തിരുവനന്തപുരം: ആന്തോളജി ചിത്രം ‘മനോരഥങ്ങളു’ടെ ട്രെയ്‍ലര്‍ ലോഞ്ച് വേദിയിലെ വിവാദവുമായി ബന്ധപ്പെട്ട് ആസിഫ് അലിയുടെ പ്രതികരണത്തിന് പിന്നാലെ നന്ദി പറഞ്ഞ് രമേശ് നാരായണ്‍. തന്‍റെ മനസ്സ് മനസ്സിലാക്കിയ ആസിഫ് അലിയോട് ഏറെ നന്ദിയുണ്ടെന്ന് പറഞ്ഞ രമേശ്, തനിക്കും കുടുംബത്തിനുമെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തെക്കുറിച്ചും പ്രതിപാദിച്ചു.
‘ഞാന്‍ മെസേജ് അയച്ചതുപ്രകാരം ആസിഫ് അലി ഫോണിൽ വിളിച്ചു, സംസാരിച്ചു. എന്‍റെ സാഹചര്യം ആസിഫിന്‍റെയടുത്ത് പറഞ്ഞു. നമുക്ക് ഒരുമിച്ച് കാണണമെന്നും കൊച്ചിയിലേക്ക് വരാമെന്നും പറഞ്ഞു. വേണ്ട സാര്‍, ഞാന്‍ അങ്ങോട്ട് വരാമെന്നാണ് ആസിഫ് പറഞ്ഞത്. അതു വേണ്ട ഞാന്‍ അങ്ങോട്ട് വരാമെന്നുതന്നെ പറഞ്ഞു. ഒരുമിച്ച് ഇരിക്കണം, സംസാരിക്കണം, കാപ്പി കുടിക്കണമെന്ന് പറഞ്ഞു നിര്‍ത്തി. എന്‍റെ മാനസികാവസ്ഥ മനസ്സിലാക്കിയതില്‍ എനിക്ക് നന്ദിയുണ്ട്. ആസിഫിന്‍റെ മഹത്ത്വമാണത്. ഞാന്‍ പറഞ്ഞല്ലോ, അത് അവിടെവെച്ച് സംഭവിച്ചുപോയതാണ്. എനിക്ക് മാത്രമല്ല, മക്കള്‍ക്കെതിരെയും സൈബര്‍ അറ്റാക്കുണ്ട്. അവര്‍ രണ്ടുപേരും പാട്ടുകാരാണ്. ഫീല്‍ഡില്‍ ഉള്ളവരാണ്. അതൊക്കെ ഒന്ന് നിര്‍ത്തിത്തന്നാല്‍ വലിയ ഉപകാരം. അത്രേ എനിക്ക് പറയാനുള്ളൂ. സൈബര്‍ ആക്രമണം നേരിടുന്നത് ആദ്യമായാണ്. ഞാന്‍ ബഹുമാനം കാണിച്ചിട്ടില്ലെന്ന് ആളുകള്‍ പറയുന്നു. പക്ഷേ, അങ്ങനെ ഞാന്‍ ഒരിക്കലും ചെയ്തിട്ടില്ല’ രമേശ് നാരായൺ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.