കോട്ടയം: വോട്ട് പാഴാക്കരുതെന്ന സന്ദേശം പ്രചരിപ്പിക്കുന്ന തെരഞ്ഞെടുപ്പ് കമീഷന്റെ സ്വീപ് യൂത്ത് ഐക്കണ്‍ വോട്ടില്ല. നടി മമിത ബൈജുവിനാണ് വോട്ടില്ലാത്തത്. മമിതയുടെ കന്നിവോട്ടായിരുന്നു ഇത്തവണത്തേത്. വോട്ടർപട്ടികയിൽ പേരില്ലാത്തതാണ് പ്രശ്നമായത്.
തെരഞ്ഞെടുപ്പിന് മുന്നോടിയായി കഴിഞ്ഞ ദിവസം പ്രവർത്തകർ നടിയുടെ കിടങ്ങൂരിലെ വസതിയിൽ വോട്ടിങ് സ്ലിപ് എത്തിച്ചപ്പോഴാണ് മകളുടെ പേര് ലിസ്റ്റിലില്ലെന്ന വിവരം പിതാവ് ഡോ. ബൈജു അറിയുന്നത്. സിനിമ തിരക്കുകൾ വർധിച്ചതിനാലാണ് മകൾക്ക് വോട്ട് ഉറപ്പാക്കാൻ കഴിയാതെ പോയതെന്ന് പിതാവ് പ്രതികരിച്ചു.
വോട്ടർമാരെ ബോധവത്കരിക്കാനും വോട്ടർ സാക്ഷരത പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള തെരഞ്ഞെടുപ്പ് കമീഷന്റെ പദ്ധതിയാണ് ‘സ്വീപ്’ എന്നറിയപ്പെടുന്ന സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജുക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ പ്രോഗ്രാം. കന്നിവോട്ടർമാരെ ആകർഷിക്കാനാണ് മമിത ബൈജുവിനെ സ്വീപ് യൂത്ത് ഐക്കണായി തെരഞ്ഞെടുത്തത്. നടൻ ടൊവിനോ തോമസാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്റെ അംബാസഡർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.