മലപ്പുറം: താനൂരിൽ പൊലീസ് കസ്റ്റഡിയിൽ യുവാവ് മരിച്ച സംഭവത്തിൽ ആരോപണവിധേയരായ എട്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. സബ് ഇൻസ്പെക്ടർ ഉൾെപ്പടെയുള്ള പൊലീസുകാരെയാണ് അന്വേഷണവിധേയമായി തൃശൂർ റേഞ്ച് ഡി.ഐ.ജി സസ്പെൻഡ് ചെയ്തത്.
താനൂർ സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ കൃഷ്ണലാൽ, പൊലീസുകാരായ കെ. മനോജ്, ശ്രീകുമാർ, ആഷിഷ് സ്റ്റീഫൻ, ജിനേഷ്, അഭിമന്യു, വിപിൻ, ആൽബിൻ അഗസ്റ്റിൻ എന്നിവർക്കെതിരെയാണ് നടപടി. കസ്റ്റഡി മർദനം സ്ഥിരീകരിക്കാവുന്ന തെളിവുകൾ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലൂടെ പുറത്തുവന്നതോടെയാണ് വകുപ്പുതല നടപടി. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പൊലീസിന്റെ വീഴ്ച വ്യക്തമാണ്. യുവാവിന്റെ മരണത്തിൽ പൊലീസിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
സംഭവത്തിൽ ജില്ല ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയുടെ അന്വേഷണത്തോടൊപ്പം സ്പെഷൽ ബ്രാഞ്ച് അന്വേഷണവും നടക്കുന്നുണ്ട്. തൃശൂർ റേഞ്ച് ഡി.ഐ.ജി അജിത ബീഗം ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കേസന്വേഷണ പുരോഗതി വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.