തളിപ്പറമ്പ്: റോഡ് വികസനത്തിന് ലക്ഷങ്ങൾ വിലമതിക്കുന്ന സ്ഥലം സൗജന്യമായി നൽകിയ കുടുംബം കുടിവെള്ളം മുട്ടിയ അവസ്ഥയിൽ. അധികാരികളുടെയും കരാറുകാരുടെയും അനാസ്ഥ കാരണം ദുരിതമനുഭവിക്കുകയാണ് തളിപ്പറമ്പ് ചിറവക്കിലെ അട്ടക്കീൽ കുടുംബം. കിണറ്റിൽ മലിനജലം ഒലിച്ചിറങ്ങുന്നതിനാൽ ഈ മഴക്കാലത്ത് പോലും കുടിവെള്ളത്തിന് അയൽവീടുകളിലെ കിണറുകളെ ആശ്രയിക്കേണ്ട ഗതികേടിലാണ് ഇവർ.
തളിപ്പറമ്പ് - ഇരിട്ടി സംസ്ഥാന പാതയിൽ ഏറ്റവും വീതി കുറഞ്ഞ ഭാഗമായിരുന്നു ചിറവക്ക് മുതൽ കപ്പാലം വരെയുള്ള ഭാഗം. ഇവിടെ ഗതാഗത കുരുക്ക് രൂക്ഷമായപ്പോൾ അതൊഴിവാക്കാൻ റോഡ് വികസിപ്പിച്ചിരുന്നു. അതിനായി അധികാരികൾ രംഗത്തിറങ്ങിയപ്പോൾ മറ്റുള്ളവരെ പോലെ അട്ടക്കിൽ വീട്ടുകാരും ലക്ഷങ്ങൾ വിലമതിക്കുന്ന സ്ഥലം സൗജന്യമായി നൽകി.
എന്നാൽ, മറ്റുള്ള സ്ഥലത്തെല്ലാം ബുദ്ധിമുട്ടുകൾ ഒഴിവാക്കി പ്രവൃത്തി പൂർത്തിയാക്കിയെങ്കിലും ഇവരുടെ സ്ഥലത്ത് റോഡുപണിയുടെ അവശിഷ്ടങ്ങൾ കൊണ്ടു തള്ളുകയായിരുന്നു. നേരത്തേ മഴക്കാലത്ത് വലിയ തോതിൽ വെള്ളം ഒഴുകി പോകുന്ന ഭാഗമായിരുന്നു ഇത്.
മണ്ണും കോൺക്രീറ്റ് അവശിഷ്ടങ്ങളും ഇവിടെ തള്ളിയതോടെ വെള്ളത്തിന് ഒഴുകി പോകാൻ പറ്റാതായി. ഇതോടെയാണ് ഇവർക്ക് കുടിവെള്ളം പോലും നഷ്ടപ്പെട്ട് ദുരിതത്തിലായത്. 10 വർഷങ്ങൾക്ക് മുമ്പ് രാജരാജേശ്വര ക്ഷേത്രത്തിലേക്കുള്ള റോഡ് നിർമാണത്തിനും ഈ കുടുംബക്കാരുടെ സ്ഥലമാണ് പൂർണമായും എടുത്തിരുന്നതെന്ന് ഇവർ പറയുന്നു.
പുതിയ റോഡിെൻറ ഭാഗത്ത് രാത്രി സമയത്ത് ആളുകൾ വാഹനങ്ങളിലെത്തി അട്ടക്കീൽ കുടുംബക്കാരുടെ സ്ഥലത്തേക്ക് മാലിന്യങ്ങൾ വലിച്ചെറിയുന്നതായും പരാതിയുണ്ട്. മാലിന്യങ്ങൾ മഴ വെള്ളത്തിൽ കലർന്ന് കിണറുകളിലേക്ക് ഒലിച്ചിറങ്ങുന്ന സ്ഥിതിയാണിപ്പോൾ. മാലിന്യ നിക്ഷേപം തടയുന്നതിന് രാജരാജേശ്വര ക്ഷേത്ര റോഡിൽ തെരുവുവിളക്കുകൾ സ്ഥാപിക്കണമെന്നും മഴവെള്ളം ഒഴുകിപ്പോകുന്നതിന് അവശ്യമായ നടപടികൾ സ്വീകരിക്കണമെന്നുമാണ് കുടുംബത്തിെൻറ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.