കണ്ണൂർ: തലശ്ശേരിയിലെ ഇരട്ടക്കൊലപാതകത്തിൽ മൂന്നുപേർ പൊലീസ് കസ്റ്റഡിയിൽ. തലശ്ശേരി നെട്ടൂർ സ്വദേശികളായ ജാക്സൺ, ഫർഹാൻ, നവീൻ എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. മറ്റൊരു പ്രതി പാറായി ബാബുവിനായി തെരച്ചിൽ തുടരുകയാണ്. ബാബുവും ജാക്സണുമാണ് കുത്തിയതെന്ന് ഖാലിദിന്റെ മരണ മൊഴിയിൽ പറഞ്ഞിരുന്നു.
കൊടുവള്ളി ദേശീയപാതക്കരികിൽ ബുധനാഴ്ച വൈകീട്ട് നാലോടെയായിരുന്നു സംഭവം. സി.പി.എം പ്രവർത്തകരായ നെട്ടൂർ ഇല്ലിക്കുന്ന് ത്രിവർണ ഹൗസിൽ കെ. ഖാലിദ് (52), സഹോദരീ ഭർത്താവ് പൂവനാഴി ഷമീർ (40) എന്നിവരാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ സുഹൃത്ത് നെട്ടൂർ സാറാസിൽ ഷാനിബ് (29) തലശ്ശേരി സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്.
ലഹരി വിൽപന ചോദ്യം ചെയ്തതിന്, കൊല്ലപ്പെട്ട ഷമീറിന്റെ മകൻ ഷബീലിനെ (20) ബുധനാഴ്ച ഉച്ചക്ക് ഇല്ലിക്കുന്ന് ചിറക്കക്കാവിനടുത്ത് ഒരു സംഘം മർദിച്ചിരുന്നു. ഷബീലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിവരം അറിഞ്ഞ് ലഹരി വിൽപന സംഘാംഗങ്ങൾ എത്തുകയും അനുരഞ്ജനത്തിനെന്ന വ്യാജേനെ വിളിച്ചിറക്കി ഇരുവരെയും ആക്രമിക്കുകയുമായിരുന്നു. ലഹരി വിൽപന ചോദ്യം ചെയ്തതും വാഹന വിൽപനയുമായി ബന്ധപ്പെട്ട തർക്കവുമാണ് സംഘർഷത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.