പുണെ: മലപ്പുറം താനൂരിൽനിന്ന് കാണാതാകുകയും മണിക്കൂറുകൾക്ക് ശേഷം മുംബൈ-ചെന്നൈ എഗ്മോർ എക്സ്പ്രസിൽ കണ്ടെത്തുകയും ചെയ്ത രണ്ടു പെൺകുട്ടികളെ പുണെയിലെത്തിച്ചു. ഇവരെ വൈദ്യപരിശോധനക്ക് വിധേയരാക്കും. തുടർന്ന് താത്ക്കാലികമായി ഷെൽട്ടർ ഹോമിലേക്ക് മാറ്റും.
ലോനാവാലയിൽനിന്ന് പുലർച്ചെ റെയിൽവേ പൊലീസാണ് പെൺകുട്ടികളെ കണ്ടെത്തിയത്. തുടർന്ന് ആർ.പി.എഫിന്‍റെ സംരക്ഷണയിലാക്കി. ആദ്യം ഇവർ പൊലീസിനോട് സഹകരിച്ചിരുന്നില്ല. പിന്നീട് ഇവർ ട്രെയിനിൽനിന്ന് ഇറങ്ങാൻ സമ്മതിക്കുകയായിരുന്നു. ഇവരെ തിരിച്ചെത്തിക്കാൻ കേരള പൊലീസ് പുറപ്പെട്ടിട്ടുണ്ട്. രാത്രിയോടെ തിരിച്ചെത്തിക്കാനാകുമെന്നാണ് കരുതുന്നത്.
ബുധനാഴ്ച ഉച്ചക്ക് 12ഓടെ സ്കൂൾ പരിസരത്തുനിന്ന് ഇവരെ കാണാതാകുകയായിരുന്നു. പ്ലസ് വൺ വിദ്യാർഥിനികളായ ഇരുവരും പഠനത്തിൽ സവിശേഷ സഹായം ആവശ്യമുള്ള വിഭാഗത്തിൽപെട്ട കുട്ടികളാണ്. പ്രത്യേക പരീക്ഷ സ്കൂളിൽ നടക്കുന്നതിനിടെ പരീക്ഷക്കായാണ് വീട്ടിൽനിന്നിറങ്ങിയത്. എന്നാൽ, സ്കൂളിലെത്താത്തതിനെതുടർന്ന് സ്കൂൾ അധികൃതർ വീട്ടിൽ അന്വേഷിച്ചപ്പോഴാണ് കാണാനില്ലെന്ന വിവരമറിയുന്നത്. തുടർന്ന് വ്യാപക തിരിച്ചിൽ ആരംഭിച്ചു. റെയിൽവേ സ്റ്റേഷനിൽ പെൺകുട്ടികൾ നിൽക്കുന്ന ദൃശ്യങ്ങൾ ലഭിച്ചു. യുവാവിനൊപ്പം ട്രെയിനിൽ മുംബൈയിലേക്കാണ് പോയതെന്ന് വ്യക്തമായി.
തിരച്ചിൽ പുരോഗമിക്കുന്നതിനിടെ വ്യാഴാഴ്ച വൈകുന്നേരം മുംബെയിലെ മലയാളി നടത്തുന്ന ബ്യൂട്ടിപാർലറിൽ ഇവരെത്തിയ ദൃശ്യങ്ങൾ പുറത്തുവന്നു. മുംബൈ പൊലീസ് സ്ഥലത്തെത്തിയെങ്കിലും പെൺകുട്ടികൾ ഇവിടെനിന്നും പോയിരുന്നു. ഇന്ന് പുലർച്ചെ 1.45ഓടെ ലോനാവാലയിൽവെച്ച് ട്രെയിനിൽ കണ്ടെത്തുകയായിരുന്നു.
മൊബൈൽ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ തെരച്ചിലാണ് നിർണായകമായത്. എടവണ്ണ സ്വദേശിയായ റഹിം അശ്ലം എന്നയാളുടെ നമ്പറിലേക്ക് പെൺകുട്ടികൾ വിളിച്ചത് നിർണായകമായി. പെൺകുട്ടികളെ ഇയാൾ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ടെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.