കൊച്ചി: വാറ്റ് നിയമപ്രകാരമുള്ള മുൻകാലങ്ങളിലെ നികുതി കുടിശ്ശിക ജി.എസ്.ടി നിലവിൽവന്നശേഷവും പിരിച്ചെടുക്കാൻ സർക്കാറിന് കഴിയുമെന്ന് ഹൈകോടതി. സർക്കാറിന് ഇതിന് കഴിയുമെന്ന സിംഗിൾ ബെഞ്ചിന്റെ വിധിക്കെതിരെ വിവിധ വ്യാപാര സ്ഥാപനങ്ങൾ നൽകിയ 500ഓളം അപ്പീലുകൾ തള്ളിയാണ് ജസ്റ്റിസ് എസ്.വി. ഭട്ടി, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ വിധി.
2017ലാണ് ജി.എസ്.ടി നിലവിൽവന്നത്. തുടർന്ന് സംസ്ഥാനങ്ങളിലെ നിയമം ഇതുമായി ഒത്തുപോകുന്നില്ലെങ്കിൽ വ്യക്തത വരുത്തി നടപടിയെടുക്കാൻ ഒരുവർഷം സമയവും അനുവദിച്ചിരുന്നു. ഇതിനുശേഷവും സർക്കാർ വാറ്റ് നിയമപ്രകാരമുള്ള നികുതി കുടിശ്ശികക്ക് നോട്ടീസ് നൽകുന്നത് നിയമപരമല്ലെന്നായിരുന്നു വ്യാപാരികളുടെ വാദം.
നേരത്തേ ഹരജിയിലും ഇതേ വാദം തന്നെയാണ് ഉന്നയിച്ചിരുന്നത്. എന്നാൽ, സർക്കാറിന് ഈ ബാധ്യത ഈടാക്കാനുള്ള അവകാശം ഇല്ലാതാവുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഡിവിഷൻബെഞ്ച് അപ്പീലുകൾ തള്ളുകയായിരുന്നു. ജി.എസ്.ടി നിലവിൽവന്നശേഷം വാറ്റ് പ്രകാരമുള്ള നികുതി കുടിശ്ശിക ഈടാക്കാൻ സർക്കാർ നോട്ടീസ് നൽകിയതിനെതിരെയാണ് വ്യാപാരികൾ ഹൈകോടതിയെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.