തിരുവല്ല: നീങ്ങിത്തുടങ്ങിയ ട്രെയിനിൽ നിന്നും പ്ലാറ്റ് ഫോമിലേക്ക് തലയടിച്ചു വീണ് ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനിയായ അധ്യാപിക മരിച്ചു. വർക്കല ജി.എച്ച്.എസ് അധ്യാപിക കോട്ടയം മേലുകാവ് എഴുയിനിക്കൽ വീട്ടിൽ ജിൻസി ജോൺ (37) ആണ് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയോടെ മരിച്ചത്. സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കളും ട്രെയിൻ യാത്രക്കാരുടെ കൂട്ടായ്മയും രംഗത്തെത്തിയിട്ടുണ്ട്.
തിരുവല്ല റെയിൽവേ സ്റ്റേഷനിൽ തിങ്കളാഴ്ച വൈകീട്ട് ഏഴു മണിയോടെ ആയിരുന്നു സംഭവം. നാഗർകോവിലിൽ നിന്നും കോട്ടയത്തേക്ക് പോവുകയായിരുന്ന ട്രെയിനിലെ യാത്രക്കാരിയായിരുന്നു ജിൻസി. സ്റ്റേഷനിൽ നിന്നും ട്രെയിൻ വിട്ടതിന് പിന്നാലെ പ്ലാറ്റ് ഫോമിലേക്ക് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി പ്ലാറ്റ് ഫോമിലേക്ക് വീെണന്നാണ് പൊലീസ് പറയുന്നത്.
എന്നാൽ, കോട്ടയം ഇറങ്ങേണ്ട ഇവർ തിരുവല്ല സ്റ്റേഷനിൽ ട്രെയിൻ നല്ല സ്പീഡ് ആയതിനു ശേഷം വീണത് ദുരൂഹമാണെന്ന് ബന്ധുക്കൾ ചൂണ്ടിക്കാട്ടുന്നു. അതിനിടെ, തിരുവല്ല സ്റ്റേഷനിൽനിന്ന് ട്രെയിൻ നീങ്ങിയപ്പോൾ ഓരാൾ ലേഡീസ് കമ്പാർട്ട്മെൻറിൽ ഓടി കയറുന്നത് കണ്ടതായി ചിലർ പറയുന്നതായി ഫ്രണ്ട്സ് ഓൺ റെയിൽ എന്ന കൂട്ടായ്മ ചൂണ്ടിക്കാട്ടി. അസ്വാഭാവിക മരണത്തിന് റെയിൽവേ പൊലീസ് കേസെടുത്തിട്ടുണ്ട്.
വീഴുന്നതിന് കുറച്ചു മുൻപ് വരെ ബന്ധുക്കളുമായി ടീച്ചർ സംസാരിച്ചിരുന്നുവത്രെ. സി.സി.ടി.വി ദൃശ്യം പരിശോധിച്ചപ്പോൾ ട്രെയിൻ നല്ല സ്പീഡ് ആയ ശേഷം തിരുവല്ല പ്ലാറ്റ്ഫോം തീരുന്ന ഭാഗത്താണ് യാത്രക്കാരി വീഴുന്നതായി കാണുന്നതെന്നും ഫ്രണ്ട്സ് ഓൺ റെയിൽ പറയുന്നു. ഈ കാര്യത്തിൽ വിശദമായ അന്വേഷണം റെയിൽവേയുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും ഇവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.