ആലപ്പുഴ: നെൽപാടങ്ങളുടെ നാടാണ് തകഴി. പാടവരമ്പുകളിലെ ഇത്തിരിപ്പൊക്കമുള്ള പ്രദേശത്താണ് നാട്ടുകാരുടെ വാസം. പമ്പയാറാണ് തകഴിയുടെ ജീവരക്തം. വിശാലമായ നെൽപാടങ്ങളിലെ നെല്ലിന്റെ പച്ചപ്പും വിരിഞ്ഞ് തലയുയർത്തി നിൽക്കുന്ന ആമ്പൽ പൂക്കളും പമ്പയാറ്റിൽ നീന്തിത്തുടിക്കുന്ന മീനുകളും വഞ്ചികളും ബോട്ടുകളുമെല്ലാം ചേർന്നതാണ് തകഴിയുടെ അഴക്. തിരുവല്ല - അമ്പലപ്പുഴ റോഡാണ് തകഴിയിലെ ഏക പ്രധാന റോഡ്. ബാക്കിയുള്ള വഴികളെല്ലാം വെറും ഇടവഴികളെന്നേ പറയാനാകൂ. ഈ ഇടവഴികളാണ് തകഴിയെ ഇന്നും ഗ്രാമത്തനിമയിൽ നിലനിർത്തുന്നത്. അവയിലൂടെ പാടങ്ങളെ തഴുകിയെത്തുന്ന കാറ്റുമേറ്റ് സഞ്ചരിച്ചാൽ ജീവിത ടെൻഷൻ എത്രയുള്ളവരായാലും അതെല്ലാം മറക്കും. തദ്ദേശവാസികളിൽ ഭൂരിഭാഗവും കർഷകരോ കർഷകത്തൊഴിലാളികളോ ആണ്.
കായംകുളം-എറണാകുളം റെയിൽപാത തകഴിയെ രണ്ടായി പകുത്തുമാറ്റുന്നുണ്ട്. ഈ പാതയിലൂടെ കൂകിപ്പായുന്ന തീവണ്ടികളുടെ ഒച്ചയാണ് തകഴിയിലെ ഏറ്റവും വലിയ ശബ്ദമെന്ന് പറയാം. കുട്ടനാട്ടിലെ ഏക റെയിൽവേ സ്റ്റേഷൻ തകഴിയിലാണ്.
തകഴിയെന്നു പറഞ്ഞാൽ തകഴിക്ക് പുറത്തുള്ളവർക്ക് അത് തകഴി ശിവശങ്കരപ്പിള്ള എന്ന ജനപ്രിയ എഴുത്തുകാരനാണ്. ജന്മനാടിന്റെ പേരിലാണ് അദ്ദേഹം പ്രസിദ്ധനായത്. ചരിത്രത്തിൽ ഏറെ തഴക്കവും പഴക്കവുമുള്ള നാടാണ് തകഴി. കുട്ടനാട് കേന്ദ്രമാക്കി ഭരണം നടത്തിയിരുന്ന ബുദ്ധമതാനുയായികളായിരുന്ന ആദിചേരന്മാരുടെ കാലം തൊട്ടേ തകഴി പ്രസിദ്ധമാണ്. ബി.സി മൂന്നും രണ്ടും നൂറ്റാണ്ടുകൾ നീളുന്നതാണ് തകഴിയുടെ ചരിത്രപ്പെരുമ. അന്നും ഇന്നും നെല്ല് തന്നെ തകഴിയുടെ പൊന്ന്. ഇന്നും നെല്ല് വിതച്ചാൽ പൊന്നുവിളയുന്ന വളക്കൂറാണ് തകഴിയിലെ കരിനിലങ്ങളുടേത്.
1894ൽ അന്നത്തെ തിരുവിതാംകൂർ രാജാവ് ശ്രീമൂലം തിരുനാൾ രാമവർമയുടെ കാലത്താണ് കരിനിലങ്ങളിൽ സംഘടിതമായി കൃഷിയിറക്കാൻ തുടങ്ങിയത്.
1974ൽ കരിനിലം പ്രത്യേക മേഖലയായി പ്രഖ്യാപിച്ചു. വെള്ളപ്പൊക്കം, വരൾച്ച, ഓരുവെള്ളം കയറൽ, കീടബാധ എന്നിവയൊക്കെ തകഴിയിലെ കൃഷിയെ ഇടക്കൊക്കെ താറുമാറാക്കാറുണ്ട്. അതിനെയെല്ലാം അതിജീവിച്ച് പിന്നെയും തകഴിക്കാർ പാടത്ത് വിത്തെറിയും. അവ വളർന്ന് പിന്നെയും ഈ നാടിനെ പച്ചയണിയിക്കും. നെല്ലുവിളയുമ്പോൾ സ്വർണഛായ നിറയും. 11 ാം നൂറ്റാണ്ടിൽ രൂപം കൊണ്ട ചെമ്പകശ്ശേരി രാജവംശത്തിന്റെയും പിന്നീട് തിരുവിതാംകൂറിന്റെയും അധീനതയിലായിരുന്ന പ്രദേശമാണ് തകഴി. കുഞ്ചൻ നമ്പ്യാരെയും തുള്ളൽ കലയെയും ചേർത്ത് പിടിച്ച ചരിത്രവും ഈ നാടിനുണ്ട്. ചെമ്പകശ്ശേരി രാജാവ് ചാക്യാന്മാരുടെ പരാതിയിൻമേൽ കുഞ്ചൻ നമ്പ്യാർക്കും തുള്ളൽകലയ്ക്കും അമ്പലപ്പുഴയിൽ വിലക്കേർപ്പെടുത്തിയപ്പോൾ നമ്പ്യാർക്ക് തകഴിയിലാണ് അരങ്ങു ലഭിച്ചത്. നെൽപാടങ്ങൾ കഴിഞ്ഞാൽ തകഴിയിലെ പ്രധാന ആകർഷണം തകഴി ശിവശങ്കരപ്പിള്ളയെന്ന ജ്ഞാനപീഠ ജേതാവായ എഴുത്തുകാരന്റെ ഭവനമാണ്.
തകഴി ശിവശങ്കരപ്പിള്ളയുടെ സ്മാരകമായി മാറിയ ഈ വീട് തിരുവല്ല-അമ്പലപ്പുഴ റോഡിൽ തകഴി റെയിൽവേ ലെവൽ ക്രോസിനോട് ചേർന്ന് നിൽകുന്നു. ഇവിടെ മേൽപാലം നിർമാണത്തിന് അനുമതിയായതോടെ തകഴി സ്മാരകത്തിന്റെ സ്ഥിതി എന്താകുമെന്ന ആശങ്കയിലാണ് നാട്ടുകാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.