കോഴിക്കോട്: 'മാധ്യമ'ത്തിനും അനുബന്ധ സ്ഥാപനങ്ങൾക്കും ഒരു വിലക്കും കൽപിക്കാൻ കഴിയില്ലെന്ന് എഴുത്തുകാരൻ ടി. പത്മനാഭൻ. നിങ്ങളുടെ വിശ്വാസപ്രമാണങ്ങളിൽ വിശ്വാസമില്ലാത്തവരായാലും ഇവിടെ പ്രവർത്തിക്കാനുള്ള പൂർണ സ്വാതന്ത്ര്യത്തിന് ഒരു വിഘാതവും കൽപിക്കുമെന്ന് തോന്നുന്നില്ല. വല്ലവരും അത്തരത്തിൽ വിഘാതം കൽപിക്കുകയാണെങ്കിൽ അത് അന്തിമ വിശകലനത്തിൽ വിലപ്പോവുകയുമില്ലെന്നും ടി. പത്മനാഭൻ ചൂണ്ടിക്കാട്ടി. 'മാധ്യമം' ആഴ്ചപ്പതിപ്പിന്‍റെ രജതജൂബിലി പ്രഖ്യാപന സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ജനങ്ങൾ വളരെ ശ്രദ്ധാപൂർവവും സഹാനുഭൂതിയോടെയുമാണ് മീഡിയവണിന്‍റെ വിലക്ക് ശ്രദ്ധിച്ചത്. ഒരാൾ കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ എന്ത് കുറ്റമാണ് ചെയ്തതെന്ന് അയാൾ അറിയണം. അയാളുടെ വക്കീൽ അറിയണം. അവനെതിരായ തെറ്റുകളുടെ വിശദവിവരങ്ങൾ അറിയണം. വിധി പറയുമ്പോൾ എന്തെങ്കിലും പയാനുണ്ടോ എന്ന് കോടതി ചോദിക്കാറുണ്ട്. ഇതൊക്കെ നാട്ടിലുള്ള പൊതുരീതികളാണെന്നും ടി. പത്മനാഭൻ പറഞ്ഞു.
അടുത്ത കാലത്തായി പുതിയ ഒരു രീതി വന്നിട്ടുണ്ട്. ഭരണാധികാരികൾക്ക് ഒരു വ്യക്തിയോടോ സ്ഥാപനത്തോടോ അനിഷ്ടം സംഭവിച്ചാൽ അവരെ കാരണമൊന്നും കാണിക്കാതെ തന്നെ കുറ്റം ചുമത്തി ജയിലിലിടുവെന്നും ടി. പത്മനാഭൻ ചൂണ്ടിക്കാട്ടി. മനുഷ്യനായി ജനിച്ചത് കൊണ്ട് മാത്രം ഒരാൾ മനുഷ്യനാകുന്നില്ലെന്നും പത്മനാഭൻ കൂട്ടിച്ചേർത്തു.
മാധ്യമം ആഴ്ചപ്പതിപ്പ് രജത ജൂബിലി പ്രഖ്യാപനം 'മാധ്യമം' ചീഫ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ നടത്തി. ജ്ഞാനപീഠം ജേതാവ് ദാമോദർ മൗജോ പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ആഴ്ചപ്പതിപ്പ് വെബ്മാഗസിൻ പ്രകാശനം എഴുത്തുകാരൻ സഈദ് നഖ്വി നിർവഹിച്ചു.
'മാധ്യമം' ബുക്സ് പ്രസിദ്ധീകരിക്കുന്ന മൗജോയുടെ കഥാസമാഹാരത്തിന്റെ പ്രകാശനവും നടന്നു. രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ സാഹിത്യ മത്സര വിജയികളെ വേദിയിൽ പ്രഖ്യാപിച്ചു.
സമ്മേളനത്തിൽ സി. രാധാകൃഷ്ണൻ, കെ.ഇ.എൻ കുഞ്ഞഹമ്മദ്, വി.കെ. ഹംസ അബ്ബാസ്, ടി.ഡി. രാമകൃഷ്ണൻ, എസ്. ഹരീഷ്, വി.ടി. അബ്ദുല്ലക്കോയ, കെ.കെ. ബാബുരാജ്, രാജേശ്വരി നായർ, വി.എം ഇബ്രാഹീം, ഫ്രാൻസിസ് നൊറോണ, വി.എ. കബീർ, പി.എൻ. ഗോപീകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.