ശബരിമല: ഇന്ത്യൻ രാഷ്ട്രപതി കഴിഞ്ഞാൽ സ്വന്തം പേരിൽ തപാൽ മുദ്രയുള്ള ശബരിമല അയ്യപ്പന്റെ സ്വന്തം പോസ്റ്റ് ഓഫിസിന് ഇത് അമ്പതാം വയസ്. സ്വാമി അയ്യപ്പൻ, ശബരിമല സന്നിധാനം, 689713 എന്നതാണ് പോസ്റ്റ് ഓഫിസിന്റെ മേൽവിലാസം. ഈ വിലാസത്തിൽ അയക്കുന്ന കത്തുകളും കാണിക്കയായുള്ള മണിയോർഡറുകളും എല്ലാ സീസണിലും ഇവിടെ ലഭിക്കും.
1974ലെ മണ്ഡല കാലത്താണ് പൂർണ സംവിധാനത്തോടെ സന്നിധാനത്ത് തപാൽ ഓഫിസ് തുടങ്ങിയത്. മണ്ഡല- മകരവിളക്ക് കാലത്തും വിഷുവിനും മാത്രമാണ് പ്രവർത്തനം. കത്തുകളും കാർഡുകളും അയക്കാൻ ഉപയോഗിക്കുന്ന അയ്യപ്പ മുദ്രയാണ് പോസ്റ്റ് ഓഫിസിന്റെ പ്രധാന പ്രത്യേകത. അയ്യപ്പന്റെ മുദ്ര പതിച്ച പോസ്റ്റൽ കാർഡുകളും ഇവിടെ ലഭ്യമാണ്. ശബരിമലയിൽ എത്തുന്ന ഇതര സംസ്ഥാന തീർഥാടകർ അടക്കമുള്ളവർ ഈ കാർഡുകൾ സന്നിധാനത്ത് നിന്നും തങ്ങളുടെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയക്കാറുണ്ട്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിവാഹ ക്ഷണപത്രിക, ഗൃഹപ്രവേശന പത്രിക, മറ്റ് പ്രാർഥനകൾ എന്നിവയും അയ്യപ്പന്റെ പേരിൽ ലഭിക്കാറുണ്ട്. ഇവ ദേവസ്വം അധികൃതർക്ക് കൈമാറുകയാണ് ചെയ്യുന്നതെന്ന് പോസ്റ്റ് മാസ്റ്റർ എം. മനോജ് കുമാർ പറഞ്ഞു. പോസ്റ്റ് മാസ്റ്റർ അടക്കം നാല് ജീവനക്കാരാണ് ഇവിടെയുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.