മാഹി: ബംഗ്ലാദേശിനെ സ്വതന്ത്രമാക്കുന്നതിനായി പാക്കിസ്താനെതിരെ ഇന്ത്യൻ സൈന്യം 1971ൽ നടത്തിയ യുദ്ധത്തിന്റെ അനുഭവങ്ങൾ പങ്കുവെച്ച് പള്ളൂരിലെ പാലോള്ളതിൽ ടി. മാധവൻ നമ്പ്യാർ. ഇന്ത്യൻ കരസേനയിൽ വയർലസ് ഓപറേറ്ററായി വെസ്റ്റ് ബംഗാൾ സിലികുടി ക്യാമ്പിൽ ജോലി ചെയ്യുന്ന കാലത്തായിരുന്നു ഇന്ത്യ ഗവൺമെന്റിന്റെ യുദ്ധാഹ്വാനം.
ബംഗ്ലാദേശിനെ സ്വതന്ത്രമാക്കാനായി പാക്കിസ്ഥാനെതിരെനീങ്ങിയ ഇന്ത്യൻ സേനയിൽ താനും ഉണ്ടായിരുന്നു. ഒരാഴ്ച നീണ്ട യുദ്ധത്തിൽ പങ്കെടുത്ത തനിക്ക് ഭീകരമായ ആക്രമണത്തിൽ ഇരു കൈകൾക്കും കാലിനും തലക്കും മാരകമായ പരുക്കുപറ്റി. നാലു നാൾ കഴിഞ്ഞ് ബോധം വന്നപ്പോൾ ബംഗാളിലെ ബിച്ച് ആശുപത്രിയിലായിരുന്നു. ഒരു മാസത്തിനു ശേഷം വിദഗ്ധ ചികിത്സക്കായി അലഹബാദ് മിലിട്ടറി ആശുപത്രിയിലേക്ക് മാറ്റി.
പരിക്കേറ്റ സൈനികരുടെ ക്ഷേമം അന്വേഷിക്കാനായി മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി നേരിട്ട് ആശുപത്രിയിലെത്തി മണിക്കൂറുകളോളം ചെലവഴിച്ചിരുന്നു.
എനിക്ക് രണ്ടുകൈയും അനക്കാൻ പറ്റാത്ത അവസ്ഥ മനസ്സിലാക്കിയ ഇന്ദിരാ ഗാന്ധി ഭക്ഷണം വാരിത്തന്ന രംഗം ഇപ്പോഴും ഓർക്കുകയാണെന്ന് വികാരഭരിതനായി മാധവൻ നമ്പ്യാർ പറഞ്ഞു. പിന്നീട് രണ്ട് വർഷത്തോളം പുണെ മിലിട്ടറി ആശുപത്രിയിലെ ചികിത്സക്കു ശേഷം 1973 ൽ മിലട്ടറി മെഡിക്കൽ ബോർഡിന്റെ നിർദേശാനുസരണം വിരമിക്കുകയായിരുന്നു. 21 വർഷത്തോളം കേരള റവന്യൂ സർവിസിൽ ക്ലർക്കായി ജോലി ചെയ്തു.
എഴ് വർഷത്തോളം മിലിട്ടറിയിൽ ജോലി ചെയ്ത ഇദ്ദേഹത്തിന് മിലിട്ടറിയുടെ ഡിസ്എബിലിറ്റി പെൻഷനും കേരള സർവിസ് പെൻഷനും ലഭിക്കുന്നുണ്ട്. ഭാര്യ സതി ദേവിയുടെയും മകളുടെയും കൂടെ പള്ളൂരിലെ വീട്ടിലാണ് ഇപ്പോൾ താമസം. യുദ്ധത്തിൽ രാജ്യം വിജയം നേടിയതിന്റെ ആഹ്ലാദം പങ്കുവെക്കുന്ന വിജയ് ദിവസമായ ഡിസംബർ 16ന് മാധവൻ നമ്പ്യാരെ പ്രിയദർശിനി യുവകേന്ദ്ര പ്രവർത്തകർ വീട്ടിലെത്തി ആദരിച്ചു. പ്രിയദർശിനി മെമ്മോറിയൽ ട്രസ്റ്റ് ചെയർമാൻ സത്യൻ കേളോത്ത് ഷാളണിയിച്ച് ആദരിച്ചു. കെ.വി. ഹരീന്ദ്രൻ, രാജൻ കെ. പള്ളൂർ, കെ.പി. ഉദയകുമാർ, ശിവൻ തിരുവങ്ങാടൻ, കെ. സുജിത്ത്, കെ.ജി. പ്രദീപൻ, ബാലകൃഷണൻ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.