മലപ്പുറം: മുസ്‍ലിം ലീഗിന്റെ ഫലസ്തീൻ ഐക്യദാർഢ്യ മഹാറാലിയിൽ ശശി തരൂരിനെ പങ്കെടുപ്പിച്ചത് അന്താരാഷ്ട്രതലത്തിൽ ഫലസ്തീന് അനുകൂലമായ പൊതുജനാഭിപ്രായം രൂപവത്കരിക്കാനാണെന്ന് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി.
ഫലസ്തീന് അനുകൂലമായി അന്താരാഷ്ട്രതലത്തിൽ പൊതുജനാഭിപ്രായം രൂപപ്പെടുന്നുണ്ട്. ഇത് ഇസ്രായേലിനെ അന്ധമായി പിന്തുണക്കുന്ന രാഷ്ട്രങ്ങൾക്ക് പ്രതിസന്ധിയാവുകയും ചെയ്യുന്നു. ഇത്തരത്തിൽ ഫലസ്തീന് അനുകൂലമായ പൊതുജനാഭിപ്രായം സൃഷ്ടിക്കുകയായിരുന്നു മുസ്‍ലിം ലീഗ് റാലിയുടേയും ലക്ഷ്യം. അതിൽ ലീഗ് പൂർണമായും വിജയിച്ചിട്ടുണ്ട്. അന്താരാഷ്ട്ര മാധ്യമങ്ങൾ വരെ ലീഗിന്റെ റാലി വാർത്തയാക്കിയെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.
ലീഗിന്റെ റാലിയിൽ പ്രാദേശിക രാഷ്ട്രീയം കലർത്തരുത്. നേതാക്കളുടെ പ്രസംഗങ്ങൾ ആരും വക്രീകരിക്കാൻ നോക്കണ്ട. ഫലസ്തീനൊപ്പമാണെന്നാണ് നേതാക്കൾ ഇന്നലെ നടന്ന റാലിയിൽ ഒറ്റക്കെട്ടായി പറഞ്ഞത്. തങ്ങളുടെ റാലിയിലെ കുറ്റവും കുറവും കണ്ടെത്താൻ നിൽക്കുന്നവർ ഫലസ്തീന് പിന്തുണയുമായി റാലി നടത്തട്ടെയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അതേസമയം, വിവാദ പ്രസംഗത്തിൽ വിശദീകരണവുമായി ശശി തരൂർ എം.പി രംഗത്തെത്തി. ഇസ്രായേ ൽ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ലെന്നും താൻ ഫലസ്തീൻ ജനതക്കൊപ്പമാണെന്നും തരൂർ പറഞ്ഞു.ഇസ്രായേൽ അനുകൂല പ്രസംഗമാണ് താൻ നടത്തിയതെന്ന് കേട്ട ആരും വിശ്വസിക്കില്ല. പ്രസംഗത്തിലെ ഒരു വാചകം അടർത്തി മാറ്റി ആരോപണം ഉന്നയിക്കുന്നതിനെ കുറിച്ച് ഒന്നും പറയാനില്ലെന്നും ശശി തരൂർ വിഡിയോ സന്ദേശത്തിൽ വ്യക്തമാക്കി.
കോഴിക്കോട് കടപ്പുറത്ത് മുസ്‍ലിം ലീഗ് സംഘടിപ്പിച്ച ഫലസ്തീൻ ഐക്യദാർഢ്യ മനുഷ്യാവകാശ റാലിയിൽ മുഖ്യപ്രഭാഷണം നടത്തവെയാണ് പ്രതിഷേധത്തിന് വഴിവെച്ച പരാമർശം ശശി തരൂർ നടത്തിയത്. ഹമാസ് ഭീകരവാദികൾ ഇസ്രായേലിൽ ആക്രമണം നടത്തിയെന്നായിരുന്നു തരൂരിന്‍റെ പരാമർശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.