ശബരിമല: തിരുവാഭരണങ്ങൾ ചാർത്തി ദീപാരാധന. തുടർന്ന്, പൊന്നമ്പല മേട്ടിൽ മൂന്നു വട്ടം ജ്യോതി തെളിഞ്ഞു. ഭക്തജനങ്ങൾക്ക് ആനന്ദ നിമിഷം. ശരണമന്ത്രങ്ങളാൽ മുഖരിതമായി ശബരിമല. മകരജ്യോതി തെളിഞ്ഞതോടെ കൈകൂപ്പി നിന്ന ഭക്തജന സാഗരം മനം നിറഞ്ഞ് ശരണാരവം മുഴക്കി. അയ്യപ്പന് ചാര്‍ത്താനുള്ള തിരുവാഭരണങ്ങളുടെ വരവ് മകര സംക്രമ സന്ധ്യയ്ക്കായി കാത്തിരുന്ന ഭക്തര്‍ക്ക് മറ്റൊരു സുകൃത ദര്‍ശനമായി. തിങ്കളാഴ്ച വൈകിട്ട് നാലരയോടെ വലിയാനവട്ടത്ത് നിന്നും പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര നീലിമല വഴി 5.45ന് ശരംകുത്തിയില്‍ എത്തി. കൊടിമരച്ചുവട്ടില്‍ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, മെമ്പര്‍മാരായ അഡ്വ. എ. അജികുമാര്‍, ജി. സുന്ദരേശന്‍
തുടങ്ങിയവര്‍ ചേര്‍ന്ന് തിരുവാഭരണ പേടകങ്ങളെ സോപാനത്തേക്ക് സ്വീകരിച്ചു. ശ്രീകോവിലിന് മുമ്പിൽ എത്തിയ പേടകങ്ങൾ തന്ത്രി കണ്ഠരര് മഹേഷ് മോഹനർ, മേല്‍ശാന്തി പി.എന്‍. മഹേഷ് നമ്പൂതിരി എന്നിവർ ചേര്‍ന്ന് ഏറ്റുവാങ്ങി ശ്രീകോവിലിന് ഉള്ളിലേക്ക് കൊണ്ടുപോയി. 6.45ന് തിരുവാഭരണം ചാര്‍ത്തി അയ്യന് ദീപാരാധന നടന്നു. തുടർന്ന് പൊന്നമ്പലമേട്ടില്‍ 6.51 ന് തെളിഞ്ഞ മകരജ്യോതി നിമിഷങ്ങളുടെ ഇടവേളകള്‍ക്കു ശേഷം രണ്ട് തവണ കൂടി തെളിഞ്ഞണഞ്ഞു. ഈ സമയം സന്നിധാനവും, പമ്പയും ജ്യോതി ദര്‍ശനം സാധ്യമാകുന്ന ഇടങ്ങളിൽ എല്ലാം തന്നെ തടിച്ചുകൂടിയ ഭക്തജനങ്ങൾ ശരണമന്ത്രങ്ങളോടെയാണ് മകരജ്യോതിയെ വരവേറ്റത്. തുടർന്ന് സന്നിധാനത്തിെൻറ വിവിധ ഭാഗങ്ങളിലും പമ്പയിലുമായി കാത്തിരുന്ന പതിനായിരക്കണക്കിന് ഭക്തർ തിരുവാഭരണ വിഭൂഷിതനായ അയ്യപ്പനെ മനം നിറയെ കണ്ടുതൊഴുത് പ്രസാദങ്ങളും വാങ്ങി മലയിറങ്ങി. രാത്രി 11ന് ഹരിവരാസനം പാടി നടയടക്കും.
തിരുവാഭരണം ചാർത്തി 18 ാം തീയതി വരെ അയ്യപ്പനെ ദർശിക്കാം. 19 വരെയാണ് നെയ്യഭിഷേകം. 19 ന് മണിമണ്ഡപത്തിൽനിന്നു ശരംകുത്തിയിലേക്കുള്ള എഴുന്നള്ളത്ത് നടക്കും. 20 ന് രാത്രി 10 ന് മാളികപ്പുറത്ത് വലിയ ഗുരുതി. 20 ന് രാത്രി നട അടക്കും വരെ ദർശനമുണ്ടാകും. 21ന് പുലർച്ചെയാണ് തിരുവാഭരണ പേടകം പന്തളത്തേക്കുള്ള മടക്കയാത്ര തുടങ്ങുന്നത്. പേടകത്തെ യാത്രയാക്കിയ ശേഷം അയ്യപ്പ വിഗ്രഹത്തിൽ ഭസ്മാഭിഷേകം നടത്തി യോഗദണ്ഡും രുദ്രാക്ഷമാലയും ധരിപ്പിച്ച് നട അടക്കും. അതോടെ ഭഗവാൻ യോഗനിദ്രയിലാകുന്നുവെന്നാണ് ഭക്തരുടെ വിശ്വാസം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.