെയും കുട്ടിയുടെയും പെരുമാറ്റത്തിൽ സംശയം തോന്നിയാണ്​​ കണ്ടക്ടർ ബി. അനീഷ്, ഇവരിൽനിന്ന്​ കൂടുതൽ വിവരങ്ങൾ തേടിയത്​. 50 രൂപക്ക്​ തൃശൂരിൽ പോകാൻ കഴിയില്ലെന്നും അടുത്ത സ്റ്റോപ്പിൽ ഇറക്കിവിടാനും കണ്ടക്ടർ തീരുമാനിച്ചിരുന്നു. കണ്ടക്ടർ സീറ്റിന്​ അടുത്തിരുന്ന കുഞ്ഞിനോട്​ സംസാരിക്കുന്നതിനിടെ സംശയം ബലപ്പെട്ടു. കൂടെയുള്ളത്​ ആരെന്ന് ചോദിച്ചപ്പോൾ അമ്മയാണെന്ന് മറുപടി നൽകി. അമ്മ തമിഴിലും കുട്ടി മലയാളത്തിലും സംസാരിക്കുന്നതിൽ സംശയം തോന്നി അനീഷ്, ഡ്രൈവർ സഹീറുമായി ആലോചിച്ച്​ ബസ് പന്തളം പൊലീസ്​ സ്​റ്റേഷനിൽ എത്തിക്കുകയായിരുന്നു. തുടർന്ന് പൊലീസ് കുഞ്ഞിൽനിന്ന്​ വിവരങ്ങൾ ശേഖരിച്ചു. ചോദ്യം ചെയ്യലിൽ നാടോടി സ്ത്രീ ദേവിയും അവ്യക്തമായി സംസാരിച്ചു. തന്‍റെ മകളാണെന്നാണ്​​ നാടോടി സ്ത്രീ പറഞ്ഞത്. എന്നാൽ, കുട്ടിയോട് ചോദിച്ചപ്പോൾ പേരും മറ്റും വെളിപ്പെടുത്തി. കുട്ടിയെ തട്ടിക്കൊണ്ടുവന്നതാണെന്ന്​ പൊലീസിന്​ വ്യക്തമായിരുന്നു.

കുട്ടികളെ കാണാതായ കേസുകൾ സംബന്ധിച്ച്​ സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിൽനിന്ന്​ വിവരങ്ങൾ ശേഖരിച്ചു​. കുന്നിക്കോട് സ്വദേശിയാണെന്ന് കുട്ടി പറഞ്ഞതോടെയാണ് അന്വേഷണം കുന്നിക്കോട് മേഖലയിലേക്ക്​ നീങ്ങിയത്​. ഇതിനിടെ, പെൺകുട്ടിയെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ കു​ന്നിക്കോട്​ പൊലീസ്​ സ്റ്റേഷനിൽ എത്തുകയും ചെയ്തിരുന്നു. സ്ത്രീയെയും കുട്ടിയെയും മെഡിക്കൽ പരിശോധനക്ക് ​വിധേയമാക്കി പന്തളം പൊലീസ്​ നടപടി സ്വീകരിച്ചു. പന്തളം പൊലീസ് ഇൻസ്‌പെക്ടർ ടി.ഡി. പ്രജീഷിന്‍റെ നേതൃത്വത്തിലാണ്​ അന്വേഷണം നടത്തിയത്​. 

Tags:    
News Summary - Suspicious when mother spoke in Tamil and child in Malayalam conductors timely intervention saved girl from trafficking

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.